2011, ഡിസംബർ 6, ചൊവ്വാഴ്ച

അതിര്‍ത്തിയില്‍ യുദ്ധം

 
മലയാളികളെ പോലെ ചൊറി നുള്ളി ചിരങ്ങാക്കുന്നവര്‍ വേറെ ആരുണ്ട്‌ ഈ ദുനിയാവില്‍? മുല്ലപെരിയാര്‍ എന്ന ഒരു ഡാമിനെ ചുറ്റി പറ്റി എന്തൊരു പുകിലാണ്? കേരള കോണ്‍ഗ്രസ്‌ എന്ന കോട്ടയം അച്ചായന്‍ പാര്‍ടിയുടെ സ്വത്വബോധം  കേരളത്തിന്റെ ഉപ ദേശീയതയില്‍ ആണെന്ന്  തോന്നിപ്പിക്കാനായി  പി ജെ ജോസഫ്‌  ഉയര്‍ത്തി കൊണ്ട് വന്ന ഒരു കൊച്ചു പ്രശ്നം  ഇന്ന് എല്ലാ മലയാളി വിഡ്ഢികളും ഏറ്റു പിടിച്ചിരിക്കുന്നു.  പാട്ട് പാടാന്‍ അറിയാത്ത, ചിരിക്കാന്‍  ശ്രമിക്കാത്ത, പി ജെ ജോസഫ്‌  എന്ന മനുഷ്യന്‍ ഇപ്പോള്‍ ഇതൊക്കെ കണ്ടു രഹസ്യമായി  മലയാളികളെ നോക്കി ചിരിക്കുന്നുണ്ടാകും.  സഭകള്‍ മുതല്‍ സാംസ്കാരിക നായകര്‍ വരെ തമിഴ്നാടിനെതിരെ യുദ്ധം ചെയ്യാന്‍ സന്നദ്ധരായി വരുന്നു!  ഭാരത മാതാവിനെ ഒന്നായി കാണുന്ന കേരളത്തിലെ സംഘ പരിവാരികള്‍  വരെ കേരളത്തിനു വേണ്ടി കനാല്‍ വെട്ടാന്‍ കുറുവടിയും ബോംബുമായി വരുന്നു. ഇതൊക്കെ ആരെ പറ്റിക്കാനാണ് ?

ഈ വിഡ്ഢി കൂട്ടം ഇന്ത്യയെയും അതിലെ വിവിധ ജനതകളെയും ഒന്നായി കാണാനും  സമരസപ്പെടാനും എന്ത് കൊണ്ട് തയാര്‍ ആകുന്നില്ല? ഇതാണോ നമ്മുടെ യഥാര്‍ത്ഥ ദേശീയത?  പണ്ട് ആര്‍ ബാല കൃഷ്ണപിള്ളയെ പഞ്ചാബ് പ്രസംഗത്തിന്റെ പേരില്‍ മന്ത്രി സഭയില്‍ നിന്നും അകറ്റി നിര്‍ത്തിയ പോലെ, ജോസെഫിനെയും  ഒഴിവാക്കണം.  ഇന്ത്യയുടെ പൊതു ദേശീയ ബോധത്തെ വരെ നിലം പരിശാക്കുന്ന രീതിയില്‍  മലയാളി ഉപദേശീയത ഊതി വീര്‍പിച്ചതിന്റെ പേരില്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെയും  ഇന്ത്യന്‍  നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരേണ്ടതുണ്ട്. ഇത്തരം കുടുസ്സായ വൈകാരികത ഒരു ബഹുസ്വര രാഷ്ട്രത്തിന്റെ വളര്‍ച്ചയെ പിന്നോട്ട് വലിക്കും.  ഇത് ഇനിയും നീട്ടി കൊണ്ട് പോകരുത്. ജയ്‌ കേരളം, ജയ്‌ തമിഴ് നാട്, ജയ്‌ ഹിന്ദ്‌,

തുടര്‍ വായനക്ക്

റൂര്‍ക്കി ഐ.ഐ.ടി റിപ്പോര്‍ട്ട് : ഡൂള്‍ ന്യൂസ്‌.