ജാതി ചോദിക്കരുതോ? പറയരുതോ?

ജാതിയുടെ ചരിത്രം അന്വേഷിച്ചുപോയാല്‍ നാം ചെന്നെത്തുന്ന ഒരു തലമുണ്ട്. അതുകൊണ്ടുതന്നെ കരുതിക്കൂട്ടിയ ഗൂഢാലോചനയിലൂടെ കേരളസമൂഹത്തിലെ പണ്ഡിതന്മാരും ബുദ്ധിജീവികളും സത്യം തുറന്നു പറയാറില്ല. സത്യം തുറന്നുപറയാന്‍ വിമുഖതയുള്ള ഒരു സമൂഹം കൂടുതല്‍ ജീര്‍ണിക്കുകയേയുള്ളൂ. കേരളത്തില്‍ 27 ശതമാനം ജനസംഖ്യയുള്ള ഈഴവരുടെ എസ്.എന്‍.ഡി.പി. ഒരു ജാതിസംഘടനയല്ലേ? മൂവായിരത്തിലധികം ശാഖകളുള്ള പുലയരുടെ ജാതിസംഘടനയല്ലേ കെ.പി.എം.എസ്? നൂറ്റിമൂന്നു ജാതികള്‍ ഉള്‍ക്കൊള്ളുന്ന പട്ടികജാതി- പട്ടികവര്‍ഗത്തില്‍പ്പെട്ട ഓരോ ജാതിക്കുമുള്ള സംഘടനകള്‍ ജാതിസംഘടനകള്‍ അല്ലേ? ഇരുനൂറിലധികം വരുന്ന ഒ.ബി.സി. വിഭാഗത്തില്‍ ഓരോ ജാതിക്കും വിശ്വകര്‍മരില്‍പ്പെട്ട അഞ്ചുജാതികള്‍ ഉള്‍പ്പെടുന്നവരുടെ സംഘടനയും ജാതിസംഘടനയല്ലേ? കമ്മ്യൂണിസ്റായിരുന്ന ഇ.എം.എസിനുപോലും നമ്പൂതിരി അല്ലാതാവാന്‍ കഴിഞ്ഞോ? 10 ശമാനമുള്ള എന്‍.എസ്.എസ്. ഒരു ജാതീയ സംഘടനയല്ലേ?
ഒരുപക്ഷേ, കേരളത്തിലെ ഈഴവജാതിയില്‍പ്പെട്ടവരുടെ ചിന്ത ഇപ്രകാരമായിരിക്കും. അവര്‍ നായര്‍ ജാതിക്കു കീഴെയാണെങ്കിലും പട്ടികജാതികളില്‍പ്പെട്ട ജാതികളുടെ മുകളിലാണ്. പട്ടികജാതികളില്‍പ്പെട്ടവരുടെ താഴെ ഒരു ജാതിയും ഇല്ലാത്തതിനാല്‍ അവര്‍ എല്ലാവരാലും വെറുക്കപ്പെട്ടവരും അധിക്ഷേപിക്കപ്പെട്ടവരും അപമാനിതരും ആകുന്നു. ഇത് ഇന്ത്യന്‍ സമൂഹത്തില്‍ ആരോഹണക്രമത്തിലുള്ള മാന്യതയും അവരോഹണക്രമത്തിലുള്ള അപമാനവുമാണു വ്യക്തമാക്കുന്നത്. 'ജാതിസ്വത്വം' ഒരു യാഥാര്‍ഥ്യമാണ്. അതിനെ നിഷേധിക്കാനോ അതിനെതിരേ കണ്ണടയ്ക്കാനോ ശ്രമിക്കുന്നതു ശുദ്ധ കാപട്യമാണ്, വഞ്ചനയാണ്. വര്‍ഗസമരസിദ്ധാന്തത്തിന് ഒരിക്കലും  ജാതിയെ  ഇല്ലാതാക്കാനാവില്ല. കാള്‍ മാര്‍ക്സിനു പോലും ഇന്ത്യയിലെ ജാതിയെ ഒരിക്കലും നശിപ്പിക്കാനായില്ല എന്നു നാം തിരിച്ചറിയണം.

കെ.പി.എം.എസിന്റെ സംസ്ഥാന പ്രസിഡന്റ് ടി.വി. ബാബുവിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക: "ഹൈന്ദവര്‍ ചൂഷണം ചെയ്തു വലിച്ചെറിഞ്ഞു ചണ്ടികളാക്കിയവരാണു പട്ടികജാതിക്കാര്‍. ജാതി തങ്ങളുടെ ആത്മാഭിമാനത്തിന്റെ ഒരു ആഭരണമാക്കി പ്രദര്‍ശിപ്പിക്കുന്നതുപോലെ ഓരോ പട്ടികജാതിക്കാരും സ്വന്തം ജാതിയെ അഭിമാനകരമായി സ്ഥാപിച്ചു മുന്നേറണം. സവര്‍ണന്‍ മേല്‍ജാതിമേധാവിത്വം പുലര്‍ത്തുന്നപോലെ അവര്‍ ഞാന്‍ സ്വയം കീഴ്ജാതിയായി അധപ്പതിച്ചുനില്‍ക്കുന്നതു നമ്മുടെ  ദേശീയോദ്ഗ്രഥനത്തിനു വിലങ്ങുതടിയാണ്'' (പട്ടികജാതിക്കാര്‍ സ്വന്തം ജാതിയെ ഒരു ആഭരണമാക്കണം. മാധ്യമം, 22-5-2011).
'ജാതിസ്വത്വം' ശക്തിപ്പെടുത്തുക

ഒരു കാലഘട്ടത്തില്‍ ജാതിയെ നശിപ്പിക്കണമെന്നു വാദിച്ചു സമര്‍ഥിച്ച ഡോ. അംബേദ്കര്‍ അവര്‍ണര്‍ക്കു നല്‍കിയ അന്ത്യസന്ദേശം നേരെ മറിച്ചായിരുന്നു. കാരണം, സവര്‍ണര്‍ക്ക്് അവരുടെ ജാതി അപമാനകരമല്ലാത്തതുകൊണ്ട് അവര്‍ അതിനെ നശിപ്പിക്കാന്‍ ഒരിക്കലും തയ്യാറാവുകയില്ല. കാരണം, അധികാരവും പദവികളും സമ്പത്തും ഭൂമിയും എല്ലാം സവര്‍ണര്‍ കൈക്കലാക്കിയതു തങ്ങളുടെ ജാതിയെ മഹത്ത്വവല്‍ക്കരിച്ച് അതിനെ ശാക്തീകരിച്ചതിലൂടെയായിരുന്നു. അവര്‍ തങ്ങളുടെ ജാതിസ്വത്വത്തിലൂടെ എല്ലാം വെട്ടിപ്പിടിച്ചു സ്വന്തമാക്കിയശേഷം അവരില്‍പ്പെടാത്ത അവര്‍ണരോട് അവരുടെ ജാതിയെയും അതിന്റെ മഹത്ത്വത്തെയും മറന്നേക്കാനാവശ്യപ്പെടുകയാണിന്ന്. ഈ കെണിയില്‍ കുടുങ്ങിപ്പോയ അവര്‍ണ കമ്മ്യൂണിസ്റ്റ് അടിമകള്‍ ജാതിയില്‍ എന്തോ കുഴപ്പം ഉണ്െടന്നു കരുതുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ഈ വൈരുധ്യാത്മക വ്യാജ ധാര്‍മികരോഷമാണു മുട്ടുചിറ സംഭവത്തില്‍ പ്രകടമായത്.
'ജാതിനിര്‍മൂലന'ത്തെപ്പറ്റി ലോകത്തേറ്റവും ശക്തമായ പ്രബന്ധം 1935ല്‍ രചിച്ച ഡോ. അംബേദ്കര്‍ ഹിന്ദുക്കളല്ലാത്ത  അവര്‍ണരോടാവശ്യപ്പെട്ടതിപ്രകാരമായിരുന്നു: "ഉപജാതി സ്വത്വങ്ങള്‍ ഇല്ലാതായി എന്നു കരുതുക. അങ്ങനെ വന്നാല്‍, മേല്‍ജാതിക്കാരും തങ്ങളുടെ ജാതിസ്വത്വത്തെ തള്ളിക്കളയും എന്നതിന് എന്താണുറപ്പ്? മറിച്ച്, അവര്‍ കൂടുതല്‍ ഉപദ്രവകാരികളാവുകയും ചെയ്യും. അതുകൊണ്ടു ജാതിനശീകരണം  എന്നതു പ്രായോഗികമോ പ്രയോജനപ്രദമോ ആവുകയില്ല. മാത്രമല്ല, അതൊരു പരിഹാരവുമല്ല'' (ഡോ. അംബേദ്കര്‍, എഴുത്തുകളും പ്രസംഗങ്ങളും, വാല്യം 1, 1979 പേജ് 67).

'ജാതി' കൊള്ളരുതാത്ത, ചീഞ്ഞുനാറിയ ഒരു പ്രതിഭാസമാണെന്നാണു നമ്മുടെ നാട്ടിലെ പ്രചാരണം. ഈ പ്രചാരണം കേരളത്തിലെ ജനസംഖ്യയില്‍ ഏതാണ്ടു 40 ശതമാനം വരുന്ന പിന്നാക്ക, ദലിത്, ആദിവാസി, ദലിത് ക്രിസ്ത്യന്‍ സമുദായങ്ങളില്‍പ്പെട്ടവരെ സ്വത്വബോധമില്ലാത്ത വേരറ്റ വൃക്ഷത്തെപ്പോലെയാക്കി വംശനാശത്തിനു വിധേയരാക്കാന്‍വേണ്ടിയാണ് എന്നു തിരിച്ചറിയണം. നമ്മുടെ ഭരണഘടന ഒരിടത്തും ജാതിസ്വത്വത്തെ നിരോധിച്ചിട്ടില്ല. 'ജാതിസ്വത്വം' രേഖപ്പെടുത്താതെ ജനസംഖ്യയുടെ 65 ശതമാനം ദലിത്-ആദിവാസി-പിന്നാക്കജാതിക്കാര്‍ക്കു ഭരണഘടന നല്‍കുന്ന സംവരണം എങ്ങനെ ഉറപ്പാക്കാനാവും? ഇന്ത്യന്‍ ഭരണഘടനയുടെ 17ാം അനുഛേദം അയിത്തത്തെ നിരോധിച്ചു എന്നത് സത്യമാണ്. ഇത് ഇന്ദിരാഗാന്ധി 1976ല്‍ നടത്തിയ ഒരു വഞ്ചനയാണെന്നു നാം തിരിച്ചറിയണം. ജാതിവ്യവസ്ഥയെ നിരോധിക്കാതെ എങ്ങനെ അയിത്തനിര്‍മാര്‍ജനം സാധ്യമാകും എന്നു നാം ചോദിച്ചില്ല. ജാതിവ്യവസ്ഥയെ നിര്‍മാര്‍ജനം ചെയ്യുക എന്നു പറഞ്ഞാല്‍ അതിനര്‍ഥം ഹിന്ദുമതത്തെ നശിപ്പിക്കുക എന്നാണ്. ഒരു വൃക്ഷത്തെ നിറുത്തിക്കൊണ്ട് അതിന്റെ നിഴലിനെ നിയമം മൂലം നിരോധിക്കുന്നതുപോലെയാണു നിയമംമൂലം അയിത്തത്തെ നിരോധിച്ചത്. കേരളത്തിലെ ഈഴവജാതിക്കാര്‍ അവരുടെ ജാതിയെ ഇന്നു ശാക്തീകരിക്കുകയാണ്. ജാതീയമായി ചിന്തിക്കാനും സംസാരിക്കാനും പ്രവര്‍ത്തിക്കാനുമാണ് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

രാജ്യത്തെ ജനസംഖ്യ ജാതിതിരിച്ചു കണക്കെടുക്കുകയാണു വേണ്ടത്. അതിലൂടെ മാത്രമേ ഇന്ത്യയില്‍ യഥാര്‍ഥ ജനാധിപത്യം നടപ്പിലാവൂ. ഇന്ന് ഇന്ത്യയില്‍ നില്‍ക്കുന്നതു മേധാവിത്വ ജാതികളുടെ ആധിപത്യമാണ്. ആ നില മാറണം.
ദലിത് മനശ്ശാസ്ത്രം
മുട്ടുചിറ സെന്റ് ആഗ്നസ് ഇംഗ്ളീഷ് മീഡിയം എല്‍.പി. സ്കൂളില്‍ ഒന്നാം ക്ളാസില്‍ ചേര്‍ന്ന മുഴുവന്‍ കുട്ടികളുടെയും കഴുത്തില്‍ അവരവരുടെ ജാതി പേര്‍ എഴുതിയ ടാഗ് തൂക്കിയിരുന്നു. എന്നാല്‍, ദലിത് കുട്ടികളുടെ മാത്രം ജാതിപ്പേര് എഴുതിയ ടാഗ് തൂക്കി എന്നാണു പ്രചാരണം. ദലിത് കുട്ടികളുടെ കഴുത്തില്‍ അവരുടെ ജാതിപ്പേര് എഴുതിയ ടാഗ് തൂക്കിയത് അവര്‍ക്ക് അപമാനകരമാണെന്നു ദലിതരില്‍പ്പെടാത്തവരും ചില ദലിതരും വാദിച്ചേക്കാം. അത്തരത്തിലൊരു ചോദ്യം ഉയര്‍ന്നുവരാന്‍ കാരണം ദലിതരല്ലാത്തവര്‍ക്കു ദലിതരുടെ മനശ്ശാസ്ത്രം എന്താണെന്നു തിരിച്ചറിയാന്‍ കഴിയാത്തതാണ്. ദലിതര്‍ തലമുറകളായി അതിഭീകരമായ അടിച്ചമര്‍ത്തലുകളും നിന്ദയും വിവേചനവും മേല്‍ജാതികളില്‍നിന്ന് അനുഭവിക്കേണ്ടിവന്നതിനാല്‍ അത്തരം അനുഭവങ്ങള്‍ അവരുടെ ബോധതലത്തില്‍ ഏല്‍പ്പിച്ച ആഘാതം ആഴത്തിലുള്ളതാണ്. അതിന്റെ ഫലമായി ദലിതര്‍, വ്രണിതഹൃദയരായി മാറുകയും സ്വയം ശപിക്കുകയും യാതൊരു വിധ ആത്മപ്രശംസയും ആത്മവിശ്വാസവും ഇല്ലാത്തവരായി, ഇന്ത്യന്‍ മണ്ണില്‍ കാമധേനു എന്ന പശുവിന്റെ ചാണകത്തിലെ പുഴുക്കളാണ് തങ്ങളെന്നു കരുതി 'ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും' എന്ന നിലയില്‍ ജീവിക്കുന്ന ഒരു ജനതയാണ്. വംശീയമായി ലോകത്തേറ്റവും കൂടുതല്‍ അടിച്ചമര്‍ത്തല്‍ അനുഭവിക്കുന്ന ദലിതര്‍ക്കു സമാനമായി ലോകത്തൊരു ജനതയുമില്ല എന്ന സത്യം നിഷേധിക്കാനാര്‍ക്കു കഴിയും? (ഠവല ഡിീൌരവമയഹല ീള കിറശമ: ഘീൌശ ഛൌംലൃസലൃസ, ഛഃളീൃറ ഡിശ്ലൃശെ്യ, ജൃല, ഛഃളീൃറ, ഡ ഗ 1945 ുമഴല 3) ഇന്ത്യന്‍ ജനസംഖ്യയുടെ മൂന്നിലൊരു ഭാഗം വരുന്ന ദലിതരുടെ യഥാര്‍ഥമാനസികാവസ്ഥ  ഇന്ത്യന്‍ മണ്ണില്‍ തിരിച്ചറിഞ്ഞ ഒരേയൊരു മനുഷ്യന്‍ അവരുടെയിടയില്‍ ജനിച്ച ഡോ. അംബേദ്കറാണ്. ദലിതരുടെ മാനസികാവസ്ഥയെപ്പറ്റി അംബേദ്കര്‍ പറഞ്ഞത്: "ദലിതര്‍ നിരന്തരമായി മേല്‍ജാതിഹിന്ദുക്കളാല്‍ ശാരീരികമായും മാനസികമായും പീഡനത്തിനിരയായതിന്റെ ഫലമായി അവരില്‍ പ്ളസ് കണ്ടീഷന്‍ ഓഫ് മൈന്‍ഡ് ഇല്ലാതെ പോയതിനാല്‍ അവര്‍ ആശയും പ്രത്യാശയും പ്രതീക്ഷയും അറ്റവരായിത്തീര്‍ന്നു. മോഹഭംഗങ്ങളുടെ നിത്യബലിയാടുകളായി, ഒരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കാനാവാത്ത ഒരു ജനതയായി മാറി'' (ഡോ. അംബേദ്കര്‍, എഴുത്തുകളും പ്രസംഗങ്ങളും, വാല്യം 12, 1993, പേജ് 734, ഗവണ്‍മെന്റ് ഓഫ് മഹാരാഷ്ട്ര).
ദലിതരുടെ അടിമത്തം ഇന്ത്യയില്‍ ആരംഭിച്ചത് ആര്യാക്രമണം മുതലാണ് എന്നു കേരളത്തിലെ പ്രശസ്ത ചരിത്രകാരന്‍ ദലിത് ബന്ധുവിന്റെ അയ്യങ്കാളി ഒരു സമഗ്രപഠനം എന്ന ഗ്രന്ഥത്തില്‍ കാണുന്നു (1989 പേജ് 9). മറ്റു സവര്‍ണഹിന്ദുക്കള്‍ തങ്ങളുടെ ജാതിപ്പേരുകള്‍ ഒരു ആഭരണം പോലെ അണിഞ്ഞ് അതില്‍ അഭിമാനിക്കുമ്പോള്‍ എന്തുകൊണ്ടു ദലിതര്‍ അവരുടെ ജാതിപ്പേരുകളില്‍ അഭിമാനിക്കാനാവാതെ ഉള്‍വലിയുകയും ഒളിച്ചോടുകയും ചെയ്യുന്നു എന്ന് അന്വേഷിക്കുമ്പോഴാണ് അവരുടെ മനശ്ശാസ്ത്രം നമുക്കു ബോധ്യപ്പെടുക. ദലിതരുടെ ഇന്നത്തെ മാനസികാവസ്ഥയ്ക്കു കാരണം  ഋഗ്വേദം മുതല്‍ രാമായണംവരെയുള്ള മതഗ്രന്ഥങ്ങളാണെന്നു കാണാം. ഈ മതഗ്രന്ഥങ്ങളില്‍ ദലിതരെപ്പറ്റി പരാമര്‍ശിക്കുന്നതു ദലിതര്‍ എല്ലാ തിന്മകളുടെയും മൂര്‍ത്തീഭാവമാണെന്നും അവര്‍ മനുഷ്യര്‍പോലുമല്ലാത്തതിനാല്‍ നിഷ്കരുണം വധിക്കപ്പെടേണ്ടവരാണെന്നുമാണ്. ഇത്തരം പരാമര്‍ശങ്ങളുടെ ആവര്‍ത്തനം ദലിതരുടെ മനസ്സില്‍ സൃഷ്ടിക്കുന്ന അധമബോധം അവരെ മഥിച്ചുകൊണ്ടിരിക്കുന്നു. തദ്ഫലമായി ദലിതരുടെ അധമ അസ്തിത്വം മറ്റുളളവര്‍ അറിയാന്‍ അവര്‍ ഇഷ്ടപ്പെടുന്നില്ല. മനുഷ്യസൃഷ്ടിയെപ്പറ്റി ഹിന്ദുമതം ദലിതരില്‍ അടിച്ചേല്‍പ്പിച്ച ധാരണ മാറാത്തിടത്തോളം ദലിതരുടെ മാനസികാവസ്ഥ ഒരിക്കലും മാറാതെ നില്‍ക്കും .
 മുഴുവന്‍ മനുഷ്യവംശത്തിന്റെയും അന്തസ്സിലൂന്നിയ ഒരു കാഴ്ചപ്പാട് ദലിതരില്‍ ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ ഡോ. അംബേദ്കര്‍ ആ അന്തസ്സ് ഹിന്ദുമതം ദലിതര്‍ക്കു നല്‍കുന്നില്ലെന്നു തിരിച്ചറിഞ്ഞുകൊണ്ടാണു ലോകത്തൊരു ഭരണഘടനയിലും പരാമര്‍ശിക്കാത്ത 'വ്യക്തിയുടെ അന്തസ്സ്' ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്തത്. ഇന്ത്യയില്‍ ഓരോ വ്യക്തിയുടെയും സുരക്ഷയും വികാസവും വളര്‍ച്ചയും അധികാരശാക്തീകരണവും അവരവരുടെ ജാതിക്കുള്ളിലാണു നടക്കുക എന്ന് അംഗീകരിക്കേണ്ടിവരും.
ബറോഡ രാജാവിന്റെ മിലിറ്ററി സെക്രട്ടറി ആയിരുന്ന അംബേദ്കര്‍ താമസിച്ചിരുന്ന ലോഡ്ജിന്റെ ഉടമ അദ്ദേഹം ഒരു ദലിതനാണെന്നറിഞ്ഞപ്പോള്‍ ലോഡ്ജില്‍ നിന്ന് നിഷ്കരുണം ഇറക്കിവിടുകയാണു ചെയ്തത്. സ്വതന്ത്ര ഇന്ത്യയിലെ ദലിതര്‍ ഇന്നും അംബേദ്കറുടെ അനുഭവമാണു നേരിടുന്നത്. നൂറുകണക്കിന് ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്.  തിരുവനന്തപുരത്തു ദലിതനായ രജിസ്ട്രേഷന്‍ ഐ.ജി. റിട്ടയര്‍ ചെയ്തപ്പോള്‍ ചാണകവെള്ളം തളിച്ചു പുണ്യാഹം നടത്തിയത് തുടങ്ങിയ ദലിതനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ദലിതര്‍ പേറുന്ന അപമാനം നമുക്കു മനസ്സിലാക്കാവുന്നതാണ്. വിദ്യാഭ്യാസത്തിനോ സാക്ഷരതയ്ക്കോ നമ്മുടെ സമൂഹത്തെ പ്രബുദ്ധമാക്കാനോ സംസ്കാരസമ്പന്നമാക്കാനോ കഴിയില്ല എന്നു നാം സമ്മതിക്കേണ്ടിവരും. തങ്ങളുടെ വേറിട്ട തനതായ ജാതിസ്വത്വം ആത്മാഭിമാനത്തോടുകൂടി പരസ്യമായി പ്രഖ്യാപിക്കാന്‍ ദലിതരെ എങ്ങനെ പ്രാപ്തരാക്കാം എന്നത് ഒരു വിഷയമാണ്. ദലിത് സംഘടനകള്‍ ഈ ദൌത്യം ഏറ്റെടുത്തേ തീരൂ.

വേറൊരര്‍ഥത്തില്‍, ദലിതര്‍ക്കുവേണ്ടി എല്ലാ ഭരണഘടനാ പരിരക്ഷകളും കരസ്ഥമാക്കിയ ശേഷം 1956 ഒക്ടോബര്‍ 14ന് അംബേദ്കര്‍ കാണിച്ചുതന്ന മതംമാറ്റ വിപ്ളവം മാത്രമേ ദലിതര്‍ക്ക് അവരുടെ ശത്രുക്കളില്‍നിന്നു ശാശ്വതമായ മോചനം നേടിക്കൊടുക്കൂ എന്ന സത്യം സമ്മതിക്കേണ്ടി വരും. അംബേദ്കര്‍ ദലിതരോടാവശ്യപ്പെട്ടത് അത്തരത്തിലൊരു മതസാമൂഹിക ആത്മീയ വിപ്ളവം നയിക്കാനായിരുന്നു. (ഡോ. അംബേദ്കര്‍, പ്രബന്ധങ്ങളും പ്രസംഗങ്ങളും, വാല്യം 1, 1979, പേജ് 44, ഗവ. ഓഫ് മഹാരാഷ്ട്ര). കേരളസമൂഹവും മുഴു ഇന്ത്യയും മൌലികമായി ഉയര്‍ത്തേണ്ട ചോദ്യം ഇതാണ്- എന്താണു യഥാര്‍ഥ ദലിത് പ്രശ്നം? ദലിത് സ്വത്വം നേരിടുന്ന വെല്ലുവിളി അടിസ്ഥാനപരമായി രാഷ്ട്രീയമാണോ മതപരമാണോ സാമൂഹികമാണോ സാമ്പത്തികമാണോ? ഈ ചോദ്യത്തിനുത്തരം കണ്െടത്തേണ്ടതു ദലിതരുടെ ഇടയിലുള്ള സത്യസന്ധരായ ബുദ്ധിജീവികളാണ്. ദലിതര്‍ ഇനിയും സയണിസ്റ്റ് ഗൂഢാലോചനയിലൂടെ രൂപംകൊണ്ട് കമ്മ്യൂണിസ്റ് പ്രത്യയശാസ്ത്രത്തിന്റെ പിറകെ പോകണമോ അതോ അംബേദ്കറിന്റെ മതംമാറ്റ വിപ്ളവപാത സ്വീകരിക്കണോ? നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ഒരൊറ്റ ദലിത് എഴുത്തുകാരനും  ഈ വിഷയത്തില്‍ ധീരമായ ഒരു നിലപാട് എടുക്കുകയോ തുറന്ന ചര്‍ച്ചാ-സംവാദങ്ങള്‍ക്കു മുമ്പോട്ടുവരുകയോ ചെയ്യുന്നില്ല. എല്ലാവരും ഒരു മുഴം കയറില്‍ കുറ്റിയില്‍ കെട്ടിയിട്ട ആടിനെപ്പോലെ പ്രത്യയശാസ്ത്രത്തിനു ചുറ്റും കറങ്ങുകയാണ്.
ദലിതരുടെ തനതായ ജാതിസ്വത്വം ദലിതരുടേതല്ലാത്ത പൊതുസമൂഹത്തിന്റെ മുമ്പില്‍ ഇത്രമാത്രം അറപ്പും വെറുപ്പും ഉളവാക്കുന്ന ഒന്നാണ് എന്നു തോന്നാനിടയായ ചരിത്രപശ്ചാത്തലം എന്തെന്ന് അന്വേഷിക്കുക തന്നെ വേണം. 
എല്ലാ കൊള്ളരുതായ്മകളുടെയും തിന്മകളുടെയും മൂര്‍ത്തീഭാവം ദലിതരാണെന്ന ധാരണ സമൂഹത്തിന് എവിടെനിന്നു കിട്ടി? ഈ ധാരണ ഇന്ത്യയില്‍ കശ്മീരിലും ഉത്തരപൂര്‍വ ഇന്ത്യയിലും ഒഴികെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ദലിതരല്ലാത്ത എല്ലാ ജാതിസമുദായങ്ങളുടെയും ഇടയില്‍ ആഴത്തില്‍ ഇന്നും നിലനില്‍ക്കുന്നു.  ഇന്ത്യയിലും കേരളത്തിലും നമ്മള്‍ നൂറുകണക്കിന് ആഘോഷങ്ങള്‍ കൊണ്ടാടാറുണ്ട്. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഇത്തരം ആഘോഷങ്ങള്‍ അരങ്ങേറാറുണ്ട്. മിക്ക ആഘോഷങ്ങളുടെയും അന്ത്യം 'തിന്മയ്ക്കെതിരേ നന്മ' കൈവരിക്കുന്ന  വിജയത്തിലാണു കലാശിക്കുന്നത്. ആരെയാണ് ഇന്ത്യയിലെ തിന്മയുടെ മൂര്‍ത്തീഭാവമായി ചിത്രീകരിക്കുന്നത്? നരകാസുരവധത്തില്‍, താടകവധത്തില്‍,  (കൊലപാതകങ്ങളുടെ നാടാണല്ലോ ഇന്ത്യ) ആരെ ആരു കൊലപ്പെടുത്തുന്നു എന്നു നാം ആലോചിച്ചിട്ടുണ്േടാ?
ഒരു ജനതയെ തലമുറകളായി, ഏറ്റവും ചുരുങ്ങിയത് 3500 ആണ്ടുകളായി നിരന്തരം കൊള്ളരുതാത്തവരും കുറ്റവാളികളും തിന്മയുടെ മൂര്‍ത്തീഭാവമായും ചിത്രീകരിക്കുന്നു.  അവര്‍ മനുഷ്യര്‍ പോലുമല്ല, "കാമധേനുവിന്റെ ചാണകത്തിലെ പുഴുക്കളാണ.്'' അവര്‍ ജീവിക്കാന്‍ അര്‍ഹരല്ല. അവരെ വംശഹത്യക്കു വിധേയരാക്കൂ എന്നും തങ്ങളുടെ ദൈവങ്ങളോടു നിത്യപ്രാര്‍ഥന നടത്തുകയും അത്തരം കൊലപാതകങ്ങള്‍ക്കു മതത്തിന്റെ ദിവ്യാനുമതി നല്‍കുകയും കൂടി ചെയ്തപ്പോള്‍ അത്തരം ക്രൂരതയുടെ ബലിയാടുകളായത് ഇന്ത്യയിലെ ആദിമനിവാസികളായ ദലിതരും ആദിവാസികളും പിന്നാക്കജാതിക്കാരുമായിരുന്നു.                     

1 അഭിപ്രായം:

  1. എല്ലാ വശങ്ങളും സൂഷ്മമായി നിരീക്ഷിച്ചും വിശകലനം ചെയ്തും നന്നായി അവതരിപ്പിച്ചിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ