2010, ഒക്‌ടോബർ 4, തിങ്കളാഴ്‌ച

കേരളത്തിലെ ബുദ്ധ-ജൈന വിഹാരങ്ങള്‍

കേരളത്തിലെ ബുദ്ധ-ജൈന വിഹാരങ്ങള്‍ തിരിച്ചുനല്‍കണം: സാമൂഹികപ്രവര്‍ത്തകര്‍

കരുമാടി കുട്ടന്‍, ബുദ്ധ പ്രതിമ 
കൊല്ലം: ബി.സി ആറാം നൂറ്റാണ്ടു മുതല്‍ ക്രി.വ 13ാം നൂറ്റാണ്ടു വരെ 1900 വര്‍ഷം നിലനിന്നതും ഹിന്ദുദൈവ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചു ക്ഷേത്രങ്ങളാക്കി പരിവര്‍ത്തനം ചെയ്തതുമായ ബുദ്ധ-ജൈന വിഹാരങ്ങള്‍ തിരിച്ചുനല്‍കണമെന്നു സാമൂഹികപ്രവര്‍ത്തകര്‍. വാസ്തവത്തിനു മേല്‍ വിശ്വാസത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടു പുറത്തുവന്ന ബാബരി മസ്ജിദ് കേസ് വിധിയുടെ പശ്ചാത്തലത്തില്‍ ഈ ആവശ്യത്തിനു ചരിത്രപരമായ പ്രസക്തിയുണ്ട്.

'പള്ളികള്‍' മലയാളികളുടെയെല്ലാം പൂര്‍വീകരുടെ ബുദ്ധവിഹാരങ്ങളായിരുന്നു. പള്ളിവാസല്‍, പള്ളിക്കല്‍, കരുനാഗപ്പള്ളി, വാടാനപ്പള്ളി എന്നിങ്ങനെയുള്ള സ്ഥലനാമങ്ങള്‍ ബുദ്ധവിഹാരങ്ങളുടെ സാന്നിധ്യത്തെയാണു കാണിക്കുന്നത്. ക്രൈസ്തവ- മുസ്ലിം ദേവാലയങ്ങള്‍ ഒരുപോലെ പള്ളിയായതും ഈ പാരമ്പര്യം കൊണ്ടാണ്. തിരുപ്പതി, കാശി, പഴനി തുടങ്ങിയ ക്ഷേത്രങ്ങള്‍ ഒരുകാലത്തു ബുദ്ധവിഹാരങ്ങളായിരുന്നു. പുരി ജഗന്നാഥക്ഷേത്രം ബുദ്ധവിഹാരമായിരുന്നെന്നു വിവേകാനന്ദന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.കേരളത്തില്‍ ശബരിമല, വടക്കുംനാഥക്ഷേത്രം, തൃപ്രയാര്‍, പത്മനാഭസ്വാമി ക്ഷേത്രം, ഗുരുവായൂര്‍, ഏറ്റുമാനൂര്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, വൈക്കം തുടങ്ങിയ ക്ഷേത്രങ്ങള്‍ ബുദ്ധമതകേന്ദ്രങ്ങളായിരുന്നുവെന്നതിനു ധാരാളം തെളിവുകള്‍ ലഭ്യമാണ്.

ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിന് അപേക്ഷ നല്‍കുമെന്നും വേണ്ടിവന്നാല്‍ കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. ദലിത്ബന്ധു എന്‍ കെ ജോസ്, ഡോ. എം എസ് ജയപ്രകാശ്, പ്രഫ. ടി ബി വിജയകുമാര്‍, ടി എം കൃഷ്ണന്‍ കുട്ടി വാടാനകുറിശ്ശി, അഡ്വ. പി ആര്‍ സുരേഷ്, ഡോ ഭിം ജയരാജ്, ഡോ. പി കെ സുകുമാരന്‍, അഡ്വ. എസ് പ്രഹ്ളാദന്‍, പ്ളാവില്‍ കെ ദേവരാജന്‍, പ്രഫ. രാജുതോമസ്, അഡ്വ. വിജയന്‍ ശേഖര്‍ എന്നിവരാണു പ്രസ്താവനയില്‍ ഒപ്പുവച്ചത്.

തുടര്‍ വായനക്ക്

കേരളത്തിലെ ബുദ്ധ മത ചരിത്രം,  ഡോക്ടര്‍ അജയ് ശേഖരിന്റെ ബ്ലോഗ്‌
ആഗ്ര ഗ്രാമി ബുദ്ധ പഠന കേന്ദ്രം വഴവര,  കട്ടപ്പന, ഇടുക്കി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ