![]() |
ചിത്രത്തിന് കടപ്പാട് : doolnews.com |
58കാരനായ സിനിക് കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് അസിസ്റ്റന്റ് എന്‍ജിനീയറായി റിട്ടയര്‍ ചെയ്തശേഷം അഞ്ചുമാസമായി നിലമ്പൂര്‍ പൂക്കോട്ടുംപാടം കവളമുക്കട്ടയില്‍ വാടകവീടെടുത്ത് ഏകാന്തമായ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. ശശിധരന്‍ കഴിഞ്ഞ 15 വര്‍ഷമായി പാണ്ടിക്കാട് എന്ന സ്ഥലത്തു മരപ്പണി ചെയ്തു ജീവിക്കുന്നയാളുമാണ്. ഇവര്‍ രണ്ടുപേരും സി.പി.ഐ (മാവോയിസ്റ്റ്) പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി രൂപേഷ് എന്നയാളുടെ നിര്‍ദേശപ്രകാരം ആദിവാസിമേഖലയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയായിരുന്നുവെന്നാണു പോലിസ് ഭാഷ്യം. നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരവും രാജ്യദ്രോഹക്കുറ്റം ചുമത്തിയുമാണ് ശശിധരനെയും സിനിക്കിനെയും ജയിലിലടച്ചിരിക്കുന്നത്. ഇവരുടെ കൈയില്‍ നിന്നു പിടിച്ചെടുത്ത തൊണ്ടിമുതലുകളില്‍ മാവോ സെതൂങ്ങിന്റെ സമാഹൃതകൃതികള്‍ ഉള്‍പ്പെടുന്നു. നമ്മുടെ വിവിധ കമ്മ്യൂണിസ്റ് പാര്‍ട്ടികളുടെ ഓഫിസ് ലൈബ്രറികളിലും വായനശാലകളിലും ആയിരക്കണക്കിനു വ്യക്തികളുടെ കൈയിലും മാവോ കൃതികളുടെ പ്രതികളുണ്ട്. അതു നിരോധിക്കപ്പെട്ട പുസ്തകമല്ല. സി.പി.എം നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരിക്കുന്ന, കോടിയേരി ബാലകൃഷ്ണന്‍ എന്ന സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ആഭ്യന്തരമന്ത്രിയായ കേരളത്തില്‍ മാവോയുടെ സമാഹൃതകൃതികള്‍ ദേശദ്രോഹക്കേസില്‍ തൊണ്ടിയാവുന്നതിന്റെ അപഹാസ്യത ഭീകരമാണ്. 1981ലെ നായനാര്‍ മന്ത്രിസഭയുടെ കാലത്തു കമ്മ്യൂണിസ്റ് സാര്‍വദേശീയഗാനം ആലപിച്ചതിന് കവി കെ സച്ചിദാനന്ദനെ അറസ്റ് ചെയ്ത കമ്മ്യൂണിസ്റ് പാരമ്പര്യമാണു കേരളത്തിലെ പാര്‍ട്ടിക്കുള്ളതെന്ന് ഈയവസരത്തില്‍ വിസ്മരിക്കാതിരിക്കാം.
ശശിധരന്റെയും സിനിക്കിന്റെയും കൈയില്‍ നിന്നു പിടിച്ചെടുത്ത മാസികകള്‍ ജനകീയപാത, പീപ്പിള്‍സ് മാര്‍ച്ച് എന്നിവയാണ്. രണ്ടും ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ രജിസ്ട്രാറുടെ മുമ്പാകെ രജിസ്റര്‍ ചെയ്യപ്പെട്ടവയും പരസ്യമായി വില്‍ക്കുന്നവയുമാണ്. ഏതെങ്കിലും തീവ്രവാദപ്രസ്ഥാനവുമായി അവയ്ക്കു ബന്ധമുള്ളതായി വ്യക്തമായ ആരോപണമുന്നയിക്കാന്‍ പോലും പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ല. മാവോയിസം സമം ഭീകരവാദം എന്ന സമവാക്യമാണ് പ്രോസിക്യൂഷന്റെയും കോടതിയുടെയും നിര്‍മിതി. അതിന്റെ അടിസ്ഥാനത്തിലാണവര്‍ക്കു ജാമ്യം നിഷേധിച്ചിരിക്കുന്നത്.
ഈയിടെ ടൈംസ് ഓഫ് ഇന്ത്യ ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഒറീസ, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയില്‍, 58 ശതമാനം ജനങ്ങള്‍ മാവോവാദികളെ ഇഷ്ടപ്പെടുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. മാവോവാദികളാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആഭ്യന്തരഭീഷണിയെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രസ്താവിച്ച പശ്ചാത്തലത്തിലാണു സര്‍വേ നടന്നത്. ജനങ്ങള്‍ ഇത്തരത്തില്‍ ചിന്തിക്കാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യത്തിലാണ് മാവോവാദം ഭീകരവാദമാണെന്ന സര്‍ക്കാര്‍വാദത്തിനു കോടതി സമ്മതി നല്‍കുന്നത്. സര്‍ക്കാര്‍ മാവോവാദികള്‍ക്കെതിരേ സ്വീകരിക്കുന്ന നടപടികള്‍ തെറ്റാണെന്നു ഭൂരിപക്ഷമാളുകളും അഭിപ്രായപ്പെട്ടതായാണു സര്‍വേ ഫലം.
നാലുമാസം മുമ്പ് നിലമ്പൂരില്‍ നടന്ന പാസഞ്ചര്‍ ട്രെയിന്‍ 'അട്ടിമറി'ശ്രമത്തെ സിനിക്, ശശിധരന്‍ എന്നിവരുമായി ബന്ധപ്പെടുത്താന്‍ പോലിസ് കൊണ്ടുപിടിച്ച ശ്രമം നടത്തിയിരുന്നു. ട്രെയിനിന്റെ ബ്രേക്ക് പൈപ്പ് മുറിച്ചനിലയില്‍ കണ്െടത്തിയ സംഭവമാണു മാവോവാദിപ്രവര്‍ത്തകരുടെ തലയില്‍ വയ്ക്കാന്‍ ശ്രമിച്ചത്. ബ്രേക്കിങ്ങിനുള്ള ഗ്യാസ് പൈപ്പ് മുറിച്ചാല്‍ ട്രെയിന്‍ ഓടിക്കാന്‍ തന്നെ കഴിയില്ല. ഓടാത്ത ട്രെയിനില്‍ 'അട്ടിമറി'ശ്രമം നടത്തി എന്ന ആരോപണം സാമാന്യബുദ്ധിക്കു നിരക്കാത്ത തമാശ മാത്രമാണ്. സിനിക്കിന്റെയും ശശിധരന്റെയും 'ഭീകരപ്രവര്‍ത്തനങ്ങള്‍' കണ്െടത്താനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമപ്രകാരം വിചാരണത്തടവ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോവാനും പോലിസ് ഏതളവു വരെ പോവാനും തയ്യാറാവുകയാണ്.
എന്താണു ഭീകരവാദമെന്നും എന്തുതരത്തിലുള്ള ഭീകരപ്രവര്‍ത്തനമാണ് ജാമ്യാപേക്ഷകര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും വിശകലനം ചെയ്യാന്‍ കോടതികള്‍ തയ്യാറാവേണ്ടിയിരിക്കുന്നു. പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ അടിസ്ഥാനപ്പെടുത്തി ജാമ്യം നിഷേധിക്കുന്ന പ്രവണത പൌരന്‍മാരുടെ അവകാശങ്ങള്‍ക്കു മേലും ഭരണഘടനാപരമായ അഭിപ്രായസ്വാതന്ത്യ്രങ്ങള്‍ക്കു മേലുമുള്ള നഗ്നമായ കൈയേറ്റമാണ്.
ഇസ്ലാമിക തീവ്രവാദം, ദലിത് തീവ്രവാദം, മതവൈരം വളര്‍ത്തല്‍, രാജ്യദ്രോഹം എന്നിങ്ങനെ ചില സംജ്ഞകളുപയോഗിച്ചു രാഷ്ട്രീയ പ്രതിയോഗികളെയും പൌരാവകാശപ്രവര്‍ത്തകരെയും നവ സാമൂഹികപ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും തടവറയിലടയ്ക്കുന്ന ഭരണകൂടനടപടികളെ പിന്തുണയ്ക്കുന്ന കോടതികള്‍, തങ്ങളുടെ ഭരണഘടനാപദവി വിനിയോഗിക്കാതിരിക്കുകയോ ദുര്‍വിനിയോഗം ചെയ്യുകയോ ആണ് ചെയ്യുന്നത്.
സിനിക്കും ശശിധരനും വ്യക്തമായ കുറ്റാരോപണം പോലുമില്ലാതെ മൂന്നുമാസമായി ജയിലില്‍ കഴിയേണ്ടിവന്നിട്ടും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളോ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയപ്രവര്‍ത്തകരോ അക്കാര്യം ചര്‍ച്ചചെയ്യാതിരിക്കുന്നത് അനീതികള്‍ക്കും അവകാശലംഘനങ്ങള്‍ക്കും സമ്മതി നല്‍കലാണ്. നമ്മളെല്ലാം മാവോവാദികളെന്നു വിളിക്കപ്പെടുന്ന കാലം വിദൂരമല്ലെന്ന അരുന്ധതി റോയിയുടെ പ്രസ്താവന സംഗതമാവുകയാണു ചെയ്യുന്നത്.
പുനര്‍ വായന : പുസ്തകം വായിച്ചാലും ഇപ്പോള്‍ ശിക്ഷയുണ്ട്! എന്‍ എം സിദ്ധീക്ക്, തേജസ് ദിന പത്രം, 16 ഒക്ടോബര്‍ 2010
തുടര്‍ വായനക്ക് Indian Vanguard blog
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ