![]() |
രാമേശ്വരത്ത് നിന്നൊരു കാഴ്ച: വിശുദ്ധ പശുവും സ്ത്രീയും |
"ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇല്ലാതിരുന്ന ആണത്വം സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് ഏകത യാത്രയിലൂടെ പ്രകടിപ്പിക്കാനായിരിക്കുന്നു". "ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ മണ്ണില്‍ പാക് പതാക ഉയര്‍ത്തിയ ആ രാജ്യദ്രോഹികളെ വെടിവെച്ചിടാന്‍ ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍ പോലും അവിടെ ഇല്ലായിരുന്നോ അതോ രാഷ്ട്രീയ ഉത്തരവിനായി ആറ്റുനോറ്റു കാത്തിരിക്കുകയായിരുന്നോ ??? ലജ്ജാവഹം ! നമ്മുടെ നാടിന്റെ സ്ത്രൈണത."
( ബി.ജെ.പിക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ ! ജനുവരി 26, 2011 )
"അരുന്ധതി റോയിയോട് ഇന്ത്യ മാത്രമല്ല, ലോകം തന്നെ നന്ദി പറയേണ്ടിയിരിക്കുന്നു.ഇസ്ലാമിക തീവ്രവാദികളോട് അവരുടെ മാളങ്ങളില്‍ ചെന്ന് മാനവികമായ സൌഹൃദം സ്ഥാപിക്കാനായ ഈ മഹതി മഹനീയമായ ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിന്റെ അനൌദ്ദ്യോഗിക പ്രതിനിധി തന്നെയാണ്. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്ന അവരുടെ പ്രസ്താവന മാതൃത്വത്തിന്റേയും മാനവിക സ്നേഹത്തിന്റെയും കരച്ചിലു നിര്‍ത്താന്‍ കൂട്ടാക്കാത്ത കുട്ടിയോടുള്ള സാന്ത്വനവാക്യമാണ്. സ്ത്രൈണതയുടെ കേന്ദ്രബിന്ദുവായ അമ്മമാര്‍ക്ക് അങ്ങനെയേ പറയാനാകു. വാശിപിടിച്ചു കരയുന്ന കുട്ടിയെ സാന്ത്വനിപ്പിക്കാന്‍ അമ്പിളി മാമനെവരെ പിടിച്ചുകൊടുക്കാമെന്ന് അമ്മമാര്‍ പറയും,പറയണം !!! അച്ഛന്‍ വരട്ടെ. പ്രായോഗിക വശം അച്ഛനാണു തീരുമാനിച്ച് പരിഹാരമുണ്ടാക്കേണ്ടത്. അച്ഛന്‍ ആണായിരിക്കുന്നിടത്തോളം കാലം കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമായിരിക്കുക മാത്രമല്ല, മുന്‍പ് അന്യാധീനപ്പെട്ട ഭാഗം പോലും സ്വന്തം മൌനം കൊണ്ടുപോലും തിരിച്ചു പിടിച്ചെന്നുമിരിക്കും. ദക്ഷിണയായോ, തിരുമുല്‍ കാഴ്ച്ചയായോ അച്ഛന്റെ മുന്നില്‍ അന്യാധീനപ്പെട്ട ഭൂമി സമര്‍പ്പിക്കപ്പെടണം. അതാണ് ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ശക്തി. "
( അരുന്ധതി റോയിക്ക് അഭിവാദ്യങ്ങള്‍ !!! November 4, 2010 )
"വിചിത്രമായ ഒരു സ്വഭാവപ്രകൃതിയാണ് ബൈപോളാര്‍ മൂഡ് ഡിസോഡര്‍.വിഷാദാവസ്ഥയില്‍ ഒന്നിനും കൊള്ളാത്ത അശക്തമായ ഒരു മനുഷ്യനായി കാണപ്പെടുന്ന വ്യക്തി പെട്ടെന്ന് നേരെ വിപരീതദിശയിലുള്ള അസാമാന്യ ഊര്‍ജ്ജ്വസ്വലതയോടെ ചിലപ്പോള്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിച്ചുകൊണ്ട് കൂടെയുള്ളവരെ പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയെന്നുവരും.ബൈപൊളാര്‍ മൂഡ് ഡിസോര്‍ഡറിന്റെ വ്യത്യസ്ഥ അവസ്ഥകളില്‍ വിഷാദ രോഗി പെട്ടെന്ന് രോഗിയല്ലാതാകുന്ന അവസ്ഥയാണുണ്ടാകുക. ഒരു പത്തു പതിനഞ്ചു വര്‍ഷമായി വിചിത്രമായ ഈ ബൈ പോളാറുകാരെ ധാരാളമായി ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇതൊരു രോഗമാണെന്ന് അറിയുമായിരുന്നില്ല."
(ബൈപോളാര്‍ മൂഡ് ഡിസോഡര്‍. ജനുവരി 25,2010)
ഇന്ത്യയിലെ സവര്‍ണ സമൂഹത്തിനും സംഘ പരിവാരത്തിനും ചിത്രകാരനും ഒരു പോലെയുള്ള ദ്വന്ദ ഭാവങ്ങളാണ് ഇതില്‍ ആദ്യത്തെ രണ്ടു പോസ്റ്റിലും കാണുക. നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ "ഭാരത മാതാവ്" എന്ന് ഓമനിച്ചു വിളിക്കുകയും അതിലെ ഭൂപ്രദേശത്ത് വസിക്കുന്ന ദുര്‍ബലരുടെ ജനാധിപത്യാവകാശങ്ങള്‍ "പൌരുഷത്തോടെ" ഹനിക്കുകയും ചെയ്യുക. ഇന്ത്യയിലെ എല്ലാ പ്രാദേശിക, വിഘടനവാദ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് പിന്നിലും ലളിതമായ ഈ കൊച്ചു കാരണമേ ഉള്ളൂ. കാശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, മാവോയിസ്റ്റ് സംഘര്‍ഷ ബാധിത മേഖലകള്‍, എന്നിവിടങ്ങളിലെ ജനത എന്താണ് ആഗ്രഹിക്കുന്നതെന്ന് 'റിപബ്ലിക് ഓഫ് ഇന്ത്യ' എന്ന ഈ നാടിന്റെ ദില്ലി കേന്ദ്രീകൃതമായ, സവര്‍ണന്റെ ഉടമസ്ഥതയിലുള്ള ഭരണ സംവിധാനം മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഇവിടെ ഒരു വിഘടന വാദവും തല പൊക്കുമായിരുന്നില്ല.
എന്താണ് 'റിപബ്ലിക് ദിനം' കൊണ്ടു രാഷ്ട്ര മീമാംസയില്‍ അര്‍ത്ഥമാക്കുന്നത് എന്നതിനെ കുറിച്ച് ചിത്രകാരനെ പോലെ പലരും അജ്ഞരാണ്. 'റിപബ്ലിക്' എന്ന പദം സംസ്കൃതത്തില്‍ നിന്നോ മലയാളത്തില്‍ നിന്നോ ഉണ്ടായതല്ല. വയാഗ്ര അടിച്ചു 'പൌരുഷം' പുറത്തു കാണിക്കുന്ന ഒരു രാഷ്ട്രസങ്കല്പമാണ് 'റിപബ്ലിക്' എന്ന് കരുതുന്ന സവര്‍ണ വിഡ്ഢികളാണ് ഇന്ത്യയുടെ ശാപം. അവര്‍ക്ക് ദളിതനായ ഇന്ത്യന്‍ ഭരണ ഘടന ശില്പി ഡോ. അംബേദ്‌കറോടും അദ്ദേഹം ഉയര്‍ത്തി പിടിച്ച മാനവിക നിലപാടുകളോടും ഇന്നാട്ടിലെ പിന്നാക്ക സമൂഹങ്ങളോടും പരമ പുച്ച്ചമാണ്. അവര്‍ കീഴാളര്‍ക്കു നേരെ 'ത്രിശൂലവുമെടുത്തു' ഇന്ത്യന്‍ രിപബ്ലികില്‍ 'മനുസ്മ്രിതി' നില നിര്‍ത്താന്‍ പാട് പെടുകയാണ്.
ലാറ്റിന്‍ ഭാഷയിലെ res publica, എന്ന പദത്തില്‍ നിന്നും ഉടലെടുത്ത 'റിപബ്ലിക്' എന്നതിന്റെ മലയാള അര്‍ഥം 'പൊതു കാര്യം എന്ന് പരിഭാഷ പ്പെടുത്താം. ഇംഗ്ലീഷില്‍ public affair എന്നാണ് അര്‍ഥം കാണുന്നത്. നിയമ വാഴ്ച, ജനകീയ ജനാധിപത്യം എന്നിവയ്ക്ക് പരമ പ്രാധാന്യമുള്ള രാഷ്ട്ര സങ്കല്പമാണ് 'റിപബ്ലിക്''. ഉപദേശീയതകളെ 'റിപബ്ലിക്' ബഹുമാനത്തോടെ അന്ഗീകരിക്കുന്നുമുണ്ട്. അതായത് കേരളവും ഒരു കൊച്ചു റിപബ്ലിക് ആണെന്ന് സാരം. ഉദാഹരണത്തിന് അമേരിക്കന്‍ ഭരണ ഘടനയുടെ നാലാം ആര്‍ട്ടിക്കിള്‍ നോക്കുക : "guarantee[s] to every State in this Union a Republican form of Government". ഇതൊന്നും അറിയാത്ത, രാഷ്ട്രത്തിന്റെ 'പൌരുഷം' തോക്കിന്‍ കുഴലിലൂടെ പുറത്തെടുക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ 'ഇന്ത്യ' എന്ന ബഹുസംസ്കാര രാഷ്ട്രസങ്കല്പത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാജ്യ ദ്രോഹികളാണ്. ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമന' ഉപദേശീയതകളെ അന്ഗീകരിക്കുന്നത് കൊണ്ടാണ് സംഘ പരിവാരം അത് മാറ്റി 'വന്ദേ മാതരം' ആക്കണമെന്ന് നിരന്തരം ആവശ്യപെടുന്നതും.
സ്ത്രീയോടുള്ള സവര്‍ണ സമൂഹത്തിന്റെ അതേ കാഴ്ച്ചപാട് തന്നെയാണ് ചിത്രകാരന്റെ ഭാഷ നിഘണ്ടുവില്‍ ഉടനീളം നാം കാണുക. സവര്‍ണര്‍ വിശുദ്ധ പശുവിനെയും സ്ത്രീകളെയും ഒരു പോലെയാണ് കാണുന്നത്. രണ്ടിനെയും സൈദ്ധാന്തിക തലത്തില്‍ പൂജിക്കും. എന്നാല്‍ പ്രായോഗിക തലത്തില്‍ പശുവും സ്ത്രീയും 'ലിംഗപൂജ' ക്ക് ശേഷം ഉപേക്ഷിക്കുന്ന 'ഗര്‍ഭ നിരോധന ഉറകള്‍' പോലെയാണ്. കറവ വറ്റിയ പശുക്കളെ തെരുവോരങ്ങളിലും അബലകളായ വിധവകളെ അമ്പലതിണ്ണകളിലും ഉപേക്ഷിക്കും. സരസ്വതി പൂജ, ദുര്‍ഗാ പൂജ, നാരീ പൂജ, യോനീ പൂജ, ദേവദാസി, വിധവ വിവാഹ നിഷേധം എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളിലൂടെ സവര്‍ണന്റെ ഭാരതീയ സ്ത്രീ സങ്കല്‍പം കടന്നു പോകുന്നു. വൃന്ദാവന്‍ നഗരത്തിലെ 15,000 വിധവകള്‍ തെരുവില്‍ അന്തി ഉറങ്ങുന്നതും ഈ വിശ്വാസത്തിന്റെ ഭാഗമാണ്. വിശ്വാസത്തിന്റെ പേരില്‍ 40 മില്യണ്‍ ഹിന്ദു വിധവകള്‍ പുനര്‍ വിവാഹം നിഷേധിക്കപ്പെട്ടു ജീവിക്കുന്നതും ഈ രാജ്യത്താണ്. ഇതിനെതിരെ വരുന്ന എല്ലാ സാംസ്കാരിക ഇടപെടലുകളേയും ഹിന്ദു ഫാസിസം തെരുവില്‍ നേരിട്ട് തോല്പിക്കും. ഹിന്ദു വിധവകളുടെ കഥ സിനിമയാക്കാന്‍ നോക്കിയ ദീപ മേഹ്തയെ ഹിന്ദുത്വ ഭീകരര്‍ കൈകാര്യം ചെയ്തത് ഓര്‍ക്കുക.
സംഘപരിവാറിന്റെ പൌരുഷം തുടിക്കുന്ന ഈ സവര്‍ണ സങ്കല്‍പം നമ്മുടെ സാമൂഹ്യ ജീവിതത്തെയും വികസനത്തെയും തകര്‍ത്തു കൊണ്ടിരിക്കയാണ്. ബലാല്‍സംഗമാണ് ഇന്ത്യയിലെ ഏറ്റവും വളര്‍ച്ച രേഖപെടുത്തിയ കുറ്റം എന്ന് കാണുക. ഓരോ നാല് മണിക്കൂറിലും ഒരു പെണ്ണ് ഈ നാട്ടില്‍ സ്ത്രീധന പീഡനത്തിനു വിധേയമായി ആത്മഹത്യ ചെയ്യേണ്ടി വരുന്നു. (NCRB) ലോകത്ത് നടക്കുന്ന പ്രസവ സംബന്ധമായ മരണങ്ങളില്‍ ഇരുപതു ശതമാനവും ഇന്ത്യയിലാണ്. പ്രതി വര്ഷം 80,000 സ്ത്രീകള്‍ ഗര്‍ഭചിദ്രത്തിനിടെ മാത്രം മരണപ്പെടുന്നു. ഇതില്‍ അധികവും സ്ത്രീ ഭ്രൂണ ഹത്യ ആണ് താനും. 32% ബി ജെ പി വോട്ടു നേടുന്ന ഉത്തര്‍ പ്രദേശിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭ സംബന്ധമായ മരണങ്ങള്‍ നടക്കുന്നത്.
ഇന്ത്യയിലെ 593 ജില്ല കളില്‍ 378 ലും ലൈംഗിക താല്പര്യങ്ങള്‍ ഉള്ള മനുഷ്യ കടത്തു നടക്കുന്നു. രാജ്യത്തെ 60 % വേശ്യകളും പിന്നാക്ക സമുദായങ്ങളില്‍ നിന്നാണ്. മധ്യ പ്രദേശ് എന്ന ആര്‍ എസ് എസ് നിയന്ത്രിത സംസ്ഥാനത്തെ 96.7 % വേശ്യകളും പട്ടികജാതി പട്ടികവര്‍ഗ സമൂഹങ്ങളില്‍ നിന്നാണ്. ഇതില്‍ 95 % പാരമ്പര്യമായി അത് ചെയ്യേണ്ടി വരുന്നവരാണ്. (Shakthi Vahini - UNDP Report 2006)
സംഹാരാത്മകമായ തീവ്ര ഹിന്ദുത്വം നില നില്കുന്നത് സ്ത്രീയുടെ മേലുള്ള 'പൌരുഷ' വാഴ്ച്ചയിലൂടെയാണ്. ഇന്ത്യയില്‍ സംഘ പരിവാരത്തിന് മേധാവിത്വമുള്ള എല്ലാ സ്ഥലങ്ങളിലും സ്ത്രീ പാര്‍ശ്വവല്കരണം ഭീതിദമായ തോതിലാണ്. ഹിന്ദുത്വ പാര്‍ടി ഭരിക്കുന്ന കര്‍ണാടകത്തില്‍ ദൈവത്തിനു നിവേദ്യം വെച്ച 25,000 വരുന്ന ദളിത് വേശ്യകളെ കുറിച്ചുള്ള BBC റിപ്പോര്‍ട്ട് കാണുക. ബ്രാഹ്മിന്‍ വേശ്യകളെ ദേവദാസി പണിക്ക് വേണ്ടെന്നാണ് സവര്‍ണരുടെ നിലപാട്. ദിനേന മൂന്നു ദളിത് സ്ത്രീകള്‍ ഈ രാജ്യത്ത് ബലാല്‍ സംഘത്തിനു ഇരയാകുന്നു എന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ ഭൂരിഭാഗം ദളിതരും നിരക്ഷരരായതിനാല്‍ അവര്ക് നേരെയുള്ള അതിക്രമങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല.
ഇന്ത്യയിലെ ദരിദ്രരില്‍ ബഹു ഭൂരിപക്ഷവും പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് സവര്‍ണ ഹിന്ദുവിന്റെ കലയോ സംസ്കാരമോ അല്ല ഉള്ളത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാലിലൊരു ഭാഗം വരുന്ന തുകക്ക് തുല്യമായ ധനം ഇന്ന് 35 ഹിന്ദു കുടുംബങ്ങള്‍ കൈവശം വെക്കുന്നുണ്ട്. രാജ്യത്തെ 85% പിന്നാക്ക സമുദായങ്ങളെയുംപുച്ഛത്തോടെ ജാതീയമായി കാണുന്ന ഒരു കോര്‍പ്പറേറ്റ് ഹിന്ദുത്വ യുഗത്തിനാണ് ആത്യന്തികമായി എല്ലാ രാമന്മാരും ഇന്ന് ജയ് ശ്രീ രാം മുഴക്കുന്നത്! ആര്‍ഷ ഭാരത സംസ്കാരത്തിന്റെ സവിശേഷമായ ജാതി ഘടന മാറ്റാതെ ഇതില്‍ നിന്നും ഇന്ത്യന്‍ റിപബ്ലികിനു മോചനമില്ല.
അന്ധ വിശ്വാസത്തിന്റെ പേരില്‍ ഇന്ത്യയില്‍ വിവേചനം നേരിടുന്ന പലരും പെണ്ണുങ്ങളാണ്. ഇന്ത്യയില്‍ incest നു വിധേയമാകുന്ന പെണ്‍കുട്ടികളില്‍ 4 % പേര്‍ സ്വന്തം അച്ഛന്മാരില്‍ നിന്നാണത്രേ. സാക്ഷാല്‍ ബ്രഹ്മാവ് മകള്‍ പദ്മയെ (സരസ്വതി) കാമപൂര്തിക്ക് ഉപയോഗിച്ചെന്നു വരെ പുരാണങ്ങള്‍ പറയുന്നു. ലിംഗം തന്നെ ദൈവമായിരിക്കെ incest നെ മാത്രം നമുക്ക് നിഷേധിക്കാനാവില്ലല്ലോ? നമ്മുടെ രാജ്യത്തെ incest കണക്കു BBC റിപ്പോര്‍ട്ട് ചെയ്തത് ഇവിടെ കാണുക.
കാശ്മീരികളില്‍ സിംഹ ഭാഗവും മുസ്ലിംകളായത് കൊണ്ട് അവിടെ നടക്കുന്ന സമരങ്ങള്‍ 'ഇസ്ലാംമത ഭീകരര്‍' നടത്തുന്നതാണെന്ന് സംഘ പരിവാരവും ചിത്രകാരനും ഒരുമിച്ചു പറയുന്നു. ഇന്ത്യയില്‍ പല പ്രദേശങ്ങളിലും കാണുന്ന സമാനമായ പ്രതിഷേധങ്ങളെ അവിടങ്ങളിലെ ജനത വിശ്വസിക്കുന്ന മതവുമായി കൂട്ടി കാണാറില്ല. പിന്നെ എന്ത് കൊണ്ട് കാശ്മീരിലെ പ്രശ്ങ്ങള്‍ മാത്രം "മത ഭീകരത" ആകുന്നു? മുസ്ലിം ഭൂരിപക്ഷ കാശ്മീരിലെ രാജാവ് ഒരു ഹിന്ദുവായിരുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മുവും മുസ്ലിം ഭൂരിപക്ഷമുള്ള കാശ്മീരും ഉള്പെട്ടതാണ് ഈ സംസ്ഥാനം. മുസ്ലിം ജനസന്ഗ്യ കുറയ്ക്കുന്ന രീതിയില്‍ ഈ സംസ്ഥാനത്തേക്ക് കുടിയേറ്റം നടത്തുന്നുവെന്നും കാഷ്മിരികള്‍ പറയുന്നു.
അതെന്തായാലും കാശ്മീര്‍ സംബന്ധമായി ഇന്ന് നിലവിലുള്ള ഇന്ത്യന്‍ ഭരണകൂടം കാശ്മീര്‍ ജനതയെ മുഖവിലക്കെടുക്കുന്ന പല നിലപാടുകളും എടുത്തിട്ടുണ്ട്. ഇതാണ് ബി ജെ പിക്ക് പിന്തുണ നല്‍കുന്ന 'കാശ്മീര്‍ പണ്ഡിറ്റ്' എന്ന സവര്‍ണ ബ്രാഹ്മണരെ പ്രകോപിപ്പിക്കുന്നതും. ലോകത്തിലെ ഏറ്റവും വലിയ പട്ടാള കേന്ദ്രീകൃത പ്രദേശമാണ് ഇന്ന് ഇന്ത്യയിലെ കാശ്മീര്‍ സംസ്ഥാനം. ഏഴു കാഷ്മീരിക്ക് ഒരു പട്ടാളക്കാരന്‍ എന്ന അനുപാതം.! അവിടെ നമ്മുടെ പട്ടാളക്കാര്‍ എല്ലാ അര്‍ത്ഥത്തിലും 'വെടി വെപ്പ്' നടത്തുന്നുണ്ട്. കാഷ്മിരികളില്ലാത്ത കാശ്മീര്‍ ഭൂപ്രദേശമാണ് ബി ജെ പി ക്കാരായ ഇന്ത്യയിലെ സവര്‍ണ വര്‍ഗം ആഗ്രഹിക്കുന്നത്. പതിവില്‍ നിന്നും മാറി ഡോ. മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് പാര്‍ട്ടിയും കാശ്മീരികളെ വിശ്വാസത്തിലെടുക്കാന്‍ ശ്രമിക്കുന്ന നിലയിലേക്ക് നീങ്ങുന്നു.
കാശ്മീര്‍ അടക്കുള്ള ഇന്ത്യന്‍ ഭൂപ്രദേശങ്ങളില്‍ സംഘര്‍ഷം നില നിര്‍ത്തേണ്ടത് ആയുധ കച്ചവടം കണക്കു കൂട്ടുന്ന അമേരിക്ക, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളുടെ താല്പര്യമാണ്. അത് രാഷ്ട്ര താല്പര്യമായി കാണരുത്. പാകിസ്ഥാനിലെയും ഇന്ത്യയിലെയും പട്ടാളത്തിലും ചാര സംഘടനകളിലും ആയുധ കച്ചവടക്കാരുടെ ഒറ്റുകാര്‍ നിരവധിയാണ്. കച്ചവടത്തില്‍ നിന്നും വിഹിതം പറ്റുന്ന സംഘ പരിവാരത്തിനും, പട്ടാളത്തിലെ അവരുടെ മാഫിയക്കും ഇന്ത്യയിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ താല്പര്യം കാണും.
രാജ്യത്തിന്റെ നികുതി പണം ജനങളുടെ ക്ഷേമത്തിന് വിനിയോഗിക്കുകയും അത് വഴി ക്ഷേമ രാഷ്ട്രം കെട്ടി പടുക്കുകയുമാണ് ഭരണ കൂടം ചെയ്യേണ്ടത്. ഇന്ത്യയുടെ സമ്പൂര്‍ണമായ ജനാധിപത്യ വല്കരണം ആണ് ഇതിനു പരിഹാരം. ഇന്ന് സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പരിമിതമായ, ഒരു കേന്ദ്രീകൃത ഭരണ വ്യവസ്ഥയാണ് ഇന്ത്യക്കുള്ളത്. വികസനത്തിന് യൂറോപിനെ അനുകരിക്കുകയാണ് ഇന്ത്യയുടെ വളര്‍ച്ചക്കുള്ള ഒരു മാര്‍ഗം. അവിടത്തെ ജനാധിപത്യ വല്കരണത്തിന്റെ ഒരു കൊച്ചു ഉദാഹരണം പറയാം. സ്വിറ്റ്സര്‍ലന്‍ഡ് എന്നത് വളരെ സമ്പന്നമായ ഒരു കൊച്ചു രാഷ്ട്രമാണെന്ന് പരക്കെ അറിയാം. എന്നാല്‍ സ്വിസ്സ് പൌരത്വം ലഭിക്കുന്നതിനു ഒരു വിദേശിയെ പിന്തുണയ്ക്കുന്ന പ്രധാന രേഖ നല്‍കുന്നത് അവിടത്തെ പഞ്ചായത്ത് വാര്‍ഡ് തലത്തിലുള്ള സമിതിയാണ്. അതില്ലാതെ സ്വിസ് പൌരത്വം നിങ്ങള്ക്ക് ലഭിക്കില്ല. ഇന്ത്യയിലാണെങ്കില്‍ ഇത് നേരെ മറിച്ചാകും, ദില്ലിയിലാകും അത് നടക്കുക. ഗാന്ധിജിയുടെ രാഷ്ട്ര സങ്കല്‍പത്തിലുള്ള "ഗ്രാമ സ്വരാജ്" ഇന്ത്യയിലെ സവര്‍ണ വര്‍ഗം ഇന്ന് കാണിക്കുന്ന ദില്ലി കേന്ദ്രീകൃത ഭരണത്തില്‍ നിന്നും എത്രയോ അകലെയാണ്!
കാശ്മീരിലെ പ്രശ്നങ്ങള്‍ സംഘപരിവാരം ഇന്ത്യന്‍ പതാക ഉയര്‍ത്തി തീര്കാവുന്നതല്ല എന്ന് സാമാന്യ ബോധമുള്ള എല്ലാവര്ക്കും അറിയാം. സംഘപരിവാരത്തിന്റെ ഈ കാശ്മീര്‍ "പൌരുഷ പ്രകടനം" കൊണ്ട് ഈ നാടിനോ ജനങ്ങള്‍ക്കോ ഒന്നും നേടാനില്ല.
തങ്ങള്‍ക്കിഷ്ടപെടാത്തവര്‍ ഇന്ത്യയുടെ ദേശീയ പതാക വഹിക്കുന്നുണ്ടോ, അവരില്‍ ആരെങ്കിലും അത് തല തിരിച്ചു കെട്ടിയിരിക്കുന്നോ എന്ന് നോക്കാന്‍ സംഘ പരിവാരത്തിന് പ്രത്യേക വിഭാഗം ഉണ്ടായിരിക്കാം. എന്നാല്‍ ആര്‍ എസ് എസ് കാര്‍ ഇന്ത്യയുടെ ദേശീയ പതാകയുടെ ത്രിവര്‍ണ സ്വഭാവം അന്ഗീകരിക്കുന്നില്ല. അത് കൊണ്ട് തന്നെ നാഗ്പൂര്‍ ആര്‍ എസ് എസ് ആസ്ഥാനത്ത് അതിത് വരെ ഉയര്ത്തിയിട്ടുമില്ല.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഇന്ത്യയില്‍ എല്ലായിടത്തും സ്ത്രീ, പുരുഷ, ജാതി, മത, ഭേദമന്യേ, പട്ടിണിയില്ലാതെ, ഭീതിയില്ലാതെ യാത്ര ചെയ്യാനാകുന്ന ദിവസം എന്നാണോ അന്നാണ് "റിപബ്ലിക് ഓഫ് ഇന്ത്യ" എന്ന രാഷ്ട്ര സങ്കല്‍പം പൂര്‍ണമാകുന്നത്. അന്ന് കേരളത്തില്‍ വരുന്ന കാശ്മീരി കമ്പിളി കച്ചവടക്കാരോട് കേരളത്തിലെ പോലിസ് ശത്രു രാജ്യക്കാരോടെന്ന പോലെ പെരുമാറില്ല. അന്ന് കാഷ്മീരികള്‍ 'നിങ്ങള്‍ ഇന്ത്യക്കാരനാണോ' എന്ന് നമ്മോടു ചോദിക്കയുമില്ല. എന്നാകും കാശ്മീരി ആപ്പിളുകള്‍ കേരളത്തിലെ കടകളില്‍ ലഭ്യമാകുന്നത്? എന്നാകും കാശ്മീരിലേക്ക് മലയാളികള്‍ക്ക് വിനോദ യാത്ര പോകാനാകുക? അത്തരം ഒരു ജനുവരി ഇരുപത്തിആറു എന്നായിരിക്കും നാം ആഘോഷിക്കുക ?
ജയ് ഹിന്ദ്!
തുടര്‍ വായനക്ക്
ആയുധ വ്യാപാരം പട്ടിണിയെ എങ്ങിനെ ബാധിക്കുന്നു?
വിവിധ രാജ്യങ്ങളിലെ ലിംഗ വിവേചന റിപ്പോര്‍ട്ട്
കാശ്മീര്‍ റിപ്പോര്‍ട്ട് ഹ്യുമന്‍ റൈട്സ് വാച്
ആഫ്രിക്കന്‍ രാജ്യങ്ങളെക്കളും പിന്നിലാണ് ഇന്ത്യയിലെ കുഞ്ഞുങ്ങളുടെ പോഷകാഹാര കുറവിന്റെ തോത്. ഇവിടെ 2.1 മില്യണ്‍ കുഞ്ഞുങ്ങളാണ് ഇക്കാര്യം കൊണ്ട് മരണപ്പെട്ടത്. 5 വയസിനു മുമ്പ് മരണപ്പെടുന്ന ഇന്ത്യന്‍ കുഞ്ഞുങ്ങളില്‍ 50 % വും ആദ്യത്തെ 28 ദിവസതിനുള്ളില്ലാണ്. UNICEF Report 2007.
മറുപടിഇല്ലാതാക്കൂഈ പോസ്റ്റിനൊരു അഭിനന്ദനം ആദ്യമേ പറയട്ടെ.ചിത്രകാരന്റെ പോസ്റ്റിലിട്ടകമന്റു കണ്ടിരിന്നു.ആ പോസ്റ്റ് വായിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ’ഭഗവാനേ നീ എന്നെ ഒരു രാജ്യദ്രോഹി ആക്കുമല്ലേ’എന്നൊർത്തിരിക്കുമ്പോളാണ്,അവർണ്ണന്റെ കമന്റുകണ്ടത്.ഒരിന്ത്യൻ പൌരന്,രണ്ടു ചോയിസേ കല്പിച്ചിട്ടുള്ളു.ഒന്ന്,രാജ്യസ്നേഹി.രണ്ട്,രാജ്യദ്രോഹി.ഇതിൽ കാശ്മീരിലെ ജനതയും,വടക്കുകിഴക്കൻ മേഖലയിലെ ഗോത്രജനതയും മധ്യ ഇന്ത്യയിലെ ദലിത്-ആദിവാസി ഗോത്രജനതയും രാജ്യദ്രോഹികളുടെ പട്ടികയിൽ വരും.എന്നാൽ ഭരണകൂടം ഉൽപ്പാദിപ്പിച്ച,തികച്ചും സവർണ്ണമായ പൊതുബോധം ദേശരാഷ്ട്രത്തെ സ്വയം അടയാളപ്പെടുത്തുകയാണ്.അരുന്ധതിയുടേ പ്രസ്താവന സൃഷ്ഠിച്ച കോലാഹലം ഓർക്കുക.ചിത്രകാരന്റെ നിലപാട് തികച്ചും വൈകാരീകവും,അരാഷ്ട്രീയതയുമാണ്.പ്രത്യശാസ്ത്ര നിലപാടില്ലാത്ത വെറും തോന്നലുകൾ.സവർണ്ണതയുടെ അധിനിവേശയുക്തി ആ ചെങ്ങാതിക്കു മനസിലാക്കികൊടുക്കുക ബുദ്ധിമുട്ടുതന്നെ.
മറുപടിഇല്ലാതാക്കൂചിത്രകാരന് ഇക്കാര്യത്തില്‍ ശത്രു വിന്റെ ശത്രു മിത്രം അത്രേയുള്ളൂ .അല്ലാതെ ര്രജ്യസ്നേഹം തുളുമ്പി സിസ്റ്റം ഹാങ്ങായിട്ടല്ല ..!!!!!!.അദ്ധേഹത്തിന്റെ രോഗം അദ്ദേഹത്തിന് തന്നെ പിടി കിട്ടിയ സ്ഥിതിക്ക് .....ഇനി..
മറുപടിഇല്ലാതാക്കൂരാജീവ് ശങ്കരന്റെ ഈ വാക്യങ്ങള്‍ കാണുക:
മറുപടിഇല്ലാതാക്കൂഉയരുന്ന പതാകയേക്കാള്‍ ഉയര്‍ത്തുന്ന കരങ്ങളിലാണ് രാജ്യസ്‌നേഹത്തിന്റെ കൂറ് തെളിയിക്കപ്പെടേണ്ടത്. കുറഞ്ഞത് നാലിടത്തെ സ്‌ഫോടനങ്ങളിലെങ്കിലും തങ്ങളുടെ സഹോദര സംഘടനകള്‍ക്ക് പങ്കുണ്ടെന്ന് സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മത മൊഴിയോടെ സ്ഥാപിക്കപ്പെട്ട സാഹചര്യത്തില്‍ രാജ്യസ്‌നേഹത്തിന്റെ മൊത്തക്കച്ചവടം ഇപ്പോഴും തങ്ങളുടെ പക്കലാണെന്ന് തെളിയിക്കേണ്ടത് ബി ജെ പിയുടെ ബാധ്യതയായി മാറി. ഒപ്പം ജനശ്രദ്ധ തിരിക്കുകയും വേണം. ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിക്കുകയും അത് തടയപ്പെടുകയും ചെയ്യുകയാണെങ്കില്‍, അല്ലെങ്കില്‍ അതിന്റെ പേരിലൊരു സംഘര്‍ഷമുണ്ടാകുകയാണെങ്കില്‍ യു പി എ സര്‍ക്കാറിനെയും ജമ്മു കാശ്‌മീരിലെ ഉമര്‍ അബ്‌ദുല്ല സര്‍ക്കാറിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താം. അതിന്റെ ഗുണം രാജ്യവ്യാപകമായി അനുഭവിക്കുകയും ആകാം. ഇതിലപ്പുറമൊരു രാഷ്‌ട്രീയ ഉദ്ദേശ്യം ലാല്‍ ചൗക്കിലേക്കുള്ള മാര്‍ച്ചില്‍ ബി ജെ പിക്കില്ല.
ദേശീയ പതാകയോടുള്ള ബി ജെ പിയുടെ 'ആദരം' കാണുക:
മറുപടിഇല്ലാതാക്കൂഭുവനേശ്വറില് ബി.ജെ.പി പതാകയുയര്‍ത്തിയത് തലതിരിച്ച്
ഭുവനേശ്വര്‍ (ഒറീസ): റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഭുവനേശ്വറിലെ ബി.ജെ.പി സംസ്ഥാന ആസ്ഥാനത്ത് ദേശീയപതാക ഉയര്‍ത്തിയത് തലതിരിച്ച്. മുതിര്‍ന്ന പാര്‍ട്ടി നേതാവും സംസ്ഥാന മുന്‍ മന്ത്രിയുമായ ബി.ബി. ഹരിചന്ദന്‍ പതാകയുയര്‍ത്തിക്കഴിഞ്ഞപ്പോള്‍ കൂടിനിന്ന മാധ്യമപ്രവര്‍ത്തകരും പാര്‍ട്ടിപ്രവര്‍ത്തകരും അബദ്ധം ചൂണ്ടിക്കാട്ടുകയായിരുന്നു. തുടര്‍ന്ന് പതാക താഴെയിറക്കി ശരിയായവിധത്തില്‍ ഉയര്‍ത്തി.
ദേശീയ പതാകയെ അപമാനിക്കാനുദ്ദേശിച്ചതല്ലെന്നും പതാക കെട്ടിയ ആള്‍ അത് ശരിയായവിധത്തിലാണോയെന്ന് പരിശോധിക്കാഞ്ഞതാണ് പ്രശ്‌നമായതെന്നും ഹരിചന്ദന്‍ വ്യക്തമാക്കി. സംഭവത്തില്‍ ബി.ജെ.പി നിരുപാധികം മാപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ശ്രീനഗറില്‍ ദേശീയ പതാകയുയര്‍ത്താന്‍ ഏക്തായാത്ര സംഘടിപ്പിച്ച പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്നതായി ഈ സംഭവം.
മറ്റൊരു സംഭവത്തില്‍ ഭരണകക്ഷിയായ ബി.ജെ.ഡിയുടെ ഓഫിസില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പതാക ഉയര്‍ത്തിയ ഉടന്‍ ചരടുമുറിഞ്ഞ് പതാക നിലംപതിച്ചു. മറ്റൊരു കയര്‍ സംഘടിപ്പിച്ച് എല്ലാ ആദരവോടുംകൂടി ദേശീയപതാക വീണ്ടും ഉയര്‍ത്തിയെന്ന് പാര്‍ട്ടി നേതാവ് നരേന്ദ്ര സ്വയിന്‍ അറിയിച്ചു.
ചിത്രകാരന്റെ അഭിപ്രായങ്ങള്‍ക്ക് ഇത്രമാത്രം പ്രാധാന്യം നല്‍കണമോ എന്നത് ഒരു വസ്തുതയാണ. ചിത്രകാരന് തന്നെ നിശ്ചയമില്ല തന്റെ ഇടം ഇതെന്നത്. ഞാന്‍ പലപ്പോഴും സുചിപ്പിച്ചത് പോലെ അടിമത്തം ഒരഭിമാനവും, അവകാശവുമായി മാറിയ ചില്ലരുടെയെങ്കിലും മാനസിക നിലവാരമാണ് ചിത്രകാരനുള്ളത്. അതവഗനിക്കുകയാനുത്തമം.
മറുപടിഇല്ലാതാക്കൂപിന്നെ ലാല്ച്ചൌക്കിലെ പതാകയുയാര്ത്തല്‍... രാജ്യത്തെ നടുക്കിയ ബോംബ് സ്ഫോടനങ്ങളുടെ യഥാര്‍ത്ഥ അവകാശികള്‍ രാജ്യസ്നേഹം ഉനിലും ഉറക്കത്തിലും ഉരുവിയുടുന്ന സംഘപരിവാരം തന്നെയാണെന്ന അന്വേഷണ എജന്സികലുറെ തിരിച്ചറിവില്‍ നിന്ന ജനശ്രദ്ധ തിരിച്ച്ചുവിടുവാനുള്ള ഒരു ഗിമ്മിക്..
അസൂയാര്‍ഹമായ പോസ്റ്റ്. അഭിനന്ദനങ്ങള്‍ !!ബിജെപ്പിയുടെ ദേശാഭിമാനവും അവരുടെ രാജ്യസ്നേഹവും പ്രകടിപ്പിക്കാനുള്ള പതാകയുയര്‍ത്തല്‍ നീക്കവും എന്തിനെ ലക്ഷ്യം വെച്ചാണെന്ന് മനസ്സിലാക്കണമെങ്കില്‍ സ്വന്തമായി അഗാധമായതല്ലെങ്കിലും ചരിത്രത്തിന്റെ അവ്യക്തജ്ഞാനവും സ്വന്തമായ ഒരു നിലപാടുമുണ്ടായിരിക്കണം. അതില്ലാതെ വന്നാല്‍ കാളപെറ്റെന്നു കേട്ടാല്‍ കയറെടുത്തു പോകും.
മറുപടിഇല്ലാതാക്കൂകശ്മീരികളോട് വിവേചനം അരുതെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
മറുപടിഇല്ലാതാക്കൂ4 Feb 2011 ജമ്മുകശ്മീര്‍ നിവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കുമ്പോള്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമെന്നും കശ്മീരികളോട് പക്ഷപാതപരമായി പെരുമാറരുതെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു കര്‍ശന നിര്‍ദേശം നല്‍കി. കശ്മീരികളാണെന്ന കാരണത്താല്‍ സ്റ്റേഷനുകളില്‍ച്ചെന്ന് ഇടയ്ക്കിടെ റിപോര്‍ട്ട് ചെയ്യണമെന്നതടക്കമുള്ള കല്‍പ്പനകള്‍ പുറപ്പെടുവിക്കരുതെന്ന് എല്ലാ പോലിസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമയച്ച കത്തില്‍ പറയുന്നു.
കശ്മീരികളുമായി ബന്ധപ്പെട്ട കേസുകളില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു. കശ്മീരികള്‍ മറ്റു സംസ്ഥാനങ്ങളില്‍ വിവേചനത്തിനിരയാവുന്നതായി നേരത്തെ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല പരാതിപ്പെട്ടിരുന്നു. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും തങ്ങള്‍ വിവേചനത്തിനിരയാവുന്നതായി കാണിച്ച് കശ്മീരിലെ വിവിധ മേഖലകളിലുള്ളവര്‍, മൂന്നംഗ കശ്മീര്‍ മധ്യസ്ഥസംഗത്തോടു പരാതിപ്പെട്ടകാര്യം കേന്ദ്രം സൂചിപ്പിച്ചു.
കശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളായതിനാല്‍ തങ്ങളോട് പോലിസ് സ്റ്റേഷനുകളില്‍ച്ചെന്ന് റിപോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടെന്നു നിരവധി പേര്‍ മധ്യസ്ഥസംഗത്തിനു പരാതികള്‍ നല്‍കിയിരുന്നു. ഇത്തരം പെരുമാറ്റങ്ങള്‍മൂലം തങ്ങള്‍ ഒറ്റപ്പെടുന്നതായും അനീതിക്കിരയാവുന്നതായും അവര്‍ക്കു തോന്നാന്‍ സാധ്യതയുണ്ട്. രാജ്യത്തെ ജനങ്ങളെ വംശ-ദേശ-മത-ജാതി പരിഗണനകളുടെ പേരില്‍ മാറ്റിനിര്‍ത്തുന്നതിന് ഭരണഘടന എതിരാണെന്നും കേന്ദ്രം ഉണര്‍ത്തി.
ഇന്ത്യയില്‍ ഓരോ മുപ്പത്തിനാല് മിനുറ്റിലും ഒരു സ്ത്രീ മാനഭംഗത്തിനിരയാകുന്നെന്ന് പഠന റിപ്പോര്‍ട്ട്. ഹ്യൂമണ്‍ റൈറ്റ്‌സ് എജുക്കേഷന്‍ ആന്റ് മോണിറ്ററിങ് സെല്‍ നടത്തിയ പഠനത്തിലാണ് ഈ ഞെട്ടിക്കുന്നകാര്യം വ്യക്തമായത്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തുകളെകുറിച്ച് ചര്‍ച്ച ചെയ്യുന്ന ദ്വിദിന സെമിനാറിലാണ് ഇക്കാര്യം പുറത്തുവിട്ടത്.
മറുപടിഇല്ലാതാക്കൂഇന്ത്യയില് ഓരോവര്‍ഷവും 1.5 കോടി പെണ്‍കുട്ടികളാണ് ജനിച്ചുവീഴുന്നത്. ഇതിന്റെ നാലില്‍ ഒന്ന് പതിനഞ്ച് വയസ്സിന് മുകളിലെത്താറില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും പ്രസവത്തിന് മുന്‍പ് ലിംഗനിര്‍ണയം നടത്താനുള്ള സൗകര്യമുണ്ട്. ഇത് ഭ്രൂണാവസ്ഥയില്‍ തന്നെ പെണ്‍കുട്ടികളെ കൊല്ലുന്നതിന് കാരണമാകുന്നു.
കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് നാഗ്മോഹന്‍ ദാസ് ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെ- നിര്‍ഭാഗ്യമവശാല്‍ ഇന്ത്യയിലെ എല്ലാ നിയമങ്ങളും പുരുഷനാണുണ്ടാക്കിയത്. അതുകൊണ്ടുതന്നെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അത് പുരുഷനെ സഹായിക്കുന്നതരത്തിലുള്ളതാണ്.
ഇത്തരത്തില്‍ ഗാര്‍ഹിക, ലൈഗിക പീഡനങ്ങള്‍ക്കിരയായ യുവതികളുടെ അനുഭവങ്ങളും പരിപാടിയില്‍ പങ്കുവച്ചു.
അലഹബാദ്: ലൈംഗിക പീഡന കേസില്‍ കുറ്റാരോപിതനായ മുന്‍ കേന്ദ്രമന്ത്രി സ്വാമി ചിന്മയാനന്ദയെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് അലഹബാദ് ഹൈകോടതി സ്റ്റേ ചെയ്തു. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്ന ചിന്മയാനന്ദ ആത്മീയ നേതാവായിരുന്ന കാലത്ത് ആശ്രമത്തിലെ അന്തേവാസിയായ ശിഷ്യയെ ബലാല്‍സംഗത്തിനിരയാക്കിയ കേസിലാണ് അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടായത്. 2005ല്‍ ഇവരെ നിരവധി തവണ ബലാല്‍സംഗം ചെയ്യുകയും ഒന്നിലേറെ തവണ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തുവെന്നാണ് ചിന്മയാനന്ദക്കെതിരായ എഫ്.ഐ.ആര്‍. ഇതിനെതിരെ ചിന്മയാനന്ദ നല്‍കിയ ഹരജിയിലാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ ഉത്തരവ് നല്‍കിയത്. ഈ കേസില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിന് മൂന്നാഴ്ച സമയം അനുവദിച്ചു.
മറുപടിഇല്ലാതാക്കൂലൈംഗിക പീഡനം: ചിന്മയാനന്ദയുടെ അറസ്റ്റിന് സ്റ്റേ.
സര്‍ക്കാര്‍ കാര്യാലയത്തില്‍ പാക് പതാക: ആറ് ഹിന്ദുത്വര്‍ അറസ്റില്‍
മറുപടിഇല്ലാതാക്കൂബാംഗ്ളൂര്: കര്‍ണാടകയിലെ സിന്ദഗിയില്‍ സര്‍ക്കാര്‍ കാര്യാലയത്തിനുമുന്നിലെ കൊടിമരത്തില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് ആറ് ഹിന്ദുത്വവാദികളെ പോലിസ് അറസ്റ്റ് ചെയ്തു. അറസ്റിലായവര്‍ ശ്രീരാമസേനയുടെ വിദ്യാര്‍ഥി വിഭാഗം പ്രവര്‍ത്തകരാണ്. ബിജാപ്പൂര്‍ ജില്ലാ ആസ്ഥാനത്തുനിന്ന് 60 കി.മീ അകലെ സിന്ദഗി നഗരത്തിലെ സര്‍ക്കാര്‍ കാര്യാലയത്തില്‍ പുതുവല്‍സര ദിനത്തിലാണ് പാക് പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് ഈ പ്രദേശത്തും സംസ്ഥാന വ്യാപകമായും ഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പതാക ഉയര്‍ത്തിയതിനു പിന്നില്‍ മുസ്ലിംകളാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കൂടാതെ പതാക പൊങ്ങിയതിനെതിരേ പ്രദേശത്ത് വി.എച്ച്.പിയും ബജ്രംഗ്ദളും ഉള്‍പ്പെടെയുള്ള ഹിന്ദുത്വ സംഘടനകള്‍ ബന്ദും നടത്തിയിരുന്നു. സംഭവത്തില്‍ രാഷ്ട്രീയമായി മുതലെടുപ്പു നടത്താന്‍ ശ്രമിച്ച ബി.ജെ.പി പതാക ഉയര്‍ന്ന പ്രദേശത്ത് ചില ശുദ്ധീകരണപ്രവര്‍ത്തനങ്ങളും നടത്തി.
ബിജാപ്പൂര്‍ നഗരത്തില്‍ മൂന്നുവര്‍ഷം മുമ്പ് ഇത്തരത്തിലുള്ള സംഭവം ഉണ്ടായതായും എന്നാല്‍, പ്രതികള്‍ക്കെതിരേ പോലിസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ കാര്യാലയത്തില്‍ പാക് പതാക: ആറ് ഹിന്ദുത്വര്‍ അറസ്റില്‍ 5 Jan 2012.
Hindu group 'flew Pakistan flag to create tension'BBC News.
മറുപടിഇല്ലാതാക്കൂ