നിധിശേഖരത്തിന്റെ ചൂഷണചരിത്രം

ബി.എസ്. ബാബുരാജ്

പത്മനാഭസ്വാമിക്ഷേത്രത്തിലെ അടഞ്ഞുകിടന്ന നിലവറകള്‍ പുറത്തുകൊണ്ടുവന്ന നിധിശേഖരം രാജ്യത്താകമാനം ചൂടുപിടിച്ച  ചര്‍ച്ചകള്‍ക്കു കാരണമായി. അതുണ്ടാക്കിയ കൌതുകം കേരളത്തിന്റെയോ ഇന്ത്യയുടെത്തന്നെയോ അതിര്‍ത്തികളില്‍ ഒതുങ്ങിനിന്നില്ല. ലോകത്തിലെ പല പ്രമുഖ പത്രങ്ങളും തങ്ങളുടെ പ്രതിനിധികളെ വാര്‍ത്തകള്‍ ശേഖരിക്കുന്നതിനായി തിരുവനന്തപുരത്തേക്കയച്ചു.  'ആഗോളമാധ്യമങ്ങളില്‍ മഹാനിധി വാര്‍ത്ത നിറയുന്നു'വെന്ന തലക്കെട്ടോടെയാണു മാതൃഭൂമി ഇക്കാര്യം അഭിമാനപൂര്‍വം അവതരിപ്പിച്ചത്. അങ്ങനെ, നൂറ്റാണ്ടുകളായി അടഞ്ഞുകിടന്ന നിലവറകളില്‍നിന്നു പുറത്തുവന്നത് ലക്ഷം കോടിയുടെ ശേഖരങ്ങള്‍ മാത്രമായിരുന്നില്ല, മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലേക്കുള്ള പുത്തന്‍ ഈടുവയ്പു കൂടിയായിരുന്നു.
എന്നാല്‍, അഭിമാനബോധത്തിനു പുറത്ത്  ഈ നിധികുംഭങ്ങള്‍ ചില ചര്‍ച്ചകള്‍ക്കും ഒട്ടൊക്കെ വിവാദങ്ങള്‍ക്കുംകൂടി കാരണമായി.  എന്‍.എസ്.എസും ചില ഹൈന്ദവസംഘടനകളും പത്മനാഭസ്വാമിക്ഷേത്രത്തില്‍നിന്നു കണ്െടടുത്തത്  ഹിന്ദുവിന്റെ സ്വത്താണെന്നും അത് അതേപടി സ്റ്റേറ്റ് സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ വെള്ളാപ്പള്ളി നടേശന്‍  നിധിശേഖരത്തെ, ക്ഷേത്രങ്ങളുടെ സ്വത്ത് ഒരു മതേതരസര്‍ക്കാരിനു കൈകാര്യം ചെയ്യാന്‍ എന്തവകാശമെന്ന ദശകങ്ങള്‍ പഴക്കമുള്ള ചോദ്യവുമായി വന്നു. 'മുസ്ലിംകളും പിന്നീട് ബ്രീട്ടീഷുകാരും ഹിന്ദുക്കളുടെ ക്ഷേത്രസ്വത്തുക്കള്‍ തട്ടിയെടുത്ത' ചരിത്രത്തിലേക്ക് എത്തിനോക്കാനും വെളളാപ്പളളി മറന്നില്ല. അതിനിടയില്‍  നിധിശേഖരത്തില്‍ അവകാശവാദമുന്നയിച്ചുകൊണ്ടു തമിഴ്നാട്ടിലെ തിരുവട്ടാറില്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തില്‍ നാട്ടുകാരുടെ ഒപ്പുശേഖരണം നടന്നു.
കന്യാകുമാരിയിലെ പത്മനാഭപുരം ആസ്ഥാനമാക്കി ഭരിച്ച കാലത്തു തിരുവിതാംകൂര്‍ രാജാക്കന്മാര്‍ കുലദൈവമായി ആരാധിച്ചിരുന്നത് ആദികേശവ പെരുമാളിനെയായിരുന്നുവെന്നും പിന്നീടു തിരുവനന്തപുരത്തേക്ക്  ആസ്ഥാനം മാറ്റിയപ്പോഴാണു ശ്രീപത്മനാഭനെ ആരാധിക്കാന്‍ തുടങ്ങിയതെന്നും ഇപ്പോള്‍ കണ്െടടുത്ത സ്വത്തില്‍ ആദികേശവ പെരുമാളിനും അവകാശമുണ്െടന്നായിരുന്നു ഭക്തരുടെ വാദം. അതേസമയം, തിരുവിതാംകൂര്‍ രാജാക്കന്മാരുടെ പ്രജാസ്നേഹത്തിന്റെ ഉദാഹരണമായി കണ്െടടുത്ത നിധിയെ വിശദീകരിക്കാനും ഈ അവസരം ചിലര്‍ ഉപയോഗപ്പെടുത്താതിരുന്നില്ല. ഒപ്പം, സര്‍ക്കാര്‍മുതല്‍ കട്ടുമുടിക്കുന്ന ഇക്കാലത്തെ രാഷ്ട്രീയക്കാരെപ്പോലെയല്ല  തിരുവിതാംകൂര്‍ രാജാക്കന്മാര്‍ എന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നതെന്നും വ്യാഖ്യാനങ്ങളുണ്ടായി.
നിലവറകളിലെ നിധിയുടെ ഉടമസ്ഥാവകാശമാര്‍ക്കെന്നതായിരുന്നു  ഉയര്‍ന്നുവന്ന ചര്‍ച്ചകളുടെ പ്രമേയം.  പലപ്പോഴും ശരിയായ തെളിവുകളെ തെറ്റായ വീക്ഷണത്തിലൂടെ അവതരിപ്പിച്ചുകൊണ്ടായിരുന്നു പലരും ഈ ചര്‍ച്ചകളില്‍ തങ്ങളുടെ വാദമുഖങ്ങള്‍ കെട്ടിപ്പൊക്കിയിരുന്നത്. പത്മനാഭസ്വാമിക്ഷേത്രമുള്‍പ്പെടെ പൊതുവില്‍ ക്ഷേത്രസ്വത്തുവകകളുടെ ചരിത്രപരമായ പരിണാമവും  കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ സിവില്‍ ഭരണസംവിധാനത്തില്‍ ക്ഷേത്രങ്ങള്‍ വഹിച്ചിരുന്ന പങ്കും വിശകലനം ചെയ്തുകൊണ്ടു മാത്രമേ ഉടമസ്ഥാവകാശത്തിന്റെ പ്രശ്നങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാനാകൂ.

സ്വകാര്യക്ഷേത്രങ്ങളും         പൊതുക്ഷേത്രങ്ങളും
കേരളത്തില്‍ സ്വകാര്യക്ഷേത്രങ്ങളും പൊതുക്ഷേത്രങ്ങളുമുണ്ട്. ആദ്യകാലം മുതലേ സ്വകാര്യ വ്യക്തികളോ കുടുംബങ്ങളോ കൈവശം വച്ചുവരുന്നതാണു സ്വകാര്യക്ഷേത്രങ്ങള്‍.  കരമൊഴിവായി സര്‍ക്കാര്‍ നല്‍കുന്ന ഭൂമിയില്‍നിന്നോ വ്യക്തികള്‍ നല്‍കുന്ന കാണിക്കയോ ആയിരുന്നു ഇവയുടെ മുഖ്യവരുമാനം. ഇത്തരം സ്വകാര്യക്ഷേത്രങ്ങള്‍ ഇന്നും സ്വകാര്യ ഉടമസ്ഥതയില്‍ത്തന്നെ തുടരുകയാണ്. നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളുടെ കൈവശമുണ്ടായിരുന്ന ക്ഷേത്രങ്ങളാണു  പൊതുക്ഷേത്രങ്ങള്‍. പിന്നീട് പാര്‍ലമെന്ററി സമ്പ്രദായം നിലവില്‍വന്നപ്പോള്‍ മറ്റു സ്വത്തുക്കളോടൊപ്പം ക്ഷേത്രവും പുതിയ സര്‍ക്കാരിന്റെ അധീനതയിലായി.  ഉദാഹരണത്തിന്, 1949ലെ തിരു-കൊച്ചി സംസ്ഥാനത്തിന്റെ രൂപീകരണത്തിനു മുമ്പു കൊച്ചിയുടെയും തിരുവിതാംകൂറിന്റെയും അധീനതയിലായിരുന്ന 1,194 ചെറുതും വലുതുമായ ക്ഷേത്രങ്ങളാണ് 1950ലെ തിരുവിതാംകൂര്‍ കൊച്ചി ഹിന്ദു മതസ്ഥാപന ആക്റ്റ് പ്രകാരം ജനായത്തസര്‍ക്കാരിന്റെ നിയന്ത്രണങ്ങളിലേക്കു വന്നത്. തിരുവിതാംകൂറിന്റെ കാര്യത്തില്‍ രാജാവും ഇന്ത്യന്‍സര്‍ക്കാരും ചേര്‍ന്ന് 1949ല്‍ ക്ഷേത്രങ്ങളെ സംബന്ധിച്ച ഒരു കരാര്‍ ഒപ്പിടുകയായിരുന്നു. കേരളത്തിലെ മറ്റു പ്രദേശങ്ങളിലും ഇതേരീതിയില്‍ തന്നെയാണു ക്ഷേത്രഭരണം സര്‍ക്കാരിന്റെ കൈയിലെത്തുന്നത്.

പത്മനാഭസ്വാമിക്ഷേത്രവും         സമാന്തര അധികാരവും
കേരളത്തിലെ ക്ഷേത്രങ്ങളില്‍നിന്ന് അതിന്റെ അധികാരഘടനകൊണ്ടും സ്വഭാവം കൊണ്ടും വ്യത്യസ്തമായിരുന്നു പത്മനാഭസ്വാമിക്ഷേത്രം. ഇളംകുളം കുഞ്ഞന്‍പിള്ള പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഈ പ്രത്യേകതകള്‍  എടുത്തുപറഞ്ഞിട്ടുണ്ട്. ഈ ക്ഷേത്രത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഒമ്പതാം നൂറ്റാണ്ടു മുതലാണ് ആരംഭിക്കുന്നത്. ക്ഷേത്രം നിന്നിരുന്ന തിരുവനന്തപുരം ആദ്യം ഒരു ജൈനവിദ്യാഭ്യാസകേന്ദ്രമായാണ് അറിയപ്പെട്ടിരുന്നതെങ്കിലും ക്ഷേത്രം പുരോഗമിച്ചതോടെ ക്ഷേത്രനഗരമെന്ന നിലയില്‍ അറിയപ്പെടാന്‍ തുടങ്ങി. എന്നാല്‍, തിരുവനന്തപുരവും പത്മനാഭസ്വാമിക്ഷേത്രവും തമ്മിലുള്ള  വേണാടു രാജവംശത്തിന്റെ ചാര്‍ച്ചകള്‍ ആരംഭിക്കുന്നത് ഏറെക്കഴിഞ്ഞാണ്.
സാംസ്കാരികവും മതപരവുമായ കേന്ദ്രങ്ങളായിരുന്ന അക്കാലത്തെ എല്ലാ ക്ഷേത്രങ്ങളെയുംപോലെ പത്മനാഭസ്വമിക്ഷേത്രവും നിയന്ത്രിച്ചുകൊണ്ടിരുന്നത് ഊരാളന്മാരായിരുന്നു.  വമ്പിച്ച ഭൂസ്വത്തുക്കള്‍ സ്വന്തമായുണ്ടായിരുന്ന ഈ ക്ഷേത്രത്തിന്റെ രക്ഷാധികാരി തൃപ്പാപ്പൂര്‍ മൂപ്പ് എന്നറിയപ്പെട്ടിരുന്ന രാജാവിന്റെ പ്രതിനിധിയായിരുന്നുവെങ്കിലും ക്ഷേത്രത്തിലെ സമ്പത്തിന്റെയും ക്ഷേത്ര ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങളുടെയും  അധികാരി എട്ടരയോഗം എന്നറിയപ്പെട്ടിരുന്ന നമ്പൂതിരിസഭയായിരുന്നു. എട്ടരയോഗത്തിലെ അരയോഗക്കാരനായിരുന്നു രാജാവ്.
ക്ഷേത്രഭരണത്തിനു പുറമെ ഒരു സിവില്‍ ഭരണകൂടത്തിന്റെ ഒട്ടുമിക്ക അവകാശങ്ങളും യോഗത്തിനുണ്ടായിരുന്നു. നാടുവാഴികളുടെ കീഴിലുളള ചേരിക്കല്‍ ഭൂമിയില്‍നിന്ന് (ആ ഭൂമി അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) കുറ്റവാളികള്‍ ഓടിപ്പോവുകയും ബ്രഹ്മസ്വം ഭൂമിയില്‍ അഭയം തേടുകയും ചെയ്താല്‍ അവരെ ശിക്ഷിക്കുന്നതിനുള്ള അവകാശം രാജാവിനുണ്ടായിരുന്നില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ബ്രഹ്മസ്വം ഭൂമിയില്‍ അതിക്രമിച്ചുകയറുകയാണെങ്കില്‍ ബ്രാഹ്മണന്‍ യോഗത്തില്‍ പരാതിപ്പെടുന്നപക്ഷം അയാള്‍ക്കെതിരേ ശിക്ഷാവിധികള്‍ നടപ്പാക്കാനുള്ള അവകാശം യോഗത്തിനുണ്ട്. ഇത്തരത്തില്‍ ശിക്ഷവിധിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ പത്മനാഭസ്വാമിക്ഷേത്രത്തില്‍ സൂക്ഷിച്ചിട്ടുള്ള 'മതിലകം രേഖകളി'ലുണ്െടന്നു ശിവശങ്കരന്‍നായര്‍ എഴുതുന്നു. (അനന്തപുരി നൂറ്റാണ്ടുകളിലൂടെ - കെ. ശിവശങ്കരന്‍ നായര്‍)
തെക്കന്‍ തിരുവിതാംകൂറില്‍ നടന്ന ഒരു സംഭവം അദ്ദേഹം വിവരിക്കുന്നുണ്ട്: "രാജാക്കമംഗലം കടപ്പുറത്തെ ക്രിസ്ത്യാനികളായ മുക്കുവന്മാര്‍ക്കുനേരെ ഹിന്ദുക്കളായ നാടാന്മാര്‍ ആക്രമണം നടത്തി. മുക്കുവര്‍ ഭയന്നു കൂട്ടമായി കന്യാകുമാരിക്ക് ഓടിപ്പോയി. അവരുടെ പോര്‍ച്ചുഗീസുകാരനായ പാതിരി തിരുവനന്തപുരത്തെത്തി മുറപ്രകാരം യോഗത്തില്‍ പരാതിപ്പെട്ടു. യോഗം ആളെ അയച്ചു മുക്കുവരെ തിരികെക്കൊണ്ടുവന്നു.'' ക്ഷേത്രഭരണത്തിനപ്പുറത്ത് യോഗത്തിന് അന്യമതസ്ഥരായ ജനങ്ങള്‍ക്കു മുകളില്‍പ്പോലുമുണ്ടായിരുന്ന അധികാരത്തിന് ഒരു ഉദാഹരണമാണിത്.
അക്കാലത്തു രാജ്യത്തെ ഭൂസമ്പത്ത് ഒട്ടുമുക്കാലും ദേവസ്വംഭൂമിയോ ബ്രഹ്മസ്വംഭൂമിയോ ആയിരുന്നു.  ഈ ഭൂമിക്കു ബ്രാഹ്മണര്‍ രാജാവിനു നികുതി കൊടുത്തിരുന്നില്ല എന്നുമാത്രമല്ല, രാജാവിന്റെ ആളുകള്‍ ഈ ഭൂമി കൈയേറുകയാണെങ്കില്‍ രാജാവിനു പോലും ശിക്ഷവിധിക്കാന്‍ യോഗത്തിന് അധികാരമുണ്ടായിരുന്നു. ഇത്തരത്തില്‍ 1459ലും 1491ലും 1500ലുമൊക്കെ രാജാവ് ക്ഷേത്രത്തിലേക്ക് ആനകളും വെള്ളിക്കുടങ്ങളും പണവും പാടങ്ങളും പിഴയായി നല്‍കേണ്ടിവന്നതിനു 'മതിലകം രേഖകള്‍' സാക്ഷിയാണ്. "ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍വച്ച്്   ഏറ്റങ്ങള്‍ ചെയ്തവകക്കു തിരുവിതാംകൂര്‍ രാജാക്കന്മാരെക്കൊണ്ടും വേറെ രാജാക്കന്മാരെക്കൊണ്ടും യോഗത്തില്‍നിന്നു പിഴചെയ്യിച്ചതായി ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ കണക്കുകള്‍കൊണ്ടു കാണുന്നു. 500ാം ആണ്ടുമുതല്‍ 903ാം ആണ്ടുവരെ (1325-1728) പിഴവക പല ഇനങ്ങളും കണക്കില്‍ എഴുതിക്കാണുന്നു'' എന്നു കൊച്ചിരാജ്യചരിത്രത്തില്‍ പത്മനാഭമേനോന്‍ എഴുതുന്നു. രാജാവിന്റെ അധികാരങ്ങള്‍ നിലനില്‍ക്കെത്തന്നെയായിരുന്നു യോഗം ഈ അവകാശം നിലനിര്‍ത്തിയിരുന്നത് എന്നതു സ്വാഭാവികമായും നിരവധി സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ക്ഷേത്രം പൊതുവില്‍ ഒരു സമാന്തര അധികാരകേന്ദ്രമായാണു പ്രവര്‍ത്തിച്ചത്.  മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ചു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റെ കാര്യത്തില്‍ ഈ അധികാരം അതിന്റെ മൂര്‍ധന്യത്തിലായിരുന്നു.
18ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ മാര്‍ത്താണ്ഡവര്‍മയുടെ കാലംവരെയും ഇതായിരുന്നു സ്ഥിതി. വിസ്തൃതമായ ഒരു സാമ്രാജ്യം സ്വപ്നംകണ്ട മാര്‍ത്താണ്ഡവര്‍മ അധികാരത്തിനു വേണ്ടി പൊരുതിയിരുന്ന നിരവധി  നാടുവാഴികളെ വരുതിയിലാക്കി.  എന്നാല്‍, അതുകൊണ്ടുമാത്രം അദ്ദേഹത്തിന്  ഒരു ചെറിയ നാടുവാഴി എന്നതിനപ്പുറം പെരിയാറുവരെ നീണ്ടുകിടക്കുന്ന വലിയൊരു സാമ്രാജ്യത്തിന്റെ ഉടമയാവാനാകുമായിരുന്നില്ല. അതിനു രാജാധികാരത്തിനു സമാന്തരമായി ഭരണം നടത്തിയിരുന്ന എട്ടരയോഗത്തിന്റെ അനുമതിയും വേണ്ടിയിരുന്നു. ഒരു ശൂദ്രനായിരുന്ന മാര്‍ത്താണ്ഡവര്‍മയ്ക്കു ക്ഷത്രിയത്വം നേടിയെടുക്കേണ്ടതും ആവശ്യമായിരുന്നു. തൃപ്പടിദാനത്തിലൂടെ രാജ്യംതന്നെ ശ്രീപത്മനാഭന് അടിയറവച്ചുകൊണ്ടാണു തിരുവിതാംകൂര്‍ രാജാക്കന്മാര്‍ ഈ പ്രശ്നം പരിഹരിച്ചത്.  വിവിധ നാട്ടുരാജ്യങ്ങളുടെ മുകളില്‍ അധികാരമുണ്ടായിരുന്ന പത്മനാഭസ്വാമിക്ഷേത്രത്തിനു കീഴടങ്ങിയതിലൂടെ പരസ്പരം പോരടിച്ചുകൊണ്ടിരുന്ന നാട്ടുരാജാക്കന്മാരെ ഒതുക്കിനിര്‍ത്താനും തൃപ്പടിദാനം മാര്‍ത്താണ്ഡവര്‍മയെ സഹായിച്ചു. ചുരുക്കത്തില്‍, പത്മനാഭന് അടിയറവയ്ക്കുക എന്നാല്‍, ഫലത്തില്‍  ബ്രാഹ്മണ മേധാവിത്വത്തെ അംഗീകരിച്ചുകൊണ്ടു  ഭരിക്കുകയെന്നതല്ലാതെ മറ്റൊന്നുമായിരുന്നില്ല അര്‍ഥം.
രാജാവിനെ ക്ഷത്രിയനാക്കുന്ന ഹിരണ്യഗര്‍ഭദാനം മുതല്‍ 16ഓളം ദാനങ്ങളും മുറജപം പോലുള്ള ആചാരങ്ങളുമാണ്  ബ്രാഹ്മണര്‍ പുതുതായി ഏര്‍പ്പെടുത്തിയത്. ഈ 16 ദാനങ്ങള്‍ ഷോഡശദാനങ്ങള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.  ഇതില്‍ ഭൂമിദാനമൊഴിച്ചു മറ്റെല്ലാറ്റിലും സ്വര്‍ണമായിരുന്നു ബ്രാഹ്മണര്‍ക്കു ദാനം ചെയ്തിരുന്നത്. മാര്‍ത്താണ്ഡവര്‍മ  തന്റെ ഹിരണ്യഗര്‍ഭത്തിന് ആവശ്യമായ രണ്ടുലക്ഷം കഴഞ്ച് സ്വര്‍ണത്തില്‍ 10,000 കഴഞ്ച് ഡച്ചുകാരോട് ആവശ്യപ്പെട്ടതായി ഡിലനോയ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒന്നിനുപിറകെ ഒന്നായി നിരവധി ഷോഡശദാനങ്ങള്‍ ഇക്കാലത്തു രാജാവ് നടത്തുകയുണ്ടായി. മാര്‍ത്താണ്ഡവര്‍മ തന്റെ രാജ്യത്തെ ബ്രാഹ്മണാധിപത്യം കൊടികുത്തിവാഴുന്ന തിയോക്രാറ്റിക്ക് സ്റ്റേറ്റാക്കി മാറ്റിയെന്നാണ് പി.കെ. ഗോപാലകൃഷ്ണന്‍ എഴുതിയത്.
മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍ എഴുതുന്നതുപോലെ, തന്റെ രാജ്യം കുലദൈവമായ പത്മനാഭസ്വാമിക്കു സമര്‍പ്പിച്ചു പത്മനാഭദാസന്മാരായി മാറിയ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ദൈവഭക്തിയുടെയും  വിനയത്തിന്റെയും സത്യസന്ധതയുടെയും നിദര്‍ശനമായിരുന്നില്ല ആ നിധിശേഖരമെന്നര്‍ഥം.  ആരാധകര്‍ വെള്ളപൂശുന്നതുപോലെ  പ്രജാതാല്‍പ്പര്യങ്ങള്‍ കൊണ്േടാ ധര്‍മഭയം കൊണ്േടാ  സ്വയം തീരുമാനിച്ചുറച്ചു പ്രായശ്ചിത്തം ചെയ്യുകയുമായിരുന്നില്ല തിരുവിതാംകൂര്‍ രാജാക്കന്മാര്‍. മറിച്ച്, സമാന്തരമായ അധികാരകേന്ദ്രത്തിനോട് തങ്ങള്‍ക്കുള്ള വിനീതവിധേയത്വം പ്രകടിപ്പിക്കുക മാത്രമായിരുന്നു. മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് ഇത്തരം പിഴയൊടുക്കലുകളുടെ പരമ്പരതന്നെ അരങ്ങേറി.
തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ ആദ്യമായി ഭൂമിക്കു നികുതിപിരിച്ചുകൊണ്ടും വിഭവങ്ങളുടെയും സാമ്പത്തികപ്രവര്‍ത്തനങ്ങളുടെയും അഭാവത്തില്‍ മനുഷ്യന്റെ ഓരോ അവയവത്തിനുമുകളിലും നികുതി ചുമത്തിക്കൊണ്ടുമാണ് ഈ പരമഭക്തര്‍ തൃപ്പടിദാനത്തിനും ഷോഡശദാനത്തിനുമുള്ള  ധനം കണ്െടത്തിയത്.
ക്ഷേത്രസ്വത്തിലുള്ള അവകാശം
പതുക്കെപ്പതുക്കെ എല്ലാ ക്ഷേത്രങ്ങളും രാജാധികാരത്തിന്റെ ഭാഗമാവുകയോ അതില്‍ ലയിച്ചുചേരുകയോ ചെയ്തു. ഇത്തരത്തില്‍ മതവും സിവില്‍ഭരണകൂടവും പരസ്പരം ലയിച്ചുചേര്‍ന്ന സംവിധാനമായിരുന്നു 1947നു മുമ്പു നാട്ടുരാജ്യങ്ങളില്‍ നിലനിന്നിരുന്നത്. രാജ്യത്തിനു മൊത്തം അവകാശപ്പെട്ട ആസ്തികളില്‍ നിന്നോ നാനാജാതി മതസ്ഥരായ പ്രജകളില്‍നിന്നോ നികുതിയും മറ്റുമായി പിരിച്ചെടുത്ത പണമായിരുന്നു പത്മനാഭസ്വാമിക്ഷേത്രമുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളുടെ വികസനത്തിനുപയോഗിച്ചത്.
ഇതില്‍ ക്ഷേത്രങ്ങളില്‍ ഒരിക്കല്‍പ്പോലും കയറാന്‍ അവകാശമില്ലാതിരുന്ന ഈഴവരുള്‍പ്പെടെയുള്ള താഴ്ന്നവിഭാഗങ്ങളുടെ അധ്വാനമിച്ചവും ഉള്‍പ്പെടും. ഈ ക്ഷേത്രങ്ങളാണ് 1947നു ശേഷം സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡ് വഴി ഏറ്റെടുത്തത്. എന്നാല്‍, മറ്റു ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഈ പ്രശ്നം ഏറ്റവും രൂക്ഷമായിരുന്ന പത്മനാഭസ്വാമിക്ഷേത്രത്തിന്റെ കാര്യത്തിലാവട്ടെ, 1949ല്‍ ഇന്ത്യാസര്‍ക്കാരും രാജാവും ചേര്‍ന്ന് ഒപ്പുവച്ച കരാര്‍പ്രകാരം രാജാവുള്‍പ്പെടെയുള്ള ഒരു ട്രസ്റിലേക്കു ക്ഷേത്രഭരണം കൈമാറുകയായിരുന്നു. ഈ സ്വത്തിലാണ് ഹിന്ദുക്കളുടെ പേരില്‍ സംസാരിക്കുന്നവര്‍ അവകാശവാദമുന്നയിക്കുന്നത്.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ