![]() |
| രാമേശ്വരത്ത് നിന്നൊരു കാഴ്ച: വിശുദ്ധ പശുവും സ്ത്രീയും |
"ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഇല്ലാതിരുന്ന ആണത്വം സുഷമ സ്വരാജിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിക്ക് ഏകത യാത്രയിലൂടെ പ്രകടിപ്പിക്കാനായിരിക്കുന്നു". "ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ മണ്ണില്‍ പാക് പതാക ഉയര്‍ത്തിയ ആ രാജ്യദ്രോഹികളെ വെടിവെച്ചിടാന്‍ ഒരു ഇന്ത്യന്‍ പട്ടാളക്കാരന്‍ പോലും അവിടെ ഇല്ലായിരുന്നോ അതോ രാഷ്ട്രീയ ഉത്തരവിനായി ആറ്റുനോറ്റു കാത്തിരിക്കുകയായിരുന്നോ ??? ലജ്ജാവഹം ! നമ്മുടെ നാടിന്റെ സ്ത്രൈണത."
( ബി.ജെ.പിക്ക് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ ! ജനുവരി 26, 2011 )
"അരുന്ധതി റോയിയോട് ഇന്ത്യ മാത്രമല്ല, ലോകം തന്നെ നന്ദി പറയേണ്ടിയിരിക്കുന്നു.ഇസ്ലാമിക തീവ്രവാദികളോട് അവരുടെ മാളങ്ങളില്‍ ചെന്ന് മാനവികമായ സൌഹൃദം സ്ഥാപിക്കാനായ ഈ മഹതി മഹനീയമായ ഇന്ത്യന്‍ ജനാധിപത്യ സമൂഹത്തിന്റെ അനൌദ്ദ്യോഗിക പ്രതിനിധി തന്നെയാണ്. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായിരുന്നില്ല എന്ന അവരുടെ പ്രസ്താവന മാതൃത്വത്തിന്റേയും മാനവിക സ്നേഹത്തിന്റെയും കരച്ചിലു നിര്‍ത്താന്‍ കൂട്ടാക്കാത്ത കുട്ടിയോടുള്ള സാന്ത്വനവാക്യമാണ്. സ്ത്രൈണതയുടെ കേന്ദ്രബിന്ദുവായ അമ്മമാര്‍ക്ക് അങ്ങനെയേ പറയാനാകു. വാശിപിടിച്ചു കരയുന്ന കുട്ടിയെ സാന്ത്വനിപ്പിക്കാന്‍ അമ്പിളി മാമനെവരെ പിടിച്ചുകൊടുക്കാമെന്ന് അമ്മമാര്‍ പറയും,പറയണം !!! അച്ഛന്‍ വരട്ടെ. പ്രായോഗിക വശം അച്ഛനാണു തീരുമാനിച്ച് പരിഹാരമുണ്ടാക്കേണ്ടത്. അച്ഛന്‍ ആണായിരിക്കുന്നിടത്തോളം കാലം കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമായിരിക്കുക മാത്രമല്ല, മുന്‍പ് അന്യാധീനപ്പെട്ട ഭാഗം പോലും സ്വന്തം മൌനം കൊണ്ടുപോലും തിരിച്ചു പിടിച്ചെന്നുമിരിക്കും. ദക്ഷിണയായോ, തിരുമുല്‍ കാഴ്ച്ചയായോ അച്ഛന്റെ മുന്നില്‍ അന്യാധീനപ്പെട്ട ഭൂമി സമര്‍പ്പിക്കപ്പെടണം. അതാണ് ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ശക്തി. "
( അരുന്ധതി റോയിക്ക് അഭിവാദ്യങ്ങള്‍ !!! November 4, 2010 )
"വിചിത്രമായ ഒരു സ്വഭാവപ്രകൃതിയാണ് ബൈപോളാര്‍ മൂഡ് ഡിസോഡര്‍.വിഷാദാവസ്ഥയില്‍ ഒന്നിനും കൊള്ളാത്ത അശക്തമായ ഒരു മനുഷ്യനായി കാണപ്പെടുന്ന വ്യക്തി പെട്ടെന്ന് നേരെ വിപരീതദിശയിലുള്ള അസാമാന്യ ഊര്‍ജ്ജ്വസ്വലതയോടെ ചിലപ്പോള്‍ അസാധാരണ കഴിവുകള്‍ പ്രകടിപ്പിച്ചുകൊണ്ട് കൂടെയുള്ളവരെ പോലും അതിശയിപ്പിക്കുന്ന പ്രകടനം നടത്തിയെന്നുവരും.ബൈപൊളാര്‍ മൂഡ് ഡിസോര്‍ഡറിന്റെ വ്യത്യസ്ഥ അവസ്ഥകളില്‍ വിഷാദ രോഗി പെട്ടെന്ന് രോഗിയല്ലാതാകുന്ന അവസ്ഥയാണുണ്ടാകുക. ഒരു പത്തു പതിനഞ്ചു വര്‍ഷമായി വിചിത്രമായ ഈ ബൈ പോളാറുകാരെ ധാരാളമായി ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇതൊരു രോഗമാണെന്ന് അറിയുമായിരുന്നില്ല."
(ബൈപോളാര്‍ മൂഡ് ഡിസോഡര്‍. ജനുവരി 25,2010)
ഇന്ത്യയിലെ സവര്‍ണ സമൂഹത്തിനും സംഘ പരിവാരത്തിനും ചിത്രകാരനും ഒരു പോലെയുള്ള ദ്വന്ദ ഭാവങ്ങളാണ് ഇതില്‍ ആദ്യത്തെ രണ്ടു പോസ്റ്റിലും കാണുക. നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ "ഭാരത മാതാവ്" എന്ന് ഓമനിച്ചു വിളിക്കുകയും അതിലെ ഭൂപ്രദേശത്ത് വസിക്കുന്ന ദുര്‍ബലരുടെ ജനാധിപത്യാവകാശങ്ങള്‍ "പൌരുഷത്തോടെ" ഹനിക്കുകയും ചെയ്യുക. ഇന്ത്യയിലെ എല്ലാ പ്രാദേശിക, വിഘടനവാദ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് പിന്നിലും ലളിതമായ ഈ കൊച്ചു കാരണമേ ഉള്ളൂ. കാശ്മീര്‍, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍, മാവോയിസ്റ്റ് സംഘര്‍ഷ ബാധിത മേഖലകള്‍, എന്നിവിടങ്ങളിലെ ജനത എന്താണ് ആഗ്രഹിക്കുന്നതെന്ന് 'റിപബ്ലിക് ഓഫ് ഇന്ത്യ' എന്ന ഈ നാടിന്റെ ദില്ലി കേന്ദ്രീകൃതമായ, സവര്‍ണന്റെ ഉടമസ്ഥതയിലുള്ള ഭരണ സംവിധാനം മനസ്സിലാക്കിയിരുന്നുവെങ്കില്‍ ഇവിടെ ഒരു വിഘടന വാദവും തല പൊക്കുമായിരുന്നില്ല.
എന്താണ് 'റിപബ്ലിക് ദിനം' കൊണ്ടു രാഷ്ട്ര മീമാംസയില്‍ അര്‍ത്ഥമാക്കുന്നത് എന്നതിനെ കുറിച്ച് ചിത്രകാരനെ പോലെ പലരും അജ്ഞരാണ്. 'റിപബ്ലിക്' എന്ന പദം സംസ്കൃതത്തില്‍ നിന്നോ മലയാളത്തില്‍ നിന്നോ ഉണ്ടായതല്ല. വയാഗ്ര അടിച്ചു 'പൌരുഷം' പുറത്തു കാണിക്കുന്ന ഒരു രാഷ്ട്രസങ്കല്പമാണ് 'റിപബ്ലിക്' എന്ന് കരുതുന്ന സവര്‍ണ വിഡ്ഢികളാണ് ഇന്ത്യയുടെ ശാപം. അവര്‍ക്ക് ദളിതനായ ഇന്ത്യന്‍ ഭരണ ഘടന ശില്പി ഡോ. അംബേദ്‌കറോടും അദ്ദേഹം ഉയര്‍ത്തി പിടിച്ച മാനവിക നിലപാടുകളോടും ഇന്നാട്ടിലെ പിന്നാക്ക സമൂഹങ്ങളോടും പരമ പുച്ച്ചമാണ്. അവര്‍ കീഴാളര്‍ക്കു നേരെ 'ത്രിശൂലവുമെടുത്തു' ഇന്ത്യന്‍ രിപബ്ലികില്‍ 'മനുസ്മ്രിതി' നില നിര്‍ത്താന്‍ പാട് പെടുകയാണ്.
ലാറ്റിന്‍ ഭാഷയിലെ res publica, എന്ന പദത്തില്‍ നിന്നും ഉടലെടുത്ത 'റിപബ്ലിക്' എന്നതിന്റെ മലയാള അര്‍ഥം 'പൊതു കാര്യം എന്ന് പരിഭാഷ പ്പെടുത്താം. ഇംഗ്ലീഷില്‍ public affair എന്നാണ് അര്‍ഥം കാണുന്നത്. നിയമ വാഴ്ച, ജനകീയ ജനാധിപത്യം എന്നിവയ്ക്ക് പരമ പ്രാധാന്യമുള്ള രാഷ്ട്ര സങ്കല്പമാണ് 'റിപബ്ലിക്''. ഉപദേശീയതകളെ 'റിപബ്ലിക്' ബഹുമാനത്തോടെ അന്ഗീകരിക്കുന്നുമുണ്ട്. അതായത് കേരളവും ഒരു കൊച്ചു റിപബ്ലിക് ആണെന്ന് സാരം. ഉദാഹരണത്തിന് അമേരിക്കന്‍ ഭരണ ഘടനയുടെ നാലാം ആര്‍ട്ടിക്കിള്‍ നോക്കുക : "guarantee[s] to every State in this Union a Republican form of Government". ഇതൊന്നും അറിയാത്ത, രാഷ്ട്രത്തിന്റെ 'പൌരുഷം' തോക്കിന്‍ കുഴലിലൂടെ പുറത്തെടുക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ 'ഇന്ത്യ' എന്ന ബഹുസംസ്കാര രാഷ്ട്രസങ്കല്പത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാജ്യ ദ്രോഹികളാണ്. ഇന്ത്യയുടെ ദേശീയ ഗാനമായ 'ജനഗണമന' ഉപദേശീയതകളെ അന്ഗീകരിക്കുന്നത് കൊണ്ടാണ് സംഘ പരിവാരം അത് മാറ്റി 'വന്ദേ മാതരം' ആക്കണമെന്ന് നിരന്തരം ആവശ്യപെടുന്നതും.
സ്ത്രീയോടുള്ള സവര്‍ണ സമൂഹത്തിന്റെ അതേ കാഴ്ച്ചപാട് തന്നെയാണ് ചിത്രകാരന്റെ ഭാഷ നിഘണ്ടുവില്‍ ഉടനീളം നാം കാണുക. സവര്‍ണര്‍ വിശുദ്ധ പശുവിനെയും സ്ത്രീകളെയും ഒരു പോലെയാണ് കാണുന്നത്. രണ്ടിനെയും സൈദ്ധാന്തിക തലത്തില്‍ പൂജിക്കും. എന്നാല്‍ പ്രായോഗിക തലത്തില്‍ പശുവും സ്ത്രീയും 'ലിംഗപൂജ' ക്ക് ശേഷം ഉപേക്ഷിക്കുന്ന 'ഗര്‍ഭ നിരോധന ഉറകള്‍' പോലെയാണ്. കറവ വറ്റിയ പശുക്കളെ തെരുവോരങ്ങളിലും അബലകളായ വിധവകളെ അമ്പലതിണ്ണകളിലും ഉപേക്ഷിക്കും. സരസ്വതി പൂജ, ദുര്‍ഗാ പൂജ, നാരീ പൂജ, യോനീ പൂജ, ദേവദാസി, വിധവ വിവാഹ നിഷേധം എന്നിങ്ങനെ വ്യത്യസ്ത ഭാവങ്ങളിലൂടെ സവര്‍ണന്റെ ഭാരതീയ സ്ത്രീ സങ്കല്‍പം കടന്നു പോകുന്നു. വൃന്ദാവന്‍ നഗരത്തിലെ 15,000 വിധവകള്‍ തെരുവില്‍ അന്തി ഉറങ്ങുന്നതും ഈ വിശ്വാസത്തിന്റെ ഭാഗമാണ്. വിശ്വാസത്തിന്റെ പേരില്‍ 40 മില്യണ്‍ ഹിന്ദു വിധവകള്‍ പുനര്‍ വിവാഹം നിഷേധിക്കപ്പെട്ടു ജീവിക്കുന്നതും ഈ രാജ്യത്താണ്. ഇതിനെതിരെ വരുന്ന എല്ലാ സാംസ്കാരിക ഇടപെടലുകളേയും ഹിന്ദു ഫാസിസം തെരുവില്‍ നേരിട്ട് തോല്പിക്കും. ഹിന്ദു വിധവകളുടെ കഥ സിനിമയാക്കാന്‍ നോക്കിയ ദീപ മേഹ്തയെ ഹിന്ദുത്വ ഭീകരര്‍ കൈകാര്യം ചെയ്തത് ഓര്‍ക്കുക.
സംഘപരിവാറിന്റെ പൌരുഷം തുടിക്കുന്ന ഈ സവര്‍ണ സങ്കല്‍പം നമ്മുടെ സാമൂഹ്യ ജീവിതത്തെയും വികസനത്തെയും തകര്‍ത്തു കൊണ്ടിരിക്കയാണ്. ബലാല്‍സംഗമാണ് ഇന്ത്യയിലെ ഏറ്റവും വളര്‍ച്ച രേഖപെടുത്തിയ കുറ്റം എന്ന് കാണുക. ഓരോ നാല് മണിക്കൂറിലും ഒരു പെണ്ണ് ഈ നാട്ടില്‍ സ്ത്രീധന പീഡനത്തിനു വിധേയമായി ആത്മഹത്യ ചെയ്യേണ്ടി വരുന്നു. (NCRB) ലോകത്ത് നടക്കുന്ന പ്രസവ സംബന്ധമായ മരണങ്ങളില്‍ ഇരുപതു ശതമാനവും ഇന്ത്യയിലാണ്. പ്രതി വര്ഷം 80,000 സ്ത്രീകള്‍ ഗര്‍ഭചിദ്രത്തിനിടെ മാത്രം മരണപ്പെടുന്നു. ഇതില്‍ അധികവും സ്ത്രീ ഭ്രൂണ ഹത്യ ആണ് താനും. 32% ബി ജെ പി വോട്ടു നേടുന്ന ഉത്തര്‍ പ്രദേശിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭ സംബന്ധമായ മരണങ്ങള്‍ നടക്കുന്നത്.
ഇന്ത്യയിലെ 593 ജില്ല കളില്‍ 378 ലും ലൈംഗിക താല്പര്യങ്ങള്‍ ഉള്ള മനുഷ്യ കടത്തു നടക്കുന്നു. രാജ്യത്തെ 60 % വേശ്യകളും പിന്നാക്ക സമുദായങ്ങളില്‍ നിന്നാണ്. മധ്യ പ്രദേശ് എന്ന ആര്‍ എസ് എസ് നിയന്ത്രിത സംസ്ഥാനത്തെ 96.7 % വേശ്യകളും പട്ടികജാതി പട്ടികവര്‍ഗ സമൂഹങ്ങളില്‍ നിന്നാണ്. ഇതില്‍ 95 % പാരമ്പര്യമായി അത് ചെയ്യേണ്ടി വരുന്നവരാണ്. (Shakthi Vahini - UNDP Report 2006)
സംഹാരാത്മകമായ തീവ്ര ഹിന്ദുത്വം നില നില്കുന്നത് സ്ത്രീയുടെ മേലുള്ള 'പൌരുഷ' വാഴ്ച്ചയിലൂടെയാണ്. ഇന്ത്യയില്‍ സംഘ പരിവാരത്തിന് മേധാവിത്വമുള്ള എല്ലാ സ്ഥലങ്ങളിലും സ്ത്രീ പാര്‍ശ്വവല്കരണം ഭീതിദമായ തോതിലാണ്. ഹിന്ദുത്വ പാര്‍ടി ഭരിക്കുന്ന കര്‍ണാടകത്തില്‍ ദൈവത്തിനു നിവേദ്യം വെച്ച 25,000 വരുന്ന ദളിത് വേശ്യകളെ കുറിച്ചുള്ള BBC റിപ്പോര്‍ട്ട് കാണുക. ബ്രാഹ്മിന്‍ വേശ്യകളെ ദേവദാസി പണിക്ക് വേണ്ടെന്നാണ് സവര്‍ണരുടെ നിലപാട്. ദിനേന മൂന്നു ദളിത് സ്ത്രീകള്‍ ഈ രാജ്യത്ത് ബലാല്‍ സംഘത്തിനു ഇരയാകുന്നു എന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ ഭൂരിഭാഗം ദളിതരും നിരക്ഷരരായതിനാല്‍ അവര്ക് നേരെയുള്ള അതിക്രമങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല.
ഇന്ത്യയിലെ ദരിദ്രരില്‍ ബഹു ഭൂരിപക്ഷവും പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് സവര്‍ണ ഹിന്ദുവിന്റെ കലയോ സംസ്കാരമോ അല്ല ഉള്ളത്. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാലിലൊരു ഭാഗം വരുന്ന തുകക്ക് തുല്യമായ ധനം ഇന്ന് 35 ഹിന്ദു കുടുംബങ്ങള്‍ കൈവശം വെക്കുന്നുണ്ട്. രാജ്യത്തെ 85% പിന്നാക്ക സമുദായങ്ങളെയുംപുച്ഛത്തോടെ ജാതീയമായി കാണുന്ന ഒരു കോര്‍പ്പറേറ്റ് ഹിന്ദുത്വ യുഗത്തിനാണ് ആത്യന്തികമായി എല്ലാ രാമന്മാരും ഇന്ന് ജയ് ശ്രീ രാം മുഴക്കുന്നത്! ആര്‍ഷ ഭാരത സംസ്കാരത്തിന്റെ സവിശേഷമായ ജാതി ഘടന മാറ്റാതെ ഇതില്‍ നിന്നും ഇന്ത്യന്‍ റിപബ്ലികിനു മോചനമില്ല.
അന്ധ വിശ്വാസത്തിന്റെ പേരില്‍ ഇന്ത്യയില്‍ വിവേചനം നേരിടുന്ന പലരും പെണ്ണുങ്ങളാണ്. ഇന്ത്യയില്‍ incest നു വിധേയമാകുന്ന പെണ്‍കുട്ടികളില്‍ 4 % പേര്‍ സ്വന്തം അച്ഛന്മാരില്‍ നിന്നാണത്രേ. സാക്ഷാല്‍ ബ്രഹ്മാവ് മകള്‍ പദ്മയെ (സരസ്വതി) കാമപൂര്തിക്ക് ഉപയോഗിച്ചെന്നു വരെ പുരാണങ്ങള്‍ പറയുന്നു. ലിംഗം തന്നെ ദൈവമായിരിക്കെ incest നെ മാത്രം നമുക്ക് നിഷേധിക്കാനാവില്ലല്ലോ? നമ്മുടെ രാജ്യത്തെ incest കണക്കു BBC റിപ്പോര്‍ട്ട് ചെയ്തത് ഇവിടെ കാണുക.
കാശ്മീരികളില്‍ സിംഹ ഭാഗവും മുസ്ലിംകളായത് കൊണ്ട് അവിടെ നടക്കുന്ന സമരങ്ങള്‍ 'ഇസ്ലാംമത ഭീകരര്‍' നടത്തുന്നതാണെന്ന് സംഘ പരിവാരവും ചിത്രകാരനും ഒരുമിച്ചു പറയുന്നു. ഇന്ത്യയില്‍ പല പ്രദേശങ്ങളിലും കാണുന്ന സമാനമായ പ്രതിഷേധങ്ങളെ അവിടങ്ങളിലെ ജനത വിശ്വസിക്കുന്ന മതവുമായി കൂട്ടി കാണാറില്ല. പിന്നെ എന്ത് കൊണ്ട് കാശ്മീരിലെ പ്രശ്ങ്ങള്‍ മാത്രം "മത ഭീകരത" ആകുന്നു? മുസ്ലിം ഭൂരിപക്ഷ കാശ്മീരിലെ രാജാവ് ഒരു ഹിന്ദുവായിരുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള ജമ്മുവും മുസ്ലിം ഭൂരിപക്ഷമുള്ള കാശ്മീരും ഉള്പെട്ടതാണ് ഈ സംസ്ഥാനം. മുസ്ലിം ജനസന്ഗ്യ കുറയ്ക്കുന്ന രീതിയില്‍ ഈ സംസ്ഥാനത്തേക്ക് കുടിയേറ്റം നടത്തുന്നുവെന്നും കാഷ്മിരികള്‍ പറയുന്നു.
അതെന്തായാലും കാശ്മീര്‍ സംബന്ധമായി ഇന്ന് നിലവിലുള്ള ഇന്ത്യന്‍ ഭരണകൂടം കാശ്മീര്‍ ജനതയെ മുഖവിലക്കെടുക്കുന്ന പല നിലപാടുകളും എടുത്തിട്ടുണ്ട്. ഇതാണ് ബി ജെ പിക്ക് പിന്തുണ നല്‍കുന്ന 'കാശ്മീര്‍ പണ്ഡിറ്റ്' എന്ന സവര്‍ണ ബ്രാഹ്മണരെ പ്രകോപിപ്പിക്കുന്നതും. ലോകത്തിലെ ഏറ്റവും വലിയ പട്ടാള കേന്ദ്രീകൃത പ്രദേശമാണ് ഇന്ന് ഇന്ത്യയിലെ കാശ്മീര്‍ സംസ്ഥാനം. ഏഴു കാഷ്മീരിക്ക് ഒരു പട്ടാളക്കാരന്‍ എന്ന അനുപാതം.! അവിടെ നമ്മുടെ പട്ടാളക്കാര്‍ എല്ലാ അര്‍ത്ഥത്തിലും 'വെടി വെപ്പ്' നടത്തുന്നുണ്ട്. കാഷ്മിരികളില്ലാത്ത കാശ്മീര്‍ ഭൂപ്രദേശമാണ് ബി ജെ പി ക്കാരായ ഇന്ത്യയിലെ സവര്‍ണ വര്‍ഗം ആഗ്രഹിക്കുന്നത്. പതിവില്‍ നിന്നും മാറി ഡോ. മന്‍മോഹന്‍ സിങ്ങും കോണ്‍ഗ്രസ് പാര്‍ട്ടിയും കാശ്മീരികളെ വിശ്വാസത്തിലെടുക്കാന്‍ ശ്രമിക്കുന്ന നിലയിലേക്ക് നീങ്ങുന്നു.
കാശ്മീര്‍ അടക്കുള്ള ഇന്ത്യന്‍ ഭൂപ്രദേശങ്ങളില്‍ സംഘര്‍ഷം നില നിര്‍ത്തേണ്ടത് ആയുധ കച്ചവടം കണക്കു കൂട്ടുന്ന അമേരിക്ക, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളുടെ താല്പര്യമാണ്. അത് രാഷ്ട്ര താല്പര്യമായി കാണരുത്. പാകിസ്ഥാനിലെയും ഇന്ത്യയിലെയും പട്ടാളത്തിലും ചാര സംഘടനകളിലും ആയുധ കച്ചവടക്കാരുടെ ഒറ്റുകാര്‍ നിരവധിയാണ്. കച്ചവടത്തില്‍ നിന്നും വിഹിതം പറ്റുന്ന സംഘ പരിവാരത്തിനും, പട്ടാളത്തിലെ അവരുടെ മാഫിയക്കും ഇന്ത്യയിലെ ആഭ്യന്തര സംഘര്‍ഷങ്ങളില്‍ താല്പര്യം കാണും.
രാജ്യത്തിന്റെ നികുതി പണം ജനങളുടെ ക്ഷേമത്തിന് വിനിയോഗിക്കുകയും അത് വഴി ക്ഷേമ രാഷ്ട്രം കെട്ടി പടുക്കുകയുമാണ് ഭരണ കൂടം ചെയ്യേണ്ടത്. ഇന്ത്യയുടെ സമ്പൂര്‍ണമായ ജനാധിപത്യ വല്കരണം ആണ് ഇതിനു പരിഹാരം. ഇന്ന് സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പരിമിതമായ, ഒരു കേന്ദ്രീകൃത ഭരണ വ്യവസ്ഥയാണ് ഇന്ത്യക്കുള്ളത്. വികസനത്തിന് യൂറോപിനെ അനുകരിക്കുകയാണ് ഇന്ത്യയുടെ വളര്‍ച്ചക്കുള്ള ഒരു മാര്‍ഗം. അവിടത്തെ ജനാധിപത്യ വല്കരണത്തിന്റെ ഒരു കൊച്ചു ഉദാഹരണം പറയാം. സ്വിറ്റ്സര്‍ലന്‍ഡ് എന്നത് വളരെ സമ്പന്നമായ ഒരു കൊച്ചു രാഷ്ട്രമാണെന്ന് പരക്കെ അറിയാം. എന്നാല്‍ സ്വിസ്സ് പൌരത്വം ലഭിക്കുന്നതിനു ഒരു വിദേശിയെ പിന്തുണയ്ക്കുന്ന പ്രധാന രേഖ നല്‍കുന്നത് അവിടത്തെ പഞ്ചായത്ത് വാര്‍ഡ് തലത്തിലുള്ള സമിതിയാണ്. അതില്ലാതെ സ്വിസ് പൌരത്വം നിങ്ങള്ക്ക് ലഭിക്കില്ല. ഇന്ത്യയിലാണെങ്കില്‍ ഇത് നേരെ മറിച്ചാകും, ദില്ലിയിലാകും അത് നടക്കുക. ഗാന്ധിജിയുടെ രാഷ്ട്ര സങ്കല്‍പത്തിലുള്ള "ഗ്രാമ സ്വരാജ്" ഇന്ത്യയിലെ സവര്‍ണ വര്‍ഗം ഇന്ന് കാണിക്കുന്ന ദില്ലി കേന്ദ്രീകൃത ഭരണത്തില്‍ നിന്നും എത്രയോ അകലെയാണ്!
കാശ്മീരിലെ പ്രശ്നങ്ങള്‍ സംഘപരിവാരം ഇന്ത്യന്‍ പതാക ഉയര്‍ത്തി തീര്കാവുന്നതല്ല എന്ന് സാമാന്യ ബോധമുള്ള എല്ലാവര്ക്കും അറിയാം. സംഘപരിവാരത്തിന്റെ ഈ കാശ്മീര്‍ "പൌരുഷ പ്രകടനം" കൊണ്ട് ഈ നാടിനോ ജനങ്ങള്‍ക്കോ ഒന്നും നേടാനില്ല.
തങ്ങള്‍ക്കിഷ്ടപെടാത്തവര്‍ ഇന്ത്യയുടെ ദേശീയ പതാക വഹിക്കുന്നുണ്ടോ, അവരില്‍ ആരെങ്കിലും അത് തല തിരിച്ചു കെട്ടിയിരിക്കുന്നോ എന്ന് നോക്കാന്‍ സംഘ പരിവാരത്തിന് പ്രത്യേക വിഭാഗം ഉണ്ടായിരിക്കാം. എന്നാല്‍ ആര്‍ എസ് എസ് കാര്‍ ഇന്ത്യയുടെ ദേശീയ പതാകയുടെ ത്രിവര്‍ണ സ്വഭാവം അന്ഗീകരിക്കുന്നില്ല. അത് കൊണ്ട് തന്നെ നാഗ്പൂര്‍ ആര്‍ എസ് എസ് ആസ്ഥാനത്ത് അതിത് വരെ ഉയര്ത്തിയിട്ടുമില്ല.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഇന്ത്യയില്‍ എല്ലായിടത്തും സ്ത്രീ, പുരുഷ, ജാതി, മത, ഭേദമന്യേ, പട്ടിണിയില്ലാതെ, ഭീതിയില്ലാതെ യാത്ര ചെയ്യാനാകുന്ന ദിവസം എന്നാണോ അന്നാണ് "റിപബ്ലിക് ഓഫ് ഇന്ത്യ" എന്ന രാഷ്ട്ര സങ്കല്‍പം പൂര്‍ണമാകുന്നത്. അന്ന് കേരളത്തില്‍ വരുന്ന കാശ്മീരി കമ്പിളി കച്ചവടക്കാരോട് കേരളത്തിലെ പോലിസ് ശത്രു രാജ്യക്കാരോടെന്ന പോലെ പെരുമാറില്ല. അന്ന് കാഷ്മീരികള്‍ 'നിങ്ങള്‍ ഇന്ത്യക്കാരനാണോ' എന്ന് നമ്മോടു ചോദിക്കയുമില്ല. എന്നാകും കാശ്മീരി ആപ്പിളുകള്‍ കേരളത്തിലെ കടകളില്‍ ലഭ്യമാകുന്നത്? എന്നാകും കാശ്മീരിലേക്ക് മലയാളികള്‍ക്ക് വിനോദ യാത്ര പോകാനാകുക? അത്തരം ഒരു ജനുവരി ഇരുപത്തിആറു എന്നായിരിക്കും നാം ആഘോഷിക്കുക ?
ജയ് ഹിന്ദ്!
തുടര്‍ വായനക്ക്
ആയുധ വ്യാപാരം പട്ടിണിയെ എങ്ങിനെ ബാധിക്കുന്നു?
വിവിധ രാജ്യങ്ങളിലെ ലിംഗ വിവേചന റിപ്പോര്‍ട്ട്
കാശ്മീര്‍ റിപ്പോര്‍ട്ട് ഹ്യുമന്‍ റൈട്സ് വാച്


