2012, ജനുവരി 24, ചൊവ്വാഴ്ച

കേരളത്തിലെ മുല്ലപൂ വിപ്ലവം

കേരളത്തില്‍ ഉയര്‍ന്നു വന്ന ഇമെയില്‍ ചോരണവുമായി ബന്ധപ്പെട്ടു ഇമെയില്‍ അയച്ച വ്യക്തിയുടെ വിശദീകരണം ഇപ്പോള്‍ ബ്ലോഗില്‍ ലഭ്യമാണ്. ( ലിങ്ക് അവസാനം കാണുക.) പോലിസ് നിരീക്ഷണത്തിന് വിധേയമായെന്നു കരുതേണ്ട  ഉള്ളടക്കം താഴെ ചിത്രത്തില്‍  കാണാം. 
കടപ്പാട് : http://hafeezkv.blogspot.com/
അപരിചിതര്‍ക്ക് പോലും ഇമെയിലുകള്‍  BCC, CC ചെയ്യുന്ന ഏര്‍പ്പാട്  പലരിലും കാണാറുണ്ട്‌. പലരും സ്വന്തം വാദങ്ങള്‍ക്ക് അനുകൂലികളെ സൃഷ്ടിക്കാന്‍ മാസ് ഇമെയില്‍ ചെയ്യാറുമുണ്ട്. 'മദനി'യുടെ മോചനം തേടുന്ന  ഒരു മാസ് മെയില്‍ ആണ്,  ഭീകര കഥയായി ഇപ്പോള്‍ പോലിസ് അന്വേഷിക്കുന്നത് എന്ന് വേണം കരുതാന്‍. അതെന്തായാലും 'മാസ് ഇമെയില്‍' രോഗമുള്ളവര്‍ക്ക്  കേരളത്തിലെ ഈ 'ഇമെയില്‍' ഭീകര വേട്ട ഒരു പാഠം ആകട്ടെ.  Missed Call അടിച്ചു പൈസ ലാഭിക്കുന്ന മലയാളി പൊതു ബോധത്തിന്റെ മറ്റൊരു വകഭേദം ആണീ BCC, CC സൂക്കേട്‌.  

പോലിസ്  'ഭീകര'നിഘണ്ടുവില്‍ പെടുത്തിയിരിക്കാന്‍  സാധ്യത ഉള്ള "INDIAN JASMINE REVOLUION" "MANY TAHRIR SQUARES" തുടങ്ങിയ  ആലങ്കാരിക പദങ്ങള്‍ അല്ലെങ്കില്‍ MADANI എന്ന 'കൊടും ഭീകരന്‍' എന്നിവ ആയിരിക്കണം  ഈ പോലിസ് വേട്ടക്കു കാരണം എന്ന് തോന്നുന്നു. ഈ മാസ്സ് മെയില്‍ അയച്ച വ്യക്തിക്ക്   കേരളത്തിലെ പോലിസ് സംവിധാനത്തിലെ ഒരു വിഭാഗം വര്‍ഗീയവല്‍കരിക്കപ്പെട്ടുവെന്നു മുമ്പേ അറിയാം  എന്ന് വ്യക്തം.  ഇത്തരം പദങ്ങളൊന്നും ആസ്വദിക്കാവുന്ന കലാ-സാംസ്കാരിക- രാഷ്ട്രീയ  ബോധം  നമ്മുടെ നാട്ടില്‍ ഇടതു പക്ഷക്കാര്‍ക്ക്  പോലും  ഇല്ല. എന്നിട്ടല്ലേ പോലീസിനു?  ഇമെയില്‍ അയച്ചയാള്‍ 'മദനി'യുടെ ജയില്‍  മോചനം ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. എന്നാല്‍ ഇതില്‍ ഒരിടത്തും 'സിമി' എന്ന പദം വരുന്നില്ല. 'മദനി'ക്ക് വേണ്ടി പറയുന്നവരെല്ലാം 'സിമി' യുമായി ബന്ധമുള്ളവര്‍ എന്നൊരു നിഗമനത്തിലാണ് നമ്മുടെ പോലിസ്. 'സിമി'യുമായി ബന്ധപെടുത്തി ആരെയും തകര്‍ക്കാം. ടി. സിദ്ധീക്ക് എന്ന യൂത്ത് കോണ്‍ഗ്രസ്‌ നേതാവിന് സീറ്റ്‌ നിഷേധിക്കാന്‍ വേണ്ടി പോലും 'സിമി'യെ കരുവാക്കി.

അറബ് ഭാഷയിലെ  'തഹരീര്‍ ' എന്നതിന് പകരം  'വിമോചനം' എന്ന അതിന്റെ തനി മലയാള വിവര്‍ത്തനം മെയിലില്‍ ഉണ്ടായാലും പോലീസിനു ഇത്രയും പ്രശനം കാണില്ല. അറബ് -ഉര്‍ദു ഭാഷയിലെ എല്ലാ പദങ്ങളെയും നാം  ഇസ്ലാം മതവുമായി ബന്ധപ്പെടുത്തുന്നത് കൊണ്ടാണ്, 'ഇന്ത്യന്‍ മുജാഹിദീന്‍' 'ലക്ഷരെ തയ്യെബ' തുടങ്ങിയ അജ്ഞാത  ഭീകര സംഘടനകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നില്കുന്നത്.  സത്യത്തില്‍,  അറബ് ഭാഷ സംസാരികുന്നവരില്‍  20 ശതമാനം അറബ്  രാജ്യങ്ങളിലെ തന്നെ പൌരന്മാരായ ക്രിസ്താനികളും, ജൂതരും ആണ് എന്നാണ്  PEW റിസര്‍ച്ച് റിപ്പോര്‍ട്ട്‌. 'ഭാഷയെയും' 'മതത്തെയും' വേര്‍തിരിച്ചു കാണാന്‍ പലര്‍ക്കും കഴിയുന്നില്ല. ഇത്തരം ഇടുങ്ങിയ  ചിന്ത കാരണം  സംസ്കൃതം അഹിന്ദുക്കള്‍  പഠിക്കരുതെന്നും, മുസ്ലിംകള്‍ ഉര്‍ദു മാത്രമേ സംസാരിക്കാവൂ എന്നുമൊക്കെ ചിന്തിക്കുന്നവരുടെ എണ്ണം നമുക്കിടയില്‍ കൂടുതലാണ്. 

'മുല്ലപൂ വിപ്ലവം' അല്ലെങ്കില്‍ 'അറബ് വസന്തം' നടന്ന പല അറബ്  നാടുകളില്‍ നിന്നും വ്യത്യസ്തമായി, നമ്മുടെ ഇന്ത്യയില്‍  ബാബാ സാഹെബ് അംബേദ്‌കര്‍ മുന്‍കയ്യെടുത്തു എഴുതി തയാറാക്കിയ  ഒരു ജനാധിപത്യ ഭരണ ഘടന വര്‍ഷങ്ങളായി  നില നില്കുന്നുണ്ട്. മുസ്ലിംകളെ പോലെ ദളിത്‌, പിന്നാക്ക ആദിവാസി വിഭാഗങ്ങള്‍ ഇന്ത്യയുടെ ജാതീയ വ്യവസ്ഥയില്‍ സാമൂഹ്യവും, സാമ്പത്തികവും, രാഷ്ട്രീയ വിവേചനത്തിന് ഇരയാകുന്നുമുണ്ട്. ലോക മുസ്ലിം ജനസന്ഗ്യയില്‍ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ്  ഇന്ത്യ എന്നും ഓര്‍ക്കുക. (PEW Report കാണുക). നമ്മുടെ പ്രിയപ്പെട്ട രാജ്യത്തു വംശീയവും വര്‍ഗീയവുമായി സങ്ങര്ഷങ്ങള്‍ ഉണ്ടാക്കേണ്ടതും നില നിര്തെണ്ടതും ആയുധം വില്പന ജീവിത മാര്‍ഗമാക്കിയ അമേരിക്ക, ഇസ്രയേല്‍, തുടങ്ങിയ രാജ്യങ്ങളുടെ താല്പര്യമാണ്.

'ഭീകരത' എന്ന പദം കമ്പോള ശക്തികളുടെ താല്പര്യമാണ്. അത് ദേശ സുരക്ഷയില്‍ എഴുതി  ചെര്തതോടെ  'ദാരിദ്ര്യ നിര്‍മാര്‍ജനം' അവഗണിക്കപ്പെട്ടു. പട്ടിണി കിടന്നു മരിക്കുന്നവരുടെ കണക്കു അവഗണിക്കപ്പെടുകയും സ്ഫോടനങ്ങളിലെ മരണകണക്കു   പര്‍വതീകരിക്കപെടുകയും  ചെയ്തു. ഈ പെരുപ്പിച്ചു കാണിക്കുന്ന ഭീകര  സ്ഫോടനങ്ങലെക്കാള്‍ എത്രയോ ഇരട്ടിയാണ് അമ്പലങ്ങളിലെ തിക്കിലും തിരക്കിലും മരിക്കുന്ന ഭക്തരുടെ എണ്ണം പോലും എന്നും ജനം മറന്നു. എന്നിട്ടും സ്ഫോടനങ്ങളുടെ വാര്‍ഷിക ദിനങ്ങള്‍ ദേശീയ സുരക്ഷാ ഉത്സവങ്ങളായി. അതിനോടൊപ്പം   'ഭീകരതയുടെ' പേരില്‍  വ്യാജമോ, ദുര്‍ബലമോ ആയ കേയ്സുകള്‍ സൃഷ്ടിച്ചു  പിന്നാക്ക വിഭാഗത്തിലെ  പൌരന്മാരെ ഭീകരരാക്കി ജയിലിലോ, നിയമ കുരുക്കിലോ തളക്കുന്നു. ഇതിന്റെയൊക്കെ  പിന്നില്‍ അതി ശക്തരായ അന്താരാഷ്‌ട്ര ആയുധ കച്ചവടക്കാരും അവര്‍ക്ക് വേണ്ടി കമ്മീഷന്‍ അടിസ്ഥാനത്തില്‍ ദേശദ്രോഹ പണി ചെയ്യുന്ന പോലിസ്, സുരക്ഷാ ഉദ്യോഗസ്ഥരുംമാണ്.  വികി ലീക്സ് സ്ഥാപകനെതിരെ ഉയര്‍ന്ന കേയ്സുകളിലും ഈ കരങ്ങള്‍ കാണാം. ഇന്ത്യയില്‍ ചരിത്രപരമായി തന്നെ ഈ അധികാരി വര്‍ഗ്ഗത്തിന്റെ ഇരകളാകാന്‍ വിധിക്കപ്പെട്ടവര്‍ മുസ്ലിമ്കാലോ, ദളിതരോ അടങ്ങിയ പിന്നാക്ക വിഭാഗം  ആകുന്നു. ദളിതരോ ആദിവാസിയോ ആകുമ്പോള്‍ “മാവോ വാദി’ എന്ന് വിളിക്കുമെന്ന വ്യതാസം മാത്രം.

ആഗോള ആയുധ വിപണനത്തിന് ഇഷ്ടപ്പെട്ട രണ്ടു പ്രത്യയ ശാസ്ത്രങ്ങള്‍ ആണ് സയണിസം, ഹിന്ദുത്വം എന്നിവ. ഇന്ത്യയിലെ അവരുടെ എജെന്റുമാരാകാന്‍  എന്ത് കൊണ്ടും യോഗ്യത സംഘ പരിവാരത്തിനാണ്.  മത സംഘടനകള്‍ യഥാര്‍ത്തത്തില്‍ ശ്രദ്ധിക്കേണ്ടത് നിരായുധീകരണത്തിനാണ്. സങ്ങര്ഷങ്ങള്‍ സൃഷ്ടിച്ചു ആയുധങ്ങള്‍ വില്കാന്‍ ശ്രമിക്കുന്ന കമ്പോള ശക്തികളുടെ ചട്ടുകങ്ങലാകുകയാണ് ഇന്ന് പല മത സംഘടനകളും. ആയുധ കച്ചവടക്കാര്‍ക്ക്  വേണ്ടി നിയമത്തെ വളച്ചൊടിക്കുന്ന പോലിസ്, രാജ്യ രക്ഷാ തുടങ്ങിയ  വിഭാഗത്തിലെ ഉന്നതന്മാര്‍ക്ക് കിമ്പളം കിട്ടുന്നത് മക്കളുടെ ഉപരി പഠനം, അല്ലെങ്കില്‍ അന്താരാഷ്‌ട്ര കമ്പനികളില്‍ മക്കള്‍ക്കോ, ബന്ധുക്കള്‍ക്കോ ഉയര്‍ത്ന്ന ശമ്പളത്തോടെ ജോലി, വിദേശ രാജ്യങ്ങളില്‍  സ്ഥിര താമസം,  അടുത്തൂണ്‍ പറ്റിയാല്‍ ‘തിങ്ക്‌ ടാങ്ക്’ എന്നറിയപ്പെടുന്ന ഉപജാപ കേന്ദ്രങ്ങളില്‍ തൊഴില്‍ എന്നീ വകയിലാണ്. ‘രാജ്യ സ്നേഹം’ 'രാജ്യ രക്ഷ' എന്നീ  മേല്‍വിലാസങ്ങളില്‍  ‘അഴിമതി’ നടത്തുന്നത് ഇന്ത്യയില്‍ നിയമ വിധേയം ആണ് താനും. കാരണം ഇവക്കു വേണ്ടി  40% ത്തിനു മുകളില്‍ നമ്മുടെ ബജറ്റ് വിഹിതം നീക്കി വെക്കുന്നുവെങ്കിലും  അവ  നിയമ നിര്‍മാണ സഭയുടെ സാമ്പത്തിക മേല്‍നോട്ടത്തിനു പുറത്താണ്. 

ഈ സംഭവത്തിലെ   ഇമെയില്‍ അയച്ച വ്യക്തിയെ  പോലെ,  വിവേക ബോധമില്ലാതെ ഒരു കാലത്ത്  ആവേശത്തില്‍ മുസ്ലിം പ്രശ്നങ്ങള്‍ സംസാരിച്ചതിന്റെ മറ്റൊരു ഒരു ഇരയാണ് അബ്ദുല്‍ നാസര്‍ മദനിയും എന്ന് മനസ്സിലാക്കുക. ബാല്‍ താക്കറെയെ പോലെ  വിഷം തുപ്പിയ ആളായിരുന്നില്ല മദനി. എന്നാല്‍ ഇന്ത്യയുടെ സമ്പൂര്ണ ജനാധിപത്യ വല്കരണത്തിനെതിരെ പലപ്പോഴും നില്‍കുന്ന പോലിസ്, കോടതി തുടങ്ങിയ ഭരണ ഘടനക്കകത്തെ സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും അവയെ  നിയന്ത്രിക്കുന്ന മുന്നാക്ക വര്‍ഗ ശക്തികളുടെ കുതന്ത്രങ്ങളെയും കുറിച്ച്  മദനിക്ക് ഇനിയും മനസ്സിലാക്കാന്‍ ആയിട്ടില്ല. മുസ്ലിം സമൂഹം  ഭരണകൂടത്തില്‍ പിടി ഒരുക്കിയ സവര്‍ണരുടെ  കെണികളെ  മനസ്സിലാക്കി കൊണ്ട്  പൊതു സമൂഹവുമായി വിവേക പൂര്‍വ്വം സംവദിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

സിമി രോസേബെല്‍ ജോണ്‍
"ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ" എന്നൊരു പ്രമേയം പൊതു ചര്‍ച്ചക്ക്,  ഒരു വാര്‍ഷിക സമ്മേളനത്തില്‍ ഉയര്‍ത്തിയതോടെയാണ് 'സിമി' എന്ന ഒരു ചെറു സംഘടന വേട്ടയാടപ്പെട്ടത്. നിരോധനം നില നിര്‍ത്താനായി പിന്നീട് പല  സ്ഫോടന കേസുകളിലും ആ സംഘടനയുടെ പേര്  ചാര്‍ത്തി കൊണ്ടിരിക്കുന്നു.  സാക്ഷാല്‍ 'RSS' തന്നെ  പല തവണ നിരോധിക്കപ്പെട്ട സംഘടനയാണ്. എന്നാല്‍ അവരുമായി ബന്ധമുള്ള ആരും ഇത്തരം വിവേചനത്തിന് വിധേയമായിട്ടില്ല.  'സിമി' എന്ന പേരുള്ള എന്തും ഇന്ന്  നിരീക്ഷണ വിധേയമായാണ്. കേരളത്തിലെ പ്രമാദമായ ഒരു ഇമെയില്‍ ഭീകര കഥയിലെ നായകന്‍ 'സിമി' എന്ന പെണ്‍കുട്ടിയെ പ്രണയിച്ച നിരാശ കാമുകന്‍ ആയിരുന്നുവെന്നു കൂടെ  ഓര്‍ക്കുക. എന്തിനധികം,  കേരളത്തിലെ പ്രമുഖ  യൂത്ത് കോണ്‍ഗ്രസ്‌ നേതാവായിരുന്ന,  'സിമി റോസബെല്‍ ജോണ്‍' എന്ന സുന്ദരി പോലും കോണ്‍ഗ്രസ്‌ രാഷ്ട്രീയത്തിന് പുറത്തായ മട്ടിലാണ്. 'മദനി' ക്ക് വേണ്ടി രണ്ടു വാക്ക് പണ്ടെങ്ങോ ആര്‍ ബാലകൃഷ്ണ പിള്ള പറഞ്ഞതോടെ അയാള്‍ സംഘ പരിവാരത്തിന്റെ ഹിറ്റ്‌ ലിസ്റ്റില്‍ പെട്ടതും ഈ കേരളത്തിലാണ്.  'മദനി' എന്നോ 'സിമി' എന്നോ ആരെങ്കിലും പറഞ്ഞാലോ എഴുതിയാലോ അവരുടെ കാര്യം കട്ടപൊക എന്ന് ഗുണ പാഠം.

വിവാദ ഇമെയില്‍,  അയാളുടെ കുറിപ്പോടെ ഇവിടെ കാണാം.

4 അഭിപ്രായങ്ങൾ:

 1. മഞ്ഞപിത്തം പിടിപെട്ടവര്‍ക്ക് കാണുന്നതെല്ലാം മഞ്ഞ തന്നെ.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. ഇവിടുത്തെ ജയിലുകളില്‍ ഭൂരിഭാഗം പിന്നാക്ക ദളിത്‌, ആദിവാസി സമൂഹത്തില്‍ നിന്നാണ്. ഇന്ത്യയിലെ മുസ്ലിം ജനസന്ഗ്യ 15 ശതമാനത്തിനു അടുത്തെ ഉള്ളുവെങ്കിലും വിധി കാത്തു ജയിലില്‍ കഴിയുന്നവരുടെ തോത് 22.5 % ആണെന്ന് NCRB കാണാം. ഇതില്‍ 19.1% മാത്രമേ കോടതി വിധികളില്‍ ശിക്ഷിക്കപെടുന്നുള്ളൂ. മദനി ഒന്‍പതു വര്ഷം ജയിലില്‍ കഴിഞ്ഞതും വിചാരണ തടവുകാരന്‍ ആയിട്ടായിരുന്നു. വീണ്ടും അയാള്‍ വിചാരണ തടവുകാരനായി ജയിലില്‍ കിടക്കുന്നു.
   ഇന്ത്യയിലെ മുസ്ലിം തടവുകാരെ കുറിച്ച് ഈ കുറിപ്പ് കാണുക. A Few Myths, Fewer Facts about Muslims, Omair Ahmed, Aug 16, 2007 IBN LIVE.

   ഇല്ലാതാക്കൂ
 2. മദനി എന്ന് ഉച്ചരിക്കുന്നത് പോലും തീവ്രവാദവും, സിമിയുമായി കൂട്ടികെട്ടലും ആകുന്ന വര്‍ത്തമാന കാല കേരളം വാസ്തവത്തില്‍ ഇസ്ലാമോഫോബിയയുടെ ഒരു പകര്‍പ്പ് തന്നെയാണ്.

  മറുപടിഇല്ലാതാക്കൂ
 3. പച്ചക്കുതിരപ്പുറമേറിയ യുക്തിവാദി

  താങ്കളെ അറിയിക്കുന്നതിനു വേണ്ടിയിട്ട ലിങ്ക് താല്‍പര്യമില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

  ഏതെങ്കിലും തരത്തിലുള്ള വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുമല്ലോ

  മറുപടിഇല്ലാതാക്കൂ