2010, സെപ്റ്റംബർ 20, തിങ്കളാഴ്‌ച

പട്ടികവര്‍ഗപ്രദേശവും ആദിവാസികളും : ആര്‍ സുനില്‍

ഇന്ത്യന്‍ ഭരണഘടനയില്‍ ആദിവാസികളുടെ ഭൂമിക്കും വിഭവങ്ങള്‍ക്കും പരിരക്ഷ ഉറപ്പുവരുത്തുന്ന വ്യവസ്ഥകളുണ്ട്. പക്ഷേ, ഭരണാധികാരികളും രാഷ്ട്രീയപ്പാര്‍ട്ടികളും ആദിവാസികളുടെ കാര്യത്തില്‍ ഭരണഘടനയും നിയമവ്യവസ്ഥയും നടപ്പാക്കണമെന്നു പറയാറില്ല. മറ്റെല്ലാ വിഷയങ്ങളിലും നിയമം നിയമത്തിന്റെ വഴിക്കു സഞ്ചരിക്കട്ടെ എന്നു പറയുമ്പോള്‍ ആദിവാസികളുടെ കാര്യം വരുമ്പോള്‍ നിയമം അനീതിയുടെ വഴിയിലൂടെ സഞ്ചരിക്കുന്നു. നീതിനിഷേധത്തിന്റെ വന്‍മലയാണു കേരളത്തിലെ ആദിവാസികളുടെ തലയ്ക്കുമീതെ ഉയര്‍ന്നുനില്‍ക്കുന്നത്. രാഷ്ട്രീയനേതൃത്വങ്ങള്‍ ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് അജ്ഞരാണ്. ആ ബാധ്യത നിറവേറ്റുന്നതില്‍ അവര്‍ക്കു താല്‍പ്പര്യമില്ല. ആദിവാസികളുടെ ഭൂമിക്കുമേല്‍ അധീശത്വമുറപ്പിക്കുന്നവര്‍ക്ക് നിയമപരമായ പരിരക്ഷയുണ്െടന്നു വാദിക്കുന്ന പട്ടികജാതി വകുപ്പുമന്ത്രിമാരുള്ള ഒരു സംസ്ഥാനമാണു കേരളം.

ഇന്ത്യന്‍ സ്വാതന്ത്യ്രത്തിനുശേഷം ദശകങ്ങള്‍ കഴിഞ്ഞിട്ടും ഭരണഘടനയുടെ 244ാം വകുപ്പ് കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് അന്യമാണ്. ആദിവാസികള്‍ക്കു ഭൂമിയിന്‍മേലുള്ള അവകാശം ഉറപ്പിക്കുന്ന, അവരുടെ മൌലികാവകാശത്തെക്കുറിച്ച് ഇടതു-വലതു മുന്നണികള്‍ നിശ്ശബ്ദരാണ്. സാര്‍വദേശീയതലത്തിലും ദേശീയരംഗത്തും ആദിവാസികളുടെ പരിരക്ഷയെക്കുറിച്ചു നടക്കുന്ന ചര്‍ച്ചകള്‍ കേരളത്തിലാരും കേള്‍ക്കുന്നില്ല. ഐക്യരാഷ്ട്രസഭയുടെ മറ്റെല്ലാ പ്രഖ്യാപനങ്ങളും ഉരുവിടുന്നവര്‍ ആദിവാസികളുടെ ഭാഗം വരുമ്പോള്‍ അതു വിഴുങ്ങുന്നു. 244ാം വകുപ്പിലെ ആറാം ഖണ്ഡികയിലെ ഉപവകുപ്പ് (2) അനുസരിച്ച് ആദിവാസികളുടെ ഭൂമിയും സംസ്കാരവും ജീവിതവും സംരക്ഷിക്കുന്നതിന് അവരുടെ അധിവാസമേഖലകളെ പട്ടികവര്‍ഗപ്രദേശങ്ങളായി (ഷെഡ്യൂള്‍ ഏരിയാസ്) പ്രഖ്യാപിക്കാന്‍ ഇന്ത്യന്‍ പ്രസിഡന്റിന് അധികാരമുണ്ട്. ഈ നിയമം ഉപയോഗിച്ചു വിവിധ സംസ്ഥാനങ്ങളില്‍ പട്ടികവര്‍ഗപ്രദേശങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒറീസ, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അഞ്ചാം പട്ടികയുടെ സംരക്ഷണം ലഭിച്ചു. എന്നാല്‍, കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ ആദിവാസികളുടെ ഭരണഘടനാപരമായ അവകാശത്തെ നിരാകരിക്കുകയാണ്.

1960ലെ ധേബര്‍ കമ്മീഷന്‍, ആദിവാസികളുടെ അധിവാസകേന്ദ്രങ്ങളെ പട്ടികവര്‍ഗപ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്നു നിര്‍ദേശിച്ചിരുന്നു. വനമേഖല ഉള്‍പ്പെടെ 1624 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പട്ടികവര്‍ഗപ്രദേശമാണെന്നു കണ്െടത്തുകയും ചെയ്തു. 1960കളുടെ ഒടുവില്‍ നടന്ന ഗോത്രവര്‍ഗകലാപങ്ങളെ തുടര്‍ന്ന് 1970ല്‍ കേന്ദ്രസര്‍ക്കാര്‍ ഗിരിവര്‍ഗ ഉപപദ്ധതി നടപ്പാക്കാന്‍ തുടങ്ങി. അതുവഴി പട്ടികവര്‍ഗമേഖലയ്ക്കു പ്രത്യേക വികസനപദ്ധതികളും പരിരക്ഷയും ലഭിച്ചു. കേരളത്തിലെ സര്‍ക്കാര്‍ മറ്റെല്ലാ കാര്യങ്ങളിലും കേന്ദ്രവിഹിതം കിട്ടുന്നതിനുവേണ്ടി വളഞ്ഞ വഴികള്‍ വരെ സ്വീകരിക്കാറുണ്ട്. ഉദാഹരണമായി, ഹൈവേ 45 മീറ്റര്‍ ആക്കിയില്ലെങ്കില്‍ കേന്ദ്രപദ്ധതി ലഭിക്കില്ലെന്നു ശഠിക്കുന്നവര്‍തന്നെയാണ് ആദിവാസികളുടെ കാര്യം വരുമ്പോള്‍ കേന്ദ്രനിയമമോ കേന്ദ്രപദ്ധതികളോ സംസ്ഥാന സര്‍ക്കാരിനു ബാധകമല്ലെന്ന സമീപനം സ്വീകരിക്കുന്നത്. ഭരണഘടനയുടെ 244ാം വകുപ്പിനോട് കേരളത്തിലെ ഭരണാധികാരികള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നു.


1994ല്‍ പഞ്ചായത്തീരാജ് നിയമം നടപ്പാക്കിയപ്പോള്‍ ആദിവാസികളുടെ പ്രത്യേക അവകാശത്തെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ ഗൌരവപൂര്‍വം ആലോചിച്ചിരുന്നില്ല. പാര്‍ലമെന്റും ഇതിനു വേണ്ട പരിഗണന നല്‍കിയില്ല. ആദിവാസികളുടെ പാരമ്പര്യ ജീവിതാവസ്ഥ പരിശോധിക്കാതെയും വിലയിരുത്താതെയുമാണ് പഞ്ചായത്തീരാജ് സംവിധാനം നടപ്പാക്കിത്തുടങ്ങിയത്. അതുകൊണ്ട് കോടതി ഈ വിഷയത്തില്‍ ഇടപെടുകയും ആദിവാസികളുടെ പാരമ്പര്യ അവകാശങ്ങള്‍ ഉറപ്പുവരുത്തുന്ന തരത്തില്‍ നിയമനിര്‍മാണം നടത്തണമെന്നു നിര്‍ദേശം നല്‍കുകയുമുണ്ടായി. അതിനായി 1994ല്‍ ദിലീപ് സിങ് ഭൂരിയ അധ്യക്ഷനായി ഒരു ഇരുപതംഗ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചു. അഞ്ചാംപട്ടികയില്‍ വരുന്ന പ്രദേശങ്ങളില്‍ പഞ്ചായത്തീരാജ് നടപ്പാക്കേണ്ടത് എങ്ങനെയാണെന്നു നിര്‍ദേശം നല്‍കുകയായിരുന്നു ഈ കമ്മിറ്റിയുടെ ദൌത്യം.


ഭൂരിയാ കമ്മീഷന്‍ 1995ല്‍ സര്‍ക്കാരിനു വിശദമായ റിപോര്‍ട്ട് സമര്‍പ്പിച്ചു. സര്‍ക്കാര്‍ അത് അംഗീകരിച്ചു. അങ്ങനെ പഞ്ചായത്തീരാജ് വ്യവസ്ഥകള്‍ (പട്ടികവര്‍ഗമേഖലയിലേക്കു വ്യാപിപ്പിക്കല്‍) നിയമം അഥവാ പെസാ 1996 പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസാക്കി. ഇതുവഴി അഞ്ചാംപട്ടികയ്ക്കു മൂര്‍ത്തരൂപം ലഭിച്ചു. ഇതിനുശേഷം ഇന്ത്യയിലെ പല ഭാഗങ്ങളിലും ആദിവാസികള്‍ തങ്ങളുടെ അധിവാസമേഖലകള്‍ പട്ടികവര്‍ഗപ്രദേശമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു പ്രക്ഷോഭം തുടങ്ങി. മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ബിഹാര്‍, ഒറീസ, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പട്ടികവര്‍ഗപ്രദേശങ്ങള്‍ പ്രഖ്യാപിച്ചു. ആ പ്രദേശങ്ങള്‍ക്കു പെസയുടെ പരിരക്ഷയും ആനുകൂല്യങ്ങളും ലഭിച്ചു. ഭൂരിയാ കമ്മീഷന്‍ കേരളത്തിലും പശ്ചിമബംഗാളിലും ആദിവാസി അധിവാസമേഖലകള്‍ പട്ടികവര്‍ഗപ്രദേശങ്ങളായി പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്നു ചൂണ്ടിക്കാണിച്ചിരുന്നു. കൊളോണിയല്‍കാലത്തു നടത്തിയ ഭൂമിശാസ്ത്ര അതിര്‍ത്തികളാണു ഭരണപരമായി ഇന്നും തുടരുന്നത്. ആദിവാസികളെ എവിടെയും ഓരങ്ങളിലേക്കു തള്ളിമാറ്റി. വംശപരവും ഭൂമിശാസ്ത്രപരവും ജനസംഖ്യാ അധിഷ്ഠിതവുമായ പരിഗണനകളുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തികള്‍ രണ്ടുവര്‍ഷത്തിനകം പുനക്രമീകരിക്കണമെന്നാണു ഭൂരിയാ കമ്മീഷന്‍ ആവശ്യപ്പെട്ടത്. റവന്യൂ ഗ്രാമങ്ങളില്‍ നിന്നു വ്യത്യസ്തമായി ഊരിനെയോ ഊരുകൂട്ടത്തെയോ അടിസ്ഥാന ഏകകമായി പരിഗണിക്കണമെന്നാണു കമ്മീഷന്‍ പറഞ്ഞത്.

ഭരണഘടനയുടെ 244ാം വകുപ്പ് ബോധപൂര്‍വം കേരളസര്‍ക്കാര്‍ ലംഘിച്ചു. കേരളത്തില്‍ പട്ടികവര്‍ഗപ്രദേശങ്ങള്‍ പ്രഖ്യാപിക്കാന്‍ അവര്‍ തയ്യാറായില്ല. ആദിവാസികളുടെ പഞ്ചായത്ത് രൂപീകരണം നടന്നില്ല. സംസ്ഥാന സര്‍ക്കാര്‍ മറന്നുപോയത് ഭരണഘടനാപരമായ ബാധ്യതയാണ്. അതേസമയം, അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു. അവിടെയൊന്നും ആദിവാസികള്‍ക്ക് ഇടം ലഭിച്ചില്ല. ആദിവാസികളുടെ ഭൂമിയും സംസ്കാരവും സംരക്ഷിക്കുന്നതിനുള്ള നിയമം അട്ടിമറിക്കപ്പെട്ടു. അവരെ പട്ടിണിയുടെ നിലയില്ലാക്കയത്തിലേക്കു തള്ളിയിടുകയും ചെയ്തു.

തേജസ്‌ ദിനപത്രം , സെപ് 6 , 2010

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ