2010, സെപ്റ്റംബർ 15, ബുധനാഴ്‌ച

ജാതി സെന്‍സസ് എങ്ങിനെ ആവണം?

പ്രത്യേകമായി ജാതിസെന്‍സസ് നടത്താനുള്ള തീരുമാനം സംബന്ധിച്ചു വിദഗ്ധരും സാമൂഹികപ്രവര്‍ത്തകരും തയ്യാറാക്കിയ കുറിപ്പില്‍ നിന്ന്:
ജാതി സംബന്ധിച്ച വിവരങ്ങള്‍ ഒരു പ്രത്യേക സെന്‍സസിലൂടെ ശേഖരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഈ സുപ്രധാനമായ നീക്കത്തിന്റെ പല പ്രധാന സാധ്യതകളും ഇല്ലാതാക്കുമെന്നു ഭയപ്പെടേണ്ടിയിരിക്കുന്നു. ജാതി സംബന്ധിച്ച വിവരശേഖരണം സെന്‍സസിന്റെ ഭാഗമായി നടത്തുമെന്ന നേരത്തേയുള്ള തീരുമാനം വളരെ പുരോഗമനപരവും ചരിത്രപ്രധാനവുമായിരുന്നു. ജാതി സംബന്ധിച്ച വിവരങ്ങള്‍ 2011 ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന വീടുതോറും കയറിയിറങ്ങിയുള്ള വിവരശേഖരണവേളയില്‍ ശേഖരിക്കാനായിരുന്നു ഇതുസംബന്ധിച്ച മന്ത്രിസഭാസമിതിയുടെ ശുപാര്‍ശ. അതു വളരെ സ്വാഗതാര്‍ഹമായ ഒരു സമീപനമായിരുന്നു. എന്നാല്‍, അതിനുശേഷം ജാതി-വിവരശേഖരണം വേറെത്തന്നെ നടത്താനുള്ള തീരുമാനമാണു കേന്ദ്ര കാബിനറ്റ് യോഗം കൈക്കൊണ്ടത്. അതു വളരെ ആശങ്കാജനകമാണ്. സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ 140 കൊല്ലത്തെ ചരിത്രത്തില്‍ ഒരിക്കല്‍പ്പോലും ജാതി സംബന്ധമായ വിവരങ്ങള്‍ ഇങ്ങനെ പ്രത്യേകമൊരു പരിപാടിയായി നടത്തപ്പെടുകയുണ്ടായിട്ടില്ല.

2011 ജൂണില്‍ ജാതി സംബന്ധമായ വിവരങ്ങള്‍ പ്രത്യേകമായി ശേഖരിക്കുകയാണെങ്കില്‍ അതു രാജ്യത്തെ വിവിധ ജാതിക്കാരുടെ ഒരു തലയെണ്ണല്‍ പരിപാടി മാത്രമായി അവശേഷിക്കും. ജാതി സംബന്ധമായി ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ സാമൂഹിക-സാമ്പത്തിക സ്ഥിതിയുമായും വിദ്യാഭ്യാസപരമായ അവസ്ഥയുമായും ബന്ധപ്പെടുത്തി വിശകലനം ചെയ്യാന്‍ അതു സഹായിക്കില്ല. മാത്രമല്ല, ഇങ്ങനെ വേര്‍തിരിക്കുന്നത് സാക്ഷരത, വിദ്യാഭ്യാസം, കുടുംബസംബന്ധമായ അവസ്ഥ, ജീവിതനിലവാരവും ആയുസ്സും, തൊഴില്‍ തുടങ്ങിയ വിവിധങ്ങളായ ഘടകങ്ങളുമായി ബന്ധപ്പെടുത്തി പരിശോധിക്കാനും സാധ്യമാവാതെ വരും. കാരണം, ഈ വിവരങ്ങള്‍ സാധാരണ സെന്‍സസിന്റെ ഭാഗമായാണു ശേഖരിക്കപ്പെടുന്നത്. ഇങ്ങനെ സമഗ്രമായ ഒരു ചിത്രത്തിനു പകരം വെറും ജാതിക്കണക്ക് മാത്രമാണു ലഭ്യമാവുന്നതെങ്കില്‍ അതുകൊണ്ട് പ്രത്യേകിച്ച് യാതൊരു പ്രയോജനവുമുണ്ടാവില്ല. ഇത്തരത്തില്‍ ജാതിസംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നതുതന്നെ ഭാവിയില്‍ ദേശീയസമ്പത്തിന്റെ പുനര്‍വിതരണം സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തില്‍ നീതിനിഷ്ഠമായി നടപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനായി രാജ്യത്തെ വിവിധ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ സംബന്ധിച്ച യഥാര്‍ഥവും സത്യസന്ധവുമായ ഒരു ചിത്രം ലഭിക്കണമെന്നതാണ് ഇത്തരമൊരു പഠനത്തിന്റെ അടിസ്ഥാനം തന്നെ. സാമൂഹികനീതി ലക്ഷ്യമാക്കിയുള്ള സര്‍ക്കാര്‍പദ്ധതികള്‍ ഫലപ്രദമായി ആവിഷ്കരിച്ചു നടപ്പാക്കുന്നതിന് അത്തരമൊരു യാഥാര്‍ഥ്യബോധത്തോടെയുള്ള സമീപനം വേണം. അതിന് ആവശ്യമായ തെളിവുകള്‍ ശേഖരിക്കണം.


ജൂണില്‍ പ്രത്യേകമായി ജാതി സംബന്ധമായ സെന്‍സസ് എന്ന പരിപാടിയോടു വിയോജിക്കുന്നതിനു വേറെയും ശക്തമായ നിരവധി കാരണങ്ങളുണ്ട്. ജൂണ്‍-സപ്തംബര്‍ കാലഘട്ടം ദേശവ്യാപകമായി ഇത്തരമൊരു പരിപാടി നടപ്പാക്കുന്നതിന് ഒട്ടും പറ്റിയ വേളയല്ല. കാരണം, ഉത്തരേന്ത്യയുടെ മിക്കവാറും ഭാഗങ്ങളില്‍ കടുത്ത വേനല്‍ക്കാലമായിരിക്കും അപ്പോള്‍; അതേസമയം, ദക്ഷിണേന്ത്യയില്‍ മഴയും വെള്ളപ്പൊക്കവുമായിരിക്കും. മാത്രമല്ല, ആ കാലത്തു മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും സ്കൂള്‍ അവധി കഴിഞ്ഞു പ്രവര്‍ത്തനം പുനരാരംഭിച്ചിരിക്കും. അതുകൊണ്ട് ഇത്തരം പ്രവര്‍ത്തനത്തിന് ആവശ്യമായ 21 ലക്ഷം വിവരശേഖരണപ്രവര്‍ത്തകരെ അധ്യാപകസമൂഹത്തില്‍ നിന്നു കണ്െടത്താന്‍ പ്രയാസമാവും. അതിനു പുറമെ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഒരു സെന്‍സസ് കഴിഞ്ഞയുടനെ ഇതിന് ആവശ്യമായ മുഴുവന്‍ പ്രവര്‍ത്തനങ്ങളും സൌകര്യങ്ങളും വീണ്ടും പ്രാദേശികതലത്തില്‍ ഒരുക്കുകയെന്നതു ക്ഷിപ്രസാധ്യമാവില്ല. ചുരുക്കിപ്പറഞ്ഞാല്‍, പേരിന് ഒരു സെന്‍സസ് എന്നല്ലാതെ തൃപ്തികരമായ ഒരു വിവരശേഖരണ പ്രവര്‍ത്തനം നടത്താന്‍ ആ സമയത്തു പ്രയാസമായിരിക്കും.


ജൂണില്‍ നടക്കുന്ന ജാതിസെന്‍സസിന് വീണ്ടും 2000 കോടി രൂപ സര്‍ക്കാര്‍ ചെലവഴിക്കണം. ഫെബ്രുവരിയില്‍ നടക്കുന്ന 2011 സെന്‍സസിന് ചെലവഴിക്കുന്ന 2240 കോടി രൂപയ്ക്കു പുറമെയാണിത്. ഫെബ്രുവരി സെന്‍സസില്‍ തന്നെ വലിയ പ്രയാസമൊന്നും കൂടാതെ ജാതിവിവരങ്ങളും ശേഖരിക്കാമെന്നിരിക്കെ ഇത്തരത്തില്‍ അനാവശ്യമായ അധികച്ചെലവ് അംഗീകരിക്കാവുന്നതല്ല.


സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍- അതു പുനപ്പരിശോധിക്കുമെന്നാണു ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്- തീര്‍ച്ചയായും ജാതിസെന്‍സസും 2011 ഫെബ്രുവരിയില്‍ ശേഖരിക്കുന്ന സാമൂഹിക-സാമ്പത്തികാദി മറ്റു വിവരങ്ങളുമായി സംയോജിപ്പിച്ചു സമഗ്രമായ റിപോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള സംവിധാനങ്ങള്‍ രജിസ്ട്രാര്‍ ജനറല്‍ ഒരുക്കണം. അതിനുള്ള തയ്യാറെടുപ്പുകളും നടത്തണം. അങ്ങനെ മാത്രമേ ആ രണ്ടു ഘടകങ്ങളും തമ്മില്‍ ബന്ധിപ്പിച്ചു രാജ്യത്തെ വിവിധ ജാതികളുടെ എണ്ണം മാത്രമല്ല, സാമൂഹിക-സാമ്പത്തിക സ്ഥിതി കൂടി വ്യക്തമായി കണ്െടത്താന്‍ സാധിക്കുകയുള്ളൂ. എന്നാല്‍, അതുപോലും അത്രയൊന്നും തൃപ്തികരമാവുകയുമില്ല. കാരണം, ജനസംഖ്യയില്‍ ഒരു വലിയ ഭാഗം (ഏതാണ്ട് 20 ശതമാനം) വിവിധ കാരണങ്ങളില്‍ ഈ സമയത്തു തങ്ങളുടെ താമസസ്ഥലം മാറ്റിയിരിക്കും.


ജാതി സംബന്ധമായ വിവരങ്ങള്‍ ശേഖരിക്കുന്നത് സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഫലപ്രദമായ നടപ്പാക്കലിനെ ബാധിക്കുമെന്നും അതിന്റെ ഗുണവശങ്ങളെ ഇല്ലായ്മ ചെയ്യുമെന്നുമൊക്കെയുള്ള ചില വാദമുഖങ്ങള്‍ ഈയിടെയായി ഉന്നയിക്കപ്പെടുന്നുണ്ട്. ഓരോ കുടുംബവും തങ്ങളുടെ ജാതിയുടെ ശക്തി വലുതാക്കിക്കാണിക്കാനായി കുടുംബാംഗങ്ങളുടെ സംഖ്യ കൂട്ടിപ്പറയുമെന്നും ചിലര്‍ പറയുന്നു. ഇതൊക്കെ അടിസ്ഥാനരഹിതമായ വാദമുഖങ്ങളാണ്. കാരണം, സെന്‍സസ് വ്യക്തിയുടെ എല്ലാ വിവരങ്ങളും (പേര്, ലിംഗം, വിദ്യാഭ്യാസം, കുടുംബം, തൊഴില്‍ എന്നിങ്ങനെ) ശേഖരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇല്ലാത്ത ഒരാളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുക എന്നത് സംഭവ്യമേയല്ല. മാത്രമല്ല, തെറ്റായ വിവരം നല്‍കുന്നതിനെതിരേയുള്ള നിയമനടപടികളും ഓരോ വിവരവും പുനപ്പരിശോധന നടത്താനുള്ള സംവിധാനങ്ങളും ഇത്തരത്തില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുന്നുണ്ട്. ജാതി സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ചുവന്ന 1871-1931 കാലഘട്ടത്തിലും പട്ടികജാതി-പട്ടികവര്‍ഗ വിവരങ്ങള്‍ ശേഖരിച്ചുവന്ന 1951-2001 കാലഘട്ടത്തിലും എണ്ണം കൂട്ടിപ്പറയുന്നതു സംബന്ധിച്ച് യാതൊരു പരാതിയും ഉന്നയിക്കപ്പെടുകയുണ്ടായില്ല.


2011 ഫെബ്രുവരിയില്‍ നടക്കുന്ന പൊതു സെന്‍സസിന്റെ ഭാഗമായിത്തന്നെ ജാതിവിവരം ശേഖരിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടുമില്ല. വിവരശേഖരണത്തിനു തയ്യാറാക്കിയ ഷെഡ്യൂളില്‍ പട്ടികജാതി-പട്ടികവര്‍ഗം സംബന്ധിച്ച കോളം ജാതി എന്നാക്കി മാറ്റിയാല്‍ മതി. അങ്ങനെ വന്നാല്‍ നേരത്തേ ശേഖരിച്ച മറ്റു സാമ്പത്തിക-സാമൂഹിക വിവരങ്ങളും ജാതിയും തമ്മിലുള്ള ബന്ധം എളുപ്പത്തില്‍ വിശകലനം ചെയ്യാന്‍ സാധ്യമാവും. അതിനാല്‍ത്തന്നെ ജാതി സംബന്ധമായ വിവരങ്ങള്‍ 2011ലെ പൊതു സെന്‍സസ് റിപോര്‍ട്ടിന്റെ ഭാഗമായി ലഭ്യമാക്കാനും സാധിക്കും. ജമ്മുകശ്മീര്‍, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ഒക്ടോബറില്‍ നിശ്ചയിച്ച മുന്‍കൂര്‍ സെന്‍സസ് അടുത്ത വര്‍ഷം ഫെബ്രുവരിയിലേക്കു മാറ്റിവച്ചാല്‍ രാജ്യമൊട്ടാകെ പുതിയ ഷെഡ്യൂളുകള്‍ തയ്യാറാക്കി ഒറ്റയടിക്കു വിവരശേഖരണപ്രക്രിയ നടപ്പാക്കാവുന്നതേയുള്ളൂ.
സെന്‍സസ് രണ്ടു ഘട്ടമായി നടപ്പാക്കുന്നതിന് എതിരായ വാദമുഖങ്ങള്‍ പ്രധാനവും ശക്തവുമാണ്. എന്നിട്ടും എന്തിനു കാബിനറ്റ് ഇത്തരമൊരു തീരുമാനത്തിലെത്തി എന്നത് അതിശയകരമാണ്. ജാതിവിവര ശേഖരണത്തിനു വേണ്ടി ജൂണില്‍ വീണ്ടുമൊരു സെന്‍സസ് എന്നത് ഭരണപരമായും സാമ്പത്തികമായും നിര്‍വഹണപരമായും ആലോചിച്ചാല്‍ ഒരിക്കലും അംഗീകരിക്കാവുന്നതല്ല. ജാതിസംവരണ സെന്‍സസില്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തണമെങ്കിലും സര്‍ക്കാര്‍ ഇപ്പോഴെടുത്ത തീരുമാനം മാറ്റി ഒന്നിച്ചുള്ള സെന്‍സസ് പ്രവര്‍ത്തനത്തിന് അനുമതി നല്‍കണം.

(ഒപ്പിട്ടവര്‍: ഡോ. എം വിജയനുണ്ണി- മുന്‍ സെന്‍സസ് കമ്മീഷണര്‍; പ്രഫ. സതീഷ് ദേശ്പാണ്ഡെ- ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സ്; പ്രഫ. യോഗേന്ദ്ര യാദവ്- സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപ്പിങ് സൊസൈറ്റീസ്; പ്രഫ. സുഖദേവ് തോരാത്ത്- ചെയര്‍മാന്‍, യു.ജി.സി; പ്രഫ. എസ് ജാഫെത്- നാഷനല്‍ ലോ സ്കൂള്‍, ബാംഗ്ളൂര്‍; ഡോ. ചന്ദന്‍ ഗൌഡ- നാഷനല്‍ ലോ സ്കൂള്‍; പ്രഫ. രവിവര്‍മ കുമാര്‍- സീനിയര്‍ അഡ്വക്കറ്റ്.)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ