2011, ഡിസംബർ 6, ചൊവ്വാഴ്ച

അതിര്‍ത്തിയില്‍ യുദ്ധം

 
മലയാളികളെ പോലെ ചൊറി നുള്ളി ചിരങ്ങാക്കുന്നവര്‍ വേറെ ആരുണ്ട്‌ ഈ ദുനിയാവില്‍? മുല്ലപെരിയാര്‍ എന്ന ഒരു ഡാമിനെ ചുറ്റി പറ്റി എന്തൊരു പുകിലാണ്? കേരള കോണ്‍ഗ്രസ്‌ എന്ന കോട്ടയം അച്ചായന്‍ പാര്‍ടിയുടെ സ്വത്വബോധം  കേരളത്തിന്റെ ഉപ ദേശീയതയില്‍ ആണെന്ന്  തോന്നിപ്പിക്കാനായി  പി ജെ ജോസഫ്‌  ഉയര്‍ത്തി കൊണ്ട് വന്ന ഒരു കൊച്ചു പ്രശ്നം  ഇന്ന് എല്ലാ മലയാളി വിഡ്ഢികളും ഏറ്റു പിടിച്ചിരിക്കുന്നു.  പാട്ട് പാടാന്‍ അറിയാത്ത, ചിരിക്കാന്‍  ശ്രമിക്കാത്ത, പി ജെ ജോസഫ്‌  എന്ന മനുഷ്യന്‍ ഇപ്പോള്‍ ഇതൊക്കെ കണ്ടു രഹസ്യമായി  മലയാളികളെ നോക്കി ചിരിക്കുന്നുണ്ടാകും.  സഭകള്‍ മുതല്‍ സാംസ്കാരിക നായകര്‍ വരെ തമിഴ്നാടിനെതിരെ യുദ്ധം ചെയ്യാന്‍ സന്നദ്ധരായി വരുന്നു!  ഭാരത മാതാവിനെ ഒന്നായി കാണുന്ന കേരളത്തിലെ സംഘ പരിവാരികള്‍  വരെ കേരളത്തിനു വേണ്ടി കനാല്‍ വെട്ടാന്‍ കുറുവടിയും ബോംബുമായി വരുന്നു. ഇതൊക്കെ ആരെ പറ്റിക്കാനാണ് ?

ഈ വിഡ്ഢി കൂട്ടം ഇന്ത്യയെയും അതിലെ വിവിധ ജനതകളെയും ഒന്നായി കാണാനും  സമരസപ്പെടാനും എന്ത് കൊണ്ട് തയാര്‍ ആകുന്നില്ല? ഇതാണോ നമ്മുടെ യഥാര്‍ത്ഥ ദേശീയത?  പണ്ട് ആര്‍ ബാല കൃഷ്ണപിള്ളയെ പഞ്ചാബ് പ്രസംഗത്തിന്റെ പേരില്‍ മന്ത്രി സഭയില്‍ നിന്നും അകറ്റി നിര്‍ത്തിയ പോലെ, ജോസെഫിനെയും  ഒഴിവാക്കണം.  ഇന്ത്യയുടെ പൊതു ദേശീയ ബോധത്തെ വരെ നിലം പരിശാക്കുന്ന രീതിയില്‍  മലയാളി ഉപദേശീയത ഊതി വീര്‍പിച്ചതിന്റെ പേരില്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെയും  ഇന്ത്യന്‍  നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരേണ്ടതുണ്ട്. ഇത്തരം കുടുസ്സായ വൈകാരികത ഒരു ബഹുസ്വര രാഷ്ട്രത്തിന്റെ വളര്‍ച്ചയെ പിന്നോട്ട് വലിക്കും.  ഇത് ഇനിയും നീട്ടി കൊണ്ട് പോകരുത്. ജയ്‌ കേരളം, ജയ്‌ തമിഴ് നാട്, ജയ്‌ ഹിന്ദ്‌,

തുടര്‍ വായനക്ക്

റൂര്‍ക്കി ഐ.ഐ.ടി റിപ്പോര്‍ട്ട് : ഡൂള്‍ ന്യൂസ്‌.

 

2 അഭിപ്രായങ്ങൾ:

  1. അപകടകരമായ നീരൊഴുക്ക് : സെബാസ്റ്റ്യന്‍ പോള്‍ '
    " ഫെഡറല്‍ യൂനിയന്‍െറ ഘടകങ്ങള്‍ അല്ലായിരുന്നുവെങ്കില്‍ കേരളവും തമിഴ്നാടും തമ്മില്‍ ഇതിനകം യുദ്ധം ആരംഭിച്ചിട്ടുണ്ടാകുമായിരുന്നു. തേനിയില്‍ പാണ്ടിപ്പടയും വണ്ടിപ്പെരിയാറില്‍ മലയാളിപ്പടയും തമ്പടിച്ച് മുന്നേറുന്ന വാര്‍ത്ത ചമക്കാന്‍ വമ്പിച്ച മാധ്യമപ്പടയും അവിടെ കേന്ദ്രീകരിക്കുകയായിരുന്നു.
    ഭീതിയുളവാക്കുന്ന യുദ്ധാന്തരീക്ഷം മുല്ലപ്പെരിയാറിനെ മുന്‍നിര്‍ത്തി കേരളത്തിലും തമിഴ്നാട്ടിലും സൃഷ്ടിക്കപ്പെട്ടു. ശശികുമാറിന് സ്വദേശാഭിമാനി-കേസരി മാധ്യമപുരസ്കാരം നല്‍കിയ വേളയില്‍ അനാശാസ്യമായ ഈ മാധ്യമസമീപനം പരാമര്‍ശിക്കപ്പെട്ടു."

    മറുപടിഇല്ലാതാക്കൂ
  2. കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ദുരന്തമുണ്ടായാല്‍ 32,503 ആളുകളെ നേരിട്ടുബാധിക്കുമെന്ന് റവന്യൂ വകുപ്പിന്റെ കണ്െടത്തല്‍. നാലു ജില്ലകളിലെ ലക്ഷങ്ങളെ ബാധിക്കുമെന്നു സര്‍ക്കാരും മന്ത്രിമാരും പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണു റവന്യൂ വകുപ്പിന്റെ പുതിയ കണക്ക്.
    താഴ്വരയിലുണ്ടാവാനിടയുള്ള നാശനഷ്ടങ്ങളെ സംബന്ധിച്ച വകുപ്പിന്റെ കണക്കുപ്രകാരമാണിത്. ഇതു സംബന്ധിച്ച കണക്കെടുപ്പ് ഇന്നലെ പൂര്‍ത്തിയായി. ഇതില്‍ 11,976 പുരുഷന്മാരും 12,227 സ്ത്രീകളും 8,300 കുട്ടി—കളുമുണ്ട്. ഇവരില്‍ 1,692 പേര്‍ വയസ്സായവരാണ്. 8,941 കെട്ടിടങ്ങളും 2,689 കന്നുകാലികളും ഈ ഭാഗത്തുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടു മുതല്‍ ഇടുക്കി ഡാം വരെയുള്ള ഭാഗത്തെ കണക്കുകള്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് വേണ്ടിയാണ് റവന്യൂവകുപ്പ് ശേഖരിച്ചത്. കുമളി, പെരിയാര്‍, മഞ്ചുമല, പീരുമേട്, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പന്‍കോവില്‍ വില്ലേജുകളിലാണ് സര്‍വേ നടത്തി വിവരങ്ങള്‍ ശേഖരിച്ചത്. അണക്കെട്ടിന് ഏതെങ്കിലുംവിധത്തിലുള്ള ദുരന്തമുണ്ടാവുകയാണെങ്കില്‍ സ്വീകരിക്കേണ്ട സുരക്ഷാമാര്‍ഗങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു സര്‍വേ. മൂന്നു ഡപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ വില്ലേജിലെ മുഴുവന്‍ ജീവനക്കാരെ ഉപയോഗിച്ചായിരുന്നു സര്‍വേ. സമുദ്രനിരപ്പില്‍ നിന്നും 850 മീറ്റര്‍ ഉയരം കണക്കാക്കിയാണു വിവിരങ്ങള്‍ ശേഖരിച്ചത്്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നില്‍ക്കുമ്പോഴുള്ള കണക്കനുസരിച്ചാണിത്.
    ഗ്ളോബല്‍ പൊസിഷനിങ് സിസ്റം ഉപയോഗിച്ച് താഴ്വരയിലെ ഉയര്‍ന്നപ്രദേശങ്ങളില്‍ സുരക്ഷിതസ്ഥലം ഭൌമശാസ്ത്ര പഠനകേന്ദ്രത്തിലെ വിദഗ്ധര്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. പഞ്ചായത്ത്തലത്തില്‍ വാര്‍ഡ് കേന്ദ്രീകരിച്ച് ദുരന്തം ബാധിക്കാന്‍ ഇടയുള്ളവരെ ചെറു ഗ്രൂപ്പുകളായി തിരിച്ച് രക്ഷപ്പെടുന്നതിനുള്ള പരിശീലനം വൈകാതെ നല്‍കും. ദുരന്തമുണ്ടായാല്‍ ജനങ്ങള്‍ക്കു സുരക്ഷിതസ്ഥലങ്ങളില്‍ എത്തിച്ചേരുന്നതിനാണു പരിശീലനം.

    മറുപടിഇല്ലാതാക്കൂ